തിരുവനന്തപുരം: കേന്ദ്ര സർക്കാരിൻ്റെ കേരള വിരുദ്ധ നയം മൂലം 40,000 കോടി രൂപ നഷ്ടപ്പെട്ടിട്ടും പ്രതിസന്ധികൾ അതിജീവിച്ച് കേരളം മുന്നോട്ട്. ട്രഷറി പൂട്ടുമെന്ന് പ്രവചിച്ച മാധ്യമങ്ങളും പ്രതിപക്ഷവും കടുത്ത നിരാശയിലായി. സംസ്ഥാനത്തെ ട്രഷറികൾ സുഗമമായി പ്രവർത്തിച്ചു.
പ്രതിസന്ധികൾക്കിടയിലും സാമ്പത്തിക വർഷാന്ത്യത്തിൽ വരവിലും ചെലവിലും റെക്കോഡ് കൈവരിക്കാൻ സർക്കാരിന് കഴിഞ്ഞു. വർഷാന്ത്യ സർക്കാർ ചെലവ് 20,000 കോടി രൂപയിൽ അധികമായി. പദ്ധതിച്ചെലവ് 90 ശതമാനത്തിലെത്തി. ബജറ്റിൽ പ്രഖ്യാപിച്ച പ്രതീക്ഷിത വരുമാനത്തിൽ കേന്ദ്ര നിലപാടുമൂലം ഭീമമായ കുറവ് വന്നിട്ടും കേരളം മുന്നേറുക തന്നെ ചെയ്തു. തനത് നികുതി വരുമാനത്തിൽ മാത്രം 11,848 കോടി രൂപയുടെ വർധനവാണുണ്ടായത്. മുൻവർഷം 58,341 കോടിയായിരുന്നത് 70,189 കോടിയിലെത്തി. രണ്ടുവർഷത്തെ വർധന 23,528 കോടിയാണ്. നികുതിയേതര വരുമാനത്തിൽ ഇരട്ടിവർധന കൈവരിച്ചു. മുൻ വർഷം 10,463 കോടിയായിരുന്നു. അത് ഇത്തവണ15,355 കോടിയായി.
പൊതു ചെലവുകളിൽ കുറവ് വരുത്തിയില്ല എന്നതാണ് ശ്രദ്ധേയം. ശമ്പളം, പെൻഷൻ വായ്പാ തിരിച്ചടവ് ഉൾപ്പെടെ പതിനായിരം കോടിയുടെ നിർബന്ധിത ചെലവ് ഉറപ്പാക്കി. വാർഷിക പദ്ധതി ബില്ലിന് പതിനായിരം കോടി രൂപ മാർച്ചിൽ മാത്രം നൽകിയിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിച്ചെലവ് 96.37 ശതമാനത്തിലെത്തിക്കഴിഞ്ഞു. സർക്കാർ വാർഷിക പദ്ധതിച്ചെലവ് 83 ശമാനം കടന്നു.
തിരുവനന്തപുരം റസ്റ്റ് ഹൗസുകളുടെ വരുമാനത്തിൽ വൻ വർധനവുണ്ടായി. നാലു മാസംകൊണ്ട് രണ്ടേകാൽ കോടി രൂപയാണ് വരുമാനം. പൊതു ജനങ്ങൾക്കായി ഓൺലൈൻ റൂം ബുക്കിങ്ങ് ആരംഭിച്ച് ഒരു വർഷംകൊണ്ട് നാലുകോടി രൂപ ലഭിച്ചു. ഒന്നരവർഷത്തിനിടെ ആകെ വരുമാനം ആറേകാൽ കോടി രൂപയായി. 2021 നവംബർ ഒന്നിനാണ് സംസ്ഥാനത്തെ പൊതുമരാമത്ത് റസ്റ്റ് ഹൗസുകൾ പീപ്പിൾസ് റസ്റ്റ് ഹൗസ് എന്ന പേരിൽ ജനങ്ങൾക്കായി തുറന്നുകൊടുത്തത്. രജിസ്ട്രേഷൻവകുപ്പിന് 5500 കോടി രൂപയാണ് വരുമാനം. മാർച്ചിൽ 808.22 കോടിയാണ് ലഭിച്ചത്. 1,24,110 ആധാരം രജിസ്റ്റർ ചെയ്തു. സാമ്പത്തികവർഷം 4524.24 കോടിയായിരുന്നു ബജറ്റ് ലക്ഷ്യം. ഫെബ്രുവരിയിൽ ഇത് പിന്നിട്ട് 4711.75 കോടിയിലെത്തി. കഴിഞ്ഞവർഷം 4432 കോടിയായിരുന്നു ആകെ വരുമാനം.