ന്യൂഡൽഹി: എ കെ ആന്റണിയുടെ മകൻ അനിൽ കെ. ആന്റണി ബിജെപിയിൽ ചേർന്നു. ഡൽഹിയിൽ ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രി പീയുഷ് ഗോയലിൽനിന്ന് അനിൽ ആന്റണി അംഗത്വം സ്വീകരിച്ചു. കേന്ദ്രമന്ത്രി വി.മുരളീധരൻ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു അംഗത്വമെടുക്കൽ ചടങ്ങ്. കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറും എഐസിസി സോഷ്യൽ മീഡിയ കോ ഓർഡിനേറ്റുമായിരുന്നു അനിൽ ആന്റണി.
ബി ജെ പിയിൽ ചേരാൻ നേരത്തേ ഉറപ്പിച്ച അനിൽ ആന്റണി ബി ജെ പി രൂപീകരണത്തിൻ്റെ വാർഷിക ദിനമാണ് ഇതിനായി തെരഞ്ഞെടുത്തത്. രാജ്യസേവനത്തിനായാണ് ബിജെപിയിൽ ചേർന്നതെന്ന് അനിൽ ആന്റണി പറഞ്ഞു. കോൺഗ്രസ് ഒരു കുടുംബത്തിൻ്റെ സേവകരായി മാറിയിരിക്കുകയാണ്. മൂന്നു മാസം ആലോചിച്ചാണ് ഈ തീരുമാനം എടുത്തത്. മന:സാക്ഷിക്കനുസരിച്ചു പ്രവർത്തിക്കാനാണ് അപ്പനും അമ്മയും പഠിപ്പിച്ചത്. ഇന്നത്തെ സാഹചര്യത്തിൽ നരേന്ദ്ര മോദിയുടെ കൂടെ പ്രവർത്തിക്കുന്നതാണ് നല്ലതെന്ന് മനസ്സിലായി. പിതാവ് 52 വർഷം പാർലമെന്റിറി രാഷ്ട്രീയത്തിൽ പ്രവർത്തിച്ചു. അദ്ദേഹം വളരെ സന്തുഷ്ടനാണ്. താൻ കോൺഗ്രസിനെ വഞ്ചിച്ചിട്ടില്ല. എന്നാൽ കോൺഗ്രസ് നേതൃത്വം രാജ്യത്തെ വഞ്ചിക്കുകയാണ്. ഒരു കുടുംബത്തെ സേവിക്കലാണ് കോൺഗ്രസിൻ്റെ ധർമ്മമെന്നും അനിൽ ആന്റണി കുറ്റപ്പെടുത്തി. ബിജെപി സ്ഥാപകദിനം തന്നെ അനിൽ ആന്റണി പാർടിയിൽ ചേർന്നതിൽ സന്തോഷമുണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു.
ബിജെപിയിൽ ചേരാൻ അനിൽ ആന്റണി ഒരുക്കം തുടങ്ങിയിട്ട് ഏറെ നാളായി. ഗുജറാത്ത് കലാപത്തിൽ നരേന്ദ്ര മോദിയുടെ പങ്ക് വെളിപ്പെടുത്തിയ ബിബിസി ഡോക്യുമെന്ററിക്കെതിരെ പ്രതികരിച്ചാണ് തുടക്കം. പിന്നീട് കോൺഗ്രസിനെയും നേതൃത്വത്തെയും അധിക്ഷേപിച്ചു.