കണ്ണൂർ: കോൺഗ്രസും മാധ്യമങ്ങളും പത്തു വർഷം കൊണ്ടാടിയ ഉമ്മൻ ചാണ്ടി വധശ്രമക്കേസിന് കല്ലെറിയൽ കേസ് മാത്രമായി ദയനീയ അന്ത്യം. മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടിയെ കൊല്ലാൻ ശ്രമിച്ചു എന്നായിരുന്നു കേസ്. അന്ന് എം എൽ എ മാരായിരുന്ന സി കൃഷ്ണനും. കെ കെ നാരായണനും ഒന്നും രണ്ടും പ്രതികൾ. ആകെ 114 പ്രതികൾ. പോരാത്തതിന് കണ്ടാലറിയുന്ന 900 പ്രതികളും. പത്തു വർഷം കഴിഞ്ഞ് കോടതി വിധി വന്നപ്പോൾ കല്ലെറിയലും പൊതുമുതൽ നശീകരണവും മാത്രം. മൂന്ന് പ്രതികൾക്ക് മാത്രം ശിക്ഷ. 80,88, 99 പ്രതികൾക്ക് തടവുശിക്ഷയും പതിനായിരം രൂപ വീതം പിഴയും. ഒരാൾക്ക് തടവ് അഞ്ചു വർഷം. രണ്ടു പേർക്ക് രണ്ടു വർഷം വീതം തടവ്. പ്രതിപ്പട്ടികയിലെ നാലു പേർ മരിച്ചു. മറ്റെല്ലാവരെയും കോടതി കുറ്റക്കാരല്ലെന്നു കണ്ട് വെറുതെ വിട്ടു. യുഡിഎഫ് സർക്കാരും കോൺഗ്രസ് നേതൃത്വവും മാധ്യമങ്ങളും ചേർന്ന് കെട്ടിപ്പൊക്കിയ വധശ്രമ നുണക്കോട്ട ഒടുക്കം പൊളിഞ്ഞടിഞ്ഞു.
ഒരു പതിറ്റാണ്ട് പിന്നിട്ട ശേഷം വ്യാജ വാർത്താ നിർമ്മിതിയുടേയും നുണ പ്രചാരണങ്ങളുടേയും സത്യാവസ്ഥയാണ് ഈ കോടതി വിധിയിലൂടെ പുറത്ത് വന്നത്. കോടതി വിധിയുടെ വാർത്ത നൽകുമ്പോഴും മാതൃഭൂമിയും മനോരമയും അടക്കമുള്ള പത്രങ്ങളും വലതുപക്ഷ ചാനലുകളും സത്യം തുറന്നു പറയാതെ സിപിഎമ്മിനു മേൽ കെട്ടിവെയ്‌ക്കാൻ തല കുത്തി മറിയുന്ന കാഴ്ചയാണ് കണ്ടത്.
2013 ഒക്‌ടോബർ 27 നാണ് ഈ വ്യാജ വധ ശ്രമക്കേസിന്റെ സൃഷ്ടി. കണ്ണൂരിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എത്തുന്നു. സോളാർ തട്ടിപ്പ് കേസ് കൊടുമ്പിരി കൊണ്ട് നിൽക്കുന്ന കാലം. ഇതിനെതിരെ എൽഡിഎഫ് സംസ്ഥാന വ്യാപകമായി സമരം പ്രഖ്യാപിച്ചിരുന്നു. കണ്ണൂരിൽ എത്തുന്ന ഉമ്മൻചാണ്ടിക്കെതിരെ പ്രതിഷേധമുയർത്താൻ എൽഡിഎഫ് തീരുമാനിച്ചു. നൂറുകണക്കിനാളുകൾ പങ്കെടുത്ത പ്രതിഷേധം. വൻ പോലീസ് സന്നാഹം സമരത്തെ നേരിടാനും. ലാത്തിച്ചാർജും ടിയർഗ്യാസും പ്രയോഗിച്ച് പ്രതിഷേധത്തെ അടിച്ചമർത്താൻ നോക്കി. അതിനിടയിൽ പോലീസും ജനങ്ങളും തമ്മിൽ പരസ്‌പരം കല്ലേറുണ്ടായി.
അതിനിടയിലാണ് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ അരങ്ങേറിയത്. ‘‘ഉമ്മൻചാണ്ടിയെ വധിക്കാൻ ശ്രമം. വധിക്കാൻ ലക്ഷ്യമിട്ട് കാറിന് കല്ലെറിഞ്ഞു. ആ കല്ല് ജനൽച്ചില്ലുകൾ തുളച്ച് അകത്ത് കടന്ന് ഉമ്മൻചാണ്ടിയെ അക്രമിച്ച ശേഷം മറുവശത്തെ ചില്ലും തകർന്നു. ഉമ്മൻചാണ്ടിക്ക് സാരമായി പരിക്കേറ്റു’’–- ടി സിദ്ധിക്ക് ഉൾപ്പെടെയുള്ള കോൺഗ്രസുകാർ തയ്യാറാക്കിയ ഈ തിരക്കഥ മാധ്യമങ്ങൾ ഏറ്റുപാടി. സോളാർ സമരം പൊളിക്കാനുള്ള ഗൂഢാലോചനയായിരുന്നു അത്.
തുടർന്ന് എൽഡിഎഫ് നേതാക്കൾ ഉൾപ്പെടെ 114 പേരേയും കണ്ടാലറിയാവുന്ന 900 പേരെയും പ്രതിചേർത്ത് കേസുണ്ടാക്കി. അതിലും വിചിത്ര വകുപ്പുകൾ ചേർത്തു. ഐപിസി 307, വധിക്കാൻ ക്രിമിനൽ ഗൂഢാലോചന–- 120 ബി, തുടങ്ങി പറ്റാവുന്ന വകുപ്പുകളെല്ലാം ചേർത്തു. പിഎസ്‌സി പരീക്ഷ എഴുതാൻ പരീക്ഷാഹാളിൽ കയറിയ യുവാവിനെ ഉൾപ്പെടെ അറസ്‌റ്റ് ചെയ്‌ത് ജയിലിലടച്ചു. .
ഉമ്മൻചാണ്ടിയുടെ പോലീസ് ഫ്രെയിം ചെയ്‌ത കള്ളക്കേസ്. പത്ത് വർഷത്തിന് ശേഷം കണ്ണൂർ അസി. സെഷൻസ് ജഡ്‌ജി വിധി പ്രസ്‌താവിച്ചിരിക്കുന്നു. വധശ്രമമോ, വധ ഗൂഢാലോചനയോ കണ്ടെത്താനായില്ല. ആകെ കണ്ടെത്തിയ കുറ്റം, മാരകായുധങ്ങൾ ഉപയോഗിച്ചുള്ള അക്രമം, പൊതുമുതൽ നശിപ്പിക്കൽ. ഇവിടെ മാരകായുധം എന്നത് കല്ലാണ്. കല്ല് കൊണ്ടുളള അക്രമമെന്നല്ലാതെ അതുപയോഗിച്ച് വധിക്കാൻ ശ്രമിച്ചുവെന്നല്ല, മറിച്ച് വെറുമൊരു കല്ലേറ്. ആ കല്ലേറിൽ കാറിൻ്റെ ചില്ല് തകർന്നതിനാണ് പൊതുമുതൽ നശിപ്പിക്കൽ. ഇതിൽക്കവിഞ്ഞ് ഒന്നും കണ്ടെത്തിയില്ല. ശിക്ഷിക്കപ്പെട്ടതാകട്ടെ വെറും മൂന്ന് പേർ. എന്നിട്ടും മാധ്യമങ്ങളുടെ തലക്കെട്ട് ഉമ്മൻചാണ്ടിക്ക് നേരെ വധശ്രമം മൂന്ന് സിപിഐ എം പ്രവർത്തകർക്ക് തടവ് ശിക്ഷയെന്ന്. ഇതാണ് വലതു മാധ്യമങ്ങളുടെ തന്ത്രം. അവർ കെട്ടിപ്പൊക്കി 10 കൊല്ലം ആഘോഷിച്ച നുണ പൊളിഞ്ഞിട്ടും നാണം കെട്ട മലക്കം മറിച്ചിൽ.