തിരുവനന്തപുരം: സ്ത്രീ ശാക്തീകരണത്തിലും സ്ത്രീ സാക്ഷരത, അമ്മമാരുടെ ആരോഗ്യം, കുറഞ്ഞ ശിശു മരണനിരക്ക് എന്നിവയിൽ കേരളത്തിന് രാജ്യത്ത് മികച്ച സ്ഥാനമാണുള്ളതെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. രാജ്യത്ത് ഏറ്റവും മികച്ച സ്ത്രീ – പുരുഷ അനുപാതം കേരളത്തിലാണെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. സ്ത്രീകൾ ഉൾപ്പെടെ ഏറ്റവും ഉയന്ന സാക്ഷരതാ നിരക്കുള്ള സംസ്ഥാനവും കേരളമാണ്. അമ്മമാരുടെ ആരോഗ്യ സംരക്ഷണത്തിലും ശിശു മരണനിരക്ക് തടയുന്നതിലും കേരളം രാജ്യത്ത് ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നും രാഷ്ട്രപതി പറഞ്ഞു. സംസ്ഥാന സർക്കാരിൻ്റെ പൗരസ്വീകരണം ഏറ്റുവാങ്ങിയും കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചും സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. പ്രസംഗത്തിലുടനീളം രാഷ്ട്രപതി കേരളത്തിന് പ്രശംസ വാരിച്ചൊരിഞ്ഞു.
നിരവധി മാനവിക സൂചികകളിൽ കേരളത്തിൻ്റെ മികച്ച പ്രകടനം പ്രതിഫലിക്കുന്നുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. സംസ്ഥാനത്തെ സ്ത്രീകൾ കൂടുതൽ വിദ്യാസമ്പന്നരും ശാക്തീകരിക്കപ്പെട്ടവരുമാണ്. ഇവിടെ സ്ത്രീകൾ കൂടുതൽ വിദ്യാസമ്പന്നരും ശാക്തീകരിക്കപ്പെട്ടവരുമാണ്. സ്ത്രീശാക്തീകരണത്തിൻ്റെ ഈ മഹത്തായ പാരമ്പര്യത്തിന് അനുസൃതമായി ലോകത്തിലെ ഏറ്റവും വലിയ വനിത സ്വയംസഹായ ശൃംഖലകളിലൊന്നായി കുടുംബശ്രീ മാറി. രാജ്യത്ത് വിവിധ മേഖലകളിൽ ആദ്യനേട്ടം കൈവരിച്ചത് കേരളത്തിലെ സ്ത്രീകളാണ്. നാഞ്ചിയമ്മയ്ക്ക് ദേശീയ അവാർഡ് നൽകാൻ തനിക്ക് ഭാഗ്യമുണ്ടായി. ‘നാരീശക്തി’ പ്രദർശിപ്പിച്ച ഈവർഷത്തെ കേരളത്തിൻ്റെ റിപ്പബ്ലിക്ദിന പരേഡ് ടാബ്ലോ ഏറെ ആകർഷിച്ചു. സ്ത്രീ ശാക്തീകരണത്തിൻ്റെ തിളക്കമാർന്ന മാതൃകകൾ വിവിധ കാലഘട്ടങ്ങളിലായി കേരളത്തിൽ കാണാനായി. ഉണ്ണിയാർച്ച, നങ്ങേലി, ഭരണഘടനാ നിർമ്മാണ സഭയിലെ അംഗങ്ങളായിരുന്ന അമ്മു സ്വാമിനാഥൻ, ദാക്ഷായണി വേലായുധൻ, ആനി മസ്ക്രീൻ, ഹൈക്കോടതിയിലെ ആദ്യവനിതാ ജസ്റ്റീസ് അന്ന ചാണ്ടി, സുപ്രീംകോടതിയിലെ ആദ്യവനിതാ ജസ്റ്റീസ് എം ഫാത്തിമാ ബീവി, 96-ാം വയസിലെ ഒന്നാംറാങ്കുകാരി കാർത്ത്യായനിഅമ്മ തുടങ്ങിയവർ ഇവയിലെ ഉദാത്ത മാതൃകകളാണ്.
ഭവന നിർമ്മാണം, ആരോഗ്യം, വിദ്യാഭ്യാസം, ഉപജീവനമാർഗം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിലൂടെ സംസ്ഥാനത്ത് പട്ടിക വിഭാഗങ്ങളുടെ ക്ഷേമത്തിന് ഉയർന്ന മുൻഗണന നൽകുന്നതിൽ തനിക്ക് അതിയായ സന്തോഷമുണ്ട്. യുനെസ്കോയുടെ ആഗോള പഠനശ്യംഖലയിലെ മൂന്ന് ഇന്ത്യൻ നഗരങ്ങളിൽ രണ്ടെണ്ണം നിലമ്പൂരും തൃശൂരുമാണ്. സമഗ്രവും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസത്തോട് കേരളത്തിനുള്ള വ്യക്തമായ പ്രതിബദ്ധതയ്ക്ക് അനുസൃതമാണിത്. ശാസ്ത്ര ഗവേഷണത്തിനും വികസനത്തിനുമായി അത്യാധുനിക സൗകര്യങ്ങളുള്ള നാടാണ് കേരളമെന്നതിൽ അഭിമാനിക്കാമെന്നും രാഷ്ട്രപതി പറഞ്ഞു.