ഇംഫാൽ: മണിപ്പൂരിലെ ബിജെപി മൂന്ന് ക്രിസ്ത്യൻ പള്ളികൾ പൊളിച്ചു നീക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി നേതാക്കളും ക്രിസ്ത്യൻ മതവിശ്വാസികളെ പ്രീണിപ്പിക്കാൻ പള്ളികൾ കയറിയിറങ്ങിയതിന് പിന്നാലെയാണ് മൂന്ന് പള്ളികൾ തകർത്തത്. മണിപ്പൂരിലെ ആദിവാസി കോളനികളിലെ കാത്തലിക്ക് ഹോളി സ്പിരിറ്റ് പള്ളി, ഇവാഞ്ചലിക്കൽ ലൂഥറൻ ചർച്ച്, ഇവാഞ്ചലിക്കൽ ബാപ്റ്റിസ്റ്റ് കൺവെൻഷൻ ചർച്ച് എന്നിവയാണ് പൊളിച്ചത്.
സർക്കാർ ഭൂമിയിലെ അനധികൃത നിർമ്മാണങ്ങൾ ഒഴിപ്പിക്കാനായുള്ള നീക്കത്തിൻ്റെ ഭാഗമായാണ് നടപടിയെന്നാണ് അവകാശ വാദം. പള്ളിപൊളിക്കുന്നതിനെതിരെ ഉണ്ടായിരുന്ന സ്റ്റേ ഉത്തരവ് മണിപ്പൂർ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതേതുടർന്നാണ് സർക്കാർ മൂന്നും പൊളിച്ചുനീക്കിയത്.
മണിപ്പൂർ ജനസംഖ്യയുടെ 41 ശതമാനവും ക്രിസ്ത്യാനികളാണ്. സർക്കാർ നടപടിയെ ക്രൈസ്തവ സംഘടനകൾ അപലപിച്ചു. സർക്കാർ നടപടി ഞെട്ടിക്കുന്നതാണെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം ഓഫ് നോർത്ത് ഈസ്റ്റ് ഇന്ത്യ അഭിപ്രായപ്പെട്ടു. ബിഹാറിൽ ഈസ്റ്റർ ആഘോഷത്തിനെത്തിയ മതനേതാക്കളെ മതപരിവർത്തന ഭീഷണി ആരോപിച്ച് അക്രമിച്ചതിലും യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം ഓഫ് നോർത്ത് ഈസ്റ്റ് ഇന്ത്യ പ്രതിഷേധിച്ചു.