തിരുവനന്തപുരം: സാമ്പത്തിക അച്ചടക്കത്തിലും ധനസ്ഥിതിയിലെ തിരിച്ചുവരവിലും കേരളത്തിന് മുന്നേറ്റമെന്ന് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ. അമ്പത് വർഷത്തോളമായി തുടരുന്ന റവന്യു, ധന കമ്മി വളർച്ച നിരക്ക് പിടിച്ചുനിർത്താൻ കേരളത്തിനായെന്നും സി എ ജി വിലയിരുത്തി. സംസ്ഥാനങ്ങളുടെ ധനസ്ഥിതി താരതമ്യം ചെയ്യുന്ന സിഎജി റിപ്പോർട്ടിലാണ് കേരളത്തിന് ധനഅച്ചടക്കം കൊണ്ടുവരാനായെന്ന വിലയിരുത്തൽ.
സംസ്ഥാനത്തിൻ്റെ തനത് വരുമാന വളർച്ചാനിരക്ക് കുത്തനെ ഉയർന്നു. നികുതി വരുമാന വളർച്ചയിൽ സംസ്ഥാനങ്ങളിൽ കേരളം രണ്ടാമതാണ്. 42.2 ശതമാനം. ഒന്നാംസ്ഥാനത്തുള്ള മഹാരാഷ്ട്രയുടെ വളർച്ച നിരക്ക് 45.5 ശതമാനം. 30 ശതമാനമാണ് ദേശീയ ശരാശരി. മൊത്തം റവന്യു വരുമാന വളർച്ചയിലും കേരളം രണ്ടാമതാണ്. 35.5 ശതമാനം. 25 ശതമാനമാണ് ദേശീയ ശരാശരി. ആന്ധ്ര ഉൾപ്പെടെ സംസ്ഥാനങ്ങളുടെ വളർച്ച 12 ശതമാനത്തിന് താഴെയാണ്.
കേരളത്തിൻ്റെ റവന്യുച്ചെലവ് 5.6 ശതമാനം കുറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽ റവന്യൂ ചെലവ് ശരാശരി 14.5 ശതമാനം വർധിച്ചപ്പോഴാണിത്. കടമെടുപ്പ് വളർച്ചാ നിരക്ക് 53.4 ശതമാനം കുറച്ചു. ദേശീയതലത്തിൽ സംസ്ഥാനങ്ങളുടെ കടം ശരാശരി 20 ശതമാനം ഉയർന്നു.