കൊച്ചി: കെ ബാബു എംഎൽഎയുടെ തെരഞ്ഞെടുപ്പ് ചോദ്യംചെയ്‌ത് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ് സമർപ്പിച്ച തെരഞ്ഞെടുപ്പ് ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി. കേസ് നിലനിൽക്കില്ലെന്ന കെ ബാബുവിൻ്റെ ഹർജി കോടതി തള്ളി. ശബരിമല അയ്യപ്പൻ്റെ പേരിൽ വോട്ടുപിടിച്ചത് ജനപ്രാതിനിധ്യ നിയമപ്രകാരം തെരഞ്ഞെടുപ്പ് അഴിമതിയാണെന്നു ചുണ്ടിക്കാട്ടിയാണ് സ്വരാജ് ഹൈക്കോടതിയെ സമീപിച്ചത്.
‘അയ്യപ്പന് ഒരു വോട്ട്’ എന്ന് അച്ചടിച്ച സ്ലിപ്പിൽ അയ്യപ്പൻ്റെ വിഗ്രഹചിത്രവും ബാബുവിൻ്റെ ചിത്രവും ചിഹ്നവും ഉൾപ്പെടുത്തി തൃപ്പുണിത്തുറ മണ്ഡലത്തിൽ വിതരണം ചെയ്‌തിരുന്നു. തെരഞ്ഞെടുപ്പ് അയ്യപ്പനും സ്വരാജും തമ്മിലാണെന്നും സ്വരാജ് ജയിച്ചാൽ അയ്യപ്പൻ്റെ പരാജയമാകുമെന്നും ബാബു മണ്ഡലത്തിലാകെ പ്രചരിപ്പിച്ചു. അയ്യനെ കെട്ടുകെട്ടിക്കുവാൻ വന്നവനെ അയ്യൻ്റെ നാട്ടിൽനിന്നും കെട്ടുകെട്ടിക്കണമെന്ന് ചുവരെഴുത്ത് നടത്തി വോട്ടുപിടിച്ചു. വെറും 992 വോട്ടിൻ്റെ ഭൂരിപക്ഷമാണ് ബാബുവിനുള്ളത്. ബാബു വിജയിച്ചത് തെരഞ്ഞെടുപ്പ് അഴിമതി നടത്തിയാണെന്നും തെരഞ്ഞെടുപ്പ് അസാധുവാക്കി, തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാണ് സ്വരാജിൻ്റെ ആവശ്യം.