കോട്ടയം: സത്യാഗ്രഹ ശതാബ്ദി ആഘോഷത്തിൻ്റെ ഭാഗമായി കോട്ടയം ഡിസിസി സംഘടപ്പിച്ച ആഘോഷവേദിയിൽ അവഗണിച്ച സംഭവത്തിൽ പ്രതികരണവുമായി മുരളീധരൻ എംപി. പാർട്ടിക്ക് സേവനം വേണ്ടെങ്കിൽ പ്രവർത്തനം നിർത്താമെന്ന് മുരളീധരൻ. പ്രസംഗിക്കാൻ മറ്റ് രണ്ട് മുൻ അധ്യക്ഷന്മാർക്കും അവസരം നൽകിയപ്പോൾ ഒരാളെ മാത്രം ഒഴിവാക്കിയതിൻ്റെ കാരണം അറിയില്ലെന്നും, സമയപരിമിതി എനിക്കുമാത്രം ബാധകമാകുന്നത് എങ്ങനെയെന്നും അദ്ദേഹം ചോദിച്ചു. അവഗണന തുടർന്നാൽ ഇനി പ്രവർത്തിക്കാനില്ലെന്നും മുരളീധരൻ വ്യക്തമാക്കി.
ശതാബ്ദിസംബന്ധിച്ച് വീക്ഷണത്തിൻ്റെ സപ്ലിമെന്റിലും പേരുകൊടുത്തില്ല. ഇക്കാര്യങ്ങളെല്ലാം എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനോടും കെപിസിസി പ്രസിഡന്റ് കെ സുധാകരനോടും പറഞ്ഞിട്ടുണ്ടെന്നും മുരളീധരൻ പറഞ്ഞു. അവഗണനയ്ക്കെതിരെ ശശി തരൂർ എം പിയും രംഗത്തെത്തി. തനിക്ക് പ്രസംഗിക്കാൻ അവസരം ലഭിക്കാത്തതിൽ പരിഭവമില്ലെന്നും എന്നാൽ കെ മുരളീധരനോട് കാണിച്ചത് നീതികേടാണെന്ന് അദ്ദേഹം പറഞ്ഞു. മാനദണ്ഡങ്ങൾ പാലിക്കണമെന്നും കെ മുരളീധരൻ സീനിയർ നേതാവാണെന്നും മുതിർന്ന നേതാവിനെ അപമാനിക്കുന്നത് ശരിയല്ലെന്നും ശശി തരൂർ തുറന്നടിച്ചു.