കൊച്ചി: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊന്ന കേസിൽ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സെഷൻസ് കോടതി വിധി ഹൈക്കോടതി ഭാഗികമായി റദ്ദാക്കി. സർക്കാർ അപ്പീൽ പരിഗണിച്ചാണ് നടപടി.
ശ്രീറാം വെങ്കിട്ടരാമനെതിരെ ഗുരുതര ആരോപണങ്ങളാണ് ഹൈക്കോടതി ഉന്നയിച്ചത്. കേസിൽ ശ്രീറാം തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതായി കോടതി ചൂണ്ടിക്കാട്ടി. മദ്യപിച്ച ശേഷമായിരുന്നു ശ്രീറാം വാഹനം ഓടിച്ചത്. പ്രഥദൃഷ്ട്യാ വാഹനം അമിത വേഗത്തിലായിരുന്നുവെന്നും കോടതി വിലയിരുത്തി. രണ്ടാം പ്രതിയായിരുന്ന വഫ ഫിറോസിനെ കേസിൽ നിന്ന് ഒഴിവാക്കി. വഫയുടെ അപ്പീൽ പരിഗണിച്ചാണ് നടപടി. ഇവർക്കെതിരെ പ്രേരണക്കുറ്റമായിരുന്നു ചുമത്തിയിരുന്നത്. ഇത് നിലനിൽക്കില്ലെന്നും വിചാരണഘട്ടത്തിലേക്ക് പോകേണ്ടതില്ലെന്നും ഹൈക്കോടതി വിധിച്ചു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിൻ്റെ ബെഞ്ചാണ് ഹർജിയിൽ വിധി പറഞ്ഞത്.
2019ലായിരുന്നു കേസിനാസ്പദമായ സംഭവം. ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാർ ഇടിച്ചാണ് മാധ്യമപ്രവർത്തകൻ ബഷീർ കൊല്ലപ്പെട്ടത്. അപകടത്തിന് ശേഷം ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട ശ്രീറാം തൻ്റെ സ്വാധീനം ഉപയോഗിച്ച് തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതായി കണ്ടെത്തിയിരുന്നു. കഴിഞ്ഞ വർഷം കേസ് പരിഗണിച്ച സെഷൻസ് കോടതി ശ്രീറാമിനെതിരെ ചുമത്തിയ നരഹത്യാക്കുറ്റം ഒഴിവാക്കി. ഇതാണ് ഹൈക്കോടതി തള്ളിയത് .