തിരുവനന്തപുരം: വിഷുവും ചെറിയ പെരുന്നാളും അനുബന്ധിച്ച് ജനുവരി, ഫെബ്രുവരി മാസങ്ങളിലെ സാമൂഹ്യസുരക്ഷ പെൻഷൻ വിതരണം സുഗമമായി നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അർഹതയുള്ള 50,20,611 ഗുണഭോക്താക്കൾക്ക് ജനുവരിയിലെ സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനു 750,78,79,300 രൂപയും 50,35,946 ഗുണഭോക്താക്കൾക്ക് ഫെബ്രുവരി മാസത്തിലെ പെൻഷൻ വിതരണം ചെയ്യാൻ 753,13,99,300 രൂപയും ആണ് അനുവദിച്ചിട്ടുള്ളത്.
ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഇക്കാലയളവിനുള്ളിൽ വിവിധ ഇനം സാമൂഹ്യ സുരക്ഷാ പെൻഷനുകൾ നൽകുന്നതിനായി 16,730.67 കോടി രൂപ അനുവദിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്ന അഞ്ചിനം സാമൂഹ്യ സുരക്ഷാ പെൻഷൻ ഇനങ്ങളിലായി ആകെ 52,17,642 ഗുണഭോക്താക്കളാണുള്ളത്. ഇതിൽ ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യകാല പെൻഷൻ, ഇന്ദിരാഗാന്ധി ദേശീയ വിധവാ പെൻഷൻ, ഇന്ദിരാഗാന്ധി ദേശീയ വികലാംഗ പെൻഷൻ എന്നിവ ലഭിക്കുന്ന 47,55,920 ഗുണഭോക്താക്കളിൽ 6,88,329 പേർക്കു മാത്രമാണ് എൻ.എസ്.എപി വഴി കേന്ദ്ര സഹായം ലഭിക്കുന്നത്. ഇതിനായി പ്രതിവർഷം 232 കോടിയോളം തുക കേന്ദ്ര വിഹിതമായി ലഭിക്കേണ്ടതുണ്ട്.
ഇത്രയും പേരിൽ വാർദ്ധക്യ കാല പെൻഷൻ ലഭിക്കുന്ന 80 വയസ്സിനു മുകളിലുള്ളവർക്ക് 500 രൂപയും അതിൽ താഴെയുള്ളവർക്ക് 200 രൂപയുമാണ് കേന്ദ്ര വിഹിതം. വികലാംഗ പെൻഷനിൽ 80 ശതമാനത്തിനു മുകളിൽ വൈകല്യമുള്ള 18 വയസ്സിനും അതിനു മുകളിലുമുള്ളവർക്ക് 300 രൂപയും വിധവ പെൻഷനിൽ 40 വയസ്സു മുതൽ 80 വയസ്സു വരെയുള്ളവർക്ക് 300 രൂപയുമാണ് കേന്ദ്ര വിഹിതം.
അതിനാൽ ഇവർക്കെല്ലാം ഓരോ മാസവും ലഭിക്കുന്ന 1600 രൂപയിൽ ബാക്കി തുക ചെലവഴിക്കുന്നത് സംസ്ഥാന സർക്കാരാണ്. എല്ലാത്തരം ധനസഹായങ്ങളും തങ്ങളുടെ പി.എഫ്.എം.എസ്. സോഫ്റ്റ്വെയർ വഴി തന്നെയാകണമെന്ന നിബന്ധന കേന്ദ്ര സർക്കാർ കൊണ്ടുവന്നതിനെത്തുടർന്ന് 2021 ജനുവരി മുതൽ സംസ്ഥാന സർക്കാർ എൻ.എസ്.എ.പി. ഗുണഭോക്താക്താക്കൾക്ക് വിതരണം ചെയ്ത ധനസഹായത്തിൻ്റെ കേന്ദ്രവിഹിതമായ 463.96 കോടി രൂപ സംസ്ഥാന സർക്കാരിന് ഇതുവരെ ലഭിച്ചിട്ടില്ല.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ പോലും, കേന്ദ്ര വിഹിതം ലഭിക്കാതിരുന്നിട്ടും 2021 ജനുവരി മുതൽ എൻ.എസ്.എ.പി. ഗുണഭോക്താക്കൾ ഉൾപ്പെടെ പെൻഷൻ അർഹതയുള്ള എല്ലാ സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾക്കും മുഴുവൻ തുകയും സംസ്ഥാന സർക്കാർ നൽകി വരുന്നു. എൻ.എസ്.എ.പി. ഗുണഭോക്താക്കളുടെ കേന്ദ്ര വിഹിതം തുടർന്നും ലഭ്യമാക്കുന്നതിനായി സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണത്തിന് പഞ്ചായത്ത് വകുപ്പ് ഉപയോഗിക്കുന്ന സേവന സോഫ്റ്റ്വെയറിനെ പി.എഫ്.എം. എസ്-മായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികൾ പ്രസ്തുത വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ഇതിൻ്റെ ഭാഗമായാണ് എൻ.എസ്.എപി. ഗുണഭോക്താക്കൾക്കുള്ള സംസ്ഥാന വിഹിതവും കേന്ദ്ര വിഹിതവും പ്രത്യേകമായി ബാങ്ക് അക്കൗണ്ടിൽ ക്രഡിറ്റ് ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടുള്ളത്.
സാമൂഹ്യസുരക്ഷ സർക്കാരുകളുടെ ഉത്തരവാദിത്തമല്ലാതെ മാറിക്കൊണ്ടിരിക്കുന്ന ഈ നവ ഉദാരവൽക്കരണ കാലഘട്ടത്തിലും പരിമിതികൾ ഏറെയുണ്ടായിട്ടും അവയെല്ലാം തരണം ചെയ്ത് ജനക്ഷേമം ഉറപ്പിച്ചു മുന്നോട്ടു പോകാൻ എൽഡിഎഫ് സർക്കാരിനാകുന്നു എന്നത് അഭിമാനകരമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ജനങ്ങൾ സർക്കാരിലർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാൻ പ്രതിജ്ഞാബദ്ധമായ പ്രവർത്തനമാണ് ഈ സർക്കാർ നടത്തുന്നതെന്ന വസ്തുതയ്ക്ക് ഇക്കാര്യം അടിവരയിടുന്നു.
എന്നാൽ ചിലർ ഈ നേട്ടത്തെ ഇകഴ്ത്തിക്കാണിക്കാനും മറ്റു ചിലർ പങ്കു പറ്റാനുമുള്ള വ്യഗ്രതയിലാണ്. 2011-16-ലെ യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് സാമൂഹ്യ സുരക്ഷാ പെൻഷനുകൾക്കായി ചെലവഴിച്ചത് 9,311.22 കോടി രൂപയായിരുന്നു. അതിൻ്റെ മൂന്നു മടങ്ങിലും അധികമാണ് (30054.64 കോടി രൂപ) കഴിഞ്ഞ എൽഡിഎഫ് സർക്കാർ അതിനായി ചെലവഴിച്ച തുക.
അക്കാലത്ത് സാമൂഹ്യ സുരക്ഷ പെൻഷൻ ഗുണഭോക്താക്കളുടെ എണ്ണം 34,43,414 ആയിരുന്നെങ്കിൽ കഴിഞ്ഞ എൽഡിഎഫ് സർക്കാരിൻ്റെ കാലത്തത് 49,85,861 ആയി ഉയർന്നു. സിഎജി റിപ്പോർട്ടിനെ അടിസ്ഥാനമാക്കി അനർഹരായ ആളുകളെ ഒഴിവാക്കിക്കൊണ്ട് അർഹരായ കൂടുതൽ ആളുകളിലേയ്ക്ക് സഹായം എത്തിക്കാനാണ് എൽഡിഎഫ് സർക്കാർ ശ്രമിച്ചു വരുന്നത്. അതുകൊണ്ട് ഇന്ന് ആ സഹായം അർഹരായ അരക്കോടിയിൽ അധികം ആളുകളിലെത്തിക്കാൻ നമുക്ക് സാധിച്ചിരിക്കുന്നു.
കഴിഞ്ഞ യുഡിഎഫ് സർക്കാർ വരുമ്പോൾ പെൻഷൻ തുക പ്രതിമാസം 300 രൂപയായിരുന്നു. അവർ അത് ആദ്യ വർഷം 400 രൂപയും രണ്ടാം വർഷം 525 രൂപയും ആക്കി ഉയർത്തി. ദേശീയ നയത്തിൻറെ ഭാഗമായി 80 വയസ്സിനു മുകളിലുള്ളവർക്ക് വാർദ്ധക്യകാല പെൻഷൻ 400ൽ നിന്നും 900 രൂപയായും, വികലാംഗ പെൻഷൻ 700 രൂപയായും ഉയർത്തി. യുഡിഎഫ് സർക്കാർ കാലാവധി പൂർത്തിയാക്കുന്നതിനു തൊട്ടുമുൻപായി മാർച്ച് മാസത്തിൽ 75 വയസ്സിനു മുകളിലുള്ളവർക്ക് വാർദ്ധക്യകാല പെൻഷൻ 1500 രൂപയാക്കി ഉയർത്തുകയും ചെയ്തു.
ഈ ഉയർത്തപ്പെട്ട വാർദ്ധക്യകാല പെൻഷൻറേയും വികലാംഗ പെൻഷൻറേയും ഗുണഭോക്താക്കൾ മൊത്തം ഗുണഭോക്താക്കളുടെ 15 ശതമാനത്തിൽ താഴെ മാത്രമായിരുന്നു. 85 ശതമാനം പേർക്കും യു.ഡി.എഫ് കാലത്ത് ലഭിച്ച പെൻഷൻ തുക 525 രൂപയായിരുന്നു. ആ സർക്കാർ ആകെ കൊണ്ടുവന്ന വർദ്ധനവ് വെറും 225 രൂപ. പെൻഷൻ തുക നാമമാത്രമായേ വർദ്ധിപ്പിച്ചുള്ളൂ എന്നതു പോകട്ടെ, ആ തുക അർഹരായവർക്ക് വിതരണം ചെയ്യുന്നതിൽ ഗുരുതരമായ വീഴ്ച വരുത്തുകയും ചെയ്തു.
19 മാസത്തെ കുടിശ്ശികയായി പെൻഷൻ ഇനത്തിൽ യുഡിഎഫ് സർക്കാർ വരുത്തിവച്ച 1473.2 കോടി രൂപ ഗുണഭോക്താക്കൾക്ക് കൊടുത്തു തീർത്തത് തുടർന്നു വന്ന എൽഡിഎഫ് ഗവൺമെൻറാണ്. കഴിഞ്ഞ സർക്കാർ അധികാരമേറ്റതിനു ശേഷം എല്ലാ പെൻഷനുകളും 1000 രൂപയാക്കിയുയർത്തി. 2017 മുതൽ അത് 1100 രൂപയായും 2019ൽ അത് 1200 രൂപയായും 2020ൽ 1400 രൂപയായും വർദ്ധിപ്പിച്ചു. നിലവിൽ അത് 1600 രൂപയാണ്.
കേരളത്തിലെ സാമൂഹ്യസുരക്ഷാ പെൻഷനുകളുടെ ചരിത്രം പരിശോധിച്ചാൽ ഇടതുപക്ഷം നേതൃത്വം നൽകിയ സർക്കാരുകളുടെ കാലത്താണ് അവ ഏറ്റവും കാര്യക്ഷമമായി നടപ്പിലാക്കിയിട്ടുള്ളതെന്ന് കാണാം. 1980ൽ ഇ കെ നായനാർ മുഖ്യമന്ത്രിയായ ശേഷമാണ് കർഷകത്തൊഴിലാളി പെൻഷൻ ആരംഭിച്ചത്. അന്ന് 2.94 ലക്ഷം തൊഴിലാളികൾക്ക് 45 രൂപ വച്ച് ലഭിച്ച പ്രതിമാസ പെൻഷൻ പിന്നീട് പരിഷ്കരിച്ചത് 1987ൽ നായനാർ സർക്കാർ വീണ്ടും അധികാരത്തിൽ വന്നപ്പോഴായിരുന്നു.
പെൻഷനുകളൊക്കെ എല്ലാ സർക്കാരുകളും വർദ്ധിപ്പിക്കാറുണ്ടെന്ന് അവകാശപ്പെടുന്ന കോൺഗ്രസ് മുന്നണി 1981 മുതൽ 1987 വരെ അധികാരത്തിലിരുന്നിട്ടും കർഷകത്തൊഴിലാളി പെൻഷൻ വർദ്ധിപ്പിച്ചില്ല. അതിനു 6 വർഷത്തിനു ശേഷം വീണ്ടും ഇടതുപക്ഷ സർക്കാർ വരേണ്ടി വന്നു. 1995ൽ എൻഎസ്എപിയുടെ ഭാഗമായി വാർദ്ധക്യകാല പെൻഷൻ വരുമ്പോൾ അധികാരത്തിൽ ഇരുന്നത് യുഡിഎഫ് സർക്കാർ ആയിരുന്നു. പക്ഷേ, ആ പെൻഷൻ വയോധികർക്ക് ലഭിക്കാൻ 1996-ൽ എൽഡിഎഫ് അധികാരത്തിൽ വരേണ്ടിവന്നു.
ഇതൊക്കെയാണ് വസ്തുതകളെന്നിരിക്കേ, സാധാരണക്കാർക്ക് ഉപകാരപ്രദമായ ഒരു ക്ഷേമപദ്ധതിയെക്കുറിച്ചു പോലും അസത്യം പ്രചരിപ്പിച്ചു സർക്കാരിനെ അപകീർത്തിപ്പെടുത്താനാണ് കോൺഗ്രസും സഖ്യകക്ഷികളും ബിജെപിയും സംയുക്തമായി ശ്രമിക്കുന്നത്. എന്നാൽ അതിനു മുന്നിലൊന്നും പതറാതെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ച് അഭിമാനപൂർവ്വം ഈ ഗവണ്മെൻ്റ് മുന്നോട്ടു പോവുകയാണ്. അതുകൊണ്ടാണ് ആത്മവിശ്വാസത്തോടെ ‘ഇത് ഞങ്ങളുടെ സർക്കാർ’ എന്നു പ്രഖ്യാപിക്കാൻ ഈ നാട്ടിലെ സാധാരണക്കാർക്ക് സാധിക്കുന്നത്. അവരോടൊപ്പം ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരുണ്ടെന്ന ഉറപ്പാണ് നാളെയ്ക്കുള്ള യാത്രയിൽ ഈ നാടിൻ്റെ കൈമുതലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.