പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ ഒന്നാം പ്രതി പാക്കുളം താവളം മേച്ചേരിയിൽ ഹുസൈന് 7 വർഷം കഠിന തടവും പിഴയും മറ്റ് 12 പ്രതികൾക്ക് 7വർഷം തടവുംപിഴയും ശിക്ഷ വിധിച്ചു. 16-ാം പ്രതി വിരുത്തിയിൽ മുനീറിന് 500 രൂപ പിഴയൊടുക്കി കേസിൽ നിന്ന് മുക്തനാകാമെന്നും കോടതി ഉത്തരവിട്ടു. ഒന്നാം പ്രതി ഹുസെെൻ ഒരു ലക്ഷം രൂപ പിഴയൊടുക്കണം. കഴിഞ്ഞ ദിവസമാണ് കേസിൽ 14 പേർ കുറ്റക്കാരാണെന്ന് മണ്ണാർക്കാട് പട്ടികജാതി–വർഗ പ്രത്യേക കോടതി പ്രഖ്യാപിച്ചത്. രണ്ടുപേരെ വെറുതെ വിട്ടിരുന്നു. പ്രതികളെ തവന്നൂർ സെന്റർ ജയിലിലേക്ക് മാറ്റും.
ഒന്നാം പ്രതി പാക്കുളം താവളം മേച്ചേരിയിൽ ഹുസൈൻ (54), മറ്റു പ്രതികളായ കള്ളമല മുക്കാലി കിളയിൽ മരക്കാർ (37), പൊതുവച്ചോല ഷംസുദ്ദീൻ (37), മുക്കാലി തഴുശേരി രാധാകൃഷ്ണൻ (38), തെങ്കര പള്ളിപ്പടി പൊതുവച്ചോല അബൂബക്കർ (35), മുക്കാലി പള്ളക്കുരിക്കൽ സിദ്ദീഖ് (42), തൊട്ടിയിൽ ഉബൈദ് (29), വിരുത്തിയിൽ നജീബ് (37), മണ്ണമ്പറ്റ ജൈജു മോൻ (48), മുക്കാലി കൊട്ടിയൂർക്കുന്ന് പുത്തൻപുരയ്ക്കൽ സജീവ് (34), മുറിയക്കട സതീഷ് (43), ചെരിവിൽ ഹരീഷ് (38), ചെരുവിൽ ബിജു (41), വിരുത്തിയിൽ മുനീർ (32) എന്നിവരെയാണ് ശിക്ഷിച്ചത്. നാലാം പ്രതി കൽകണ്ടി കക്കുപ്പടിക്കുന്നത്ത് അനീഷ് (34), പതിനൊന്നാം പ്രതി മുക്കാലി ചോലയിൽ അബ്ദുൾ കരീം (52) എന്നിവരെയാണ് വെറുതേവിട്ടത്.
പ്രതികൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യ, എസ്സി–എസ്ടി അതിക്രമ നിയമം എന്നിവ തെളിയിക്കപ്പെട്ടതായി കോടതി വൃക്തമാക്കി. പതിനാറാം പ്രതി മുനീറിനെതിരെ 352-ാം വകുപ്പ് മാത്രമേ നിലനിൽക്കുകയുള്ളൂവെന്ന് കോടതി കണ്ടെത്തിയിരുന്നു. മധുവിനെ കയ്യേറ്റം ചെയ്തുവെന്നാണ് ഇയാൾക്കെതിരെയുള്ള കുറ്റം. എന്നാൽ ക്രൂരമായ മർദ്ദനമില്ലാത്തതിനാൽ മറ്റ് വകുപ്പുകൾ നിലനിൽക്കില്ലെന്നും കോടതി പറഞ്ഞു. കുറ്റക്കാരാണെന്ന് കണ്ടെത്തിയ 14 പ്രതികളിൽ മുനീറിനെ ഒഴികെ മറ്റെല്ലാവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. മുനീറിനോട് ബുധൻ രാവിലെ കോടതിയിൽ ഹാജരാകാൻ നിർദേശിച്ചു. പ്രോസിക്യൂഷനുവേണ്ടി രാജേഷ് എം മേനോനാണ് ഹാജരായത്. വിധി കേൾക്കാൻ മധുവിൻ്റെ അമ്മ മല്ലി, സഹോദരി സരസു എന്നിവർ കോടതിയിൽ എത്തിയിരുന്നു. 2018 ഫെബ്രുവരി 22നാണ് മധു കൊല്ലപ്പെട്ടത്.