തിരുവനന്തപുരം: വ്യവസായ മേഖലയിലെ മുന്നേറ്റത്തിന് കൂടുതൽ ഊർജം പകരുന്ന വ്യവസായ വാണിജ്യ നയം മന്ത്രിസഭ അംഗീകരിച്ചു. പരമാവധി നിക്ഷേപം ആകർഷിച്ച് കൂടുതൽ വ്യവസായങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിക്കാൻ വ്യവസായ നയം ലക്ഷ്യം വെക്കുന്നു. സംരംഭങ്ങൾക്ക് ഇളവുകൾ നൽകി വരും വർഷം നിക്ഷേപ വർഷമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.
അമ്പതു ശതമാനത്തിലധികം പ്രാദേശിക തൊഴിലാളികൾക്ക് സ്ഥിരജോലി നൽകുന്ന വൻകിട സംരംഭങ്ങളിൽ തൊഴിലാളികളുടെ മാസശമ്പളത്തിൻ്റെ 25 ശതമാനം സർക്കാർ നൽകും. 5000 രൂപ വരെയാണ് സർക്കാർ നൽകുക. നിർമിതബുദ്ധി ഉപയോഗിച്ചുള്ള നിർമാണപ്രവർത്തനങ്ങൾ, ഡാറ്റ മൈനിങ് ആൻഡ് അനാലിസിസ് സംരംഭങ്ങൾക്ക് ചെലവാകുന്ന തുകയുടെ 20 ശതമാനം സർക്കാർ തിരികെ നൽകും. 25 ലക്ഷം രൂപ വരെ ഇതനുസരിച്ച് സംരംഭകർക്ക് ലഭിക്കും. എംഎസ്എംഇകൾക്ക് അഞ്ചുവർഷത്തേക്ക് വൈദ്യുതി നികുതി ഇളവ്, സ്ത്രീ– എസ്സി–എസ്ടി സംരംഭകർക്ക് സ്റ്റാമ്പ് ഡ്യൂട്ടിയിലും രജിസ്ട്രേഷൻ ചാർജിലും ഇളവ്, എംഎസ്എംഇ ഇതരസംരംഭങ്ങൾക്ക് സ്ഥിരമൂലധനത്തിൻ്റെ 100 ശതമാനം സംസ്ഥാന ജിഎസ്ടി വിഹിതം അഞ്ചുവർഷത്തേക്ക് തിരികെ നൽകൽ തുടങ്ങിയ പ്രഖ്യാപനങ്ങളുമുണ്ട്. 22 മുൻഗണനാ മേഖലകൾ നിശ്ചയിച്ചാണ് നയം തയ്യാറാക്കിയത്.
മെഡിക്കൽ അനുബന്ധ വ്യവസായങ്ങൾ ശക്തിപ്പെടുത്താൻ മെഡിക്കൽ ഡിവൈസ് പാർക്കിൽ രൂപകൽപ്പനയ്ക്കും നിർമാണത്തിനും സൗകര്യമൊരുക്കും. ഇലക്ട്രോണിക് മാനുഫാക്ചറിങ് ക്ലസ്റ്ററും ഹാർഡ്വെയർ പാർക്കും സ്ഥാപിക്കും. അഡ്വാൻസ്ഡ് ബാറ്ററി നിർമാണ ഇവി പാർക്കും ഈ മേഖലയിലെ ഗവേഷണങ്ങൾക്ക് പ്രത്യേക ഗ്രാന്റും അനുവദിക്കും.