ആറ്റിങ്ങൽ: സിപിഎമ്മിൻ്റെ ജനകീയപ്രതിരോധ ജാഥയിലെ വൻ ജന പങ്കാളിത്തവും രണ്ടാം പിണറായി സർക്കാരിൻ്റെ മികച്ച പ്രവർത്തനവും കോൺഗ്രസിനെയും യുഡിഎഫിനെയും അങ്കലാപ്പിക്കിയെന്നാണ് അവരുടെ സമനിലവിട്ട പെരുമാറ്റം വ്യക്തമാക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിപക്ഷത്തിരിക്കേണ്ടിവരുമെന്ന തിരിച്ചറിവാണ് അവരുടെ ഭ്രാന്തമായ പെരുമാറ്റത്തിന് കാരണം.
നിയമസഭ തടസ്സപ്പെടുത്തുടുത്തുകയും സ്പീക്കറെ ഉൾപ്പെടെ ഉപരോധിക്കുകയും ചെയ്യുന്ന പ്രതിപക്ഷം ഇപ്പോൾ സർക്കാർ സേവനങ്ങൾ തടസ്സപ്പെടുത്തുകയും പോലീസിനെ ആക്രമിക്കാൻ ആഹ്വാനം ചെയ്യുകയുമാണ്. നേതൃത്വത്തിനെതിരെ ശക്തമായ വികാരം കോൺഗ്രസിലും യുഡിഎഫിലും ഉയർന്നിരിക്കെ, സർക്കാരിനെതിരെ ശക്തമായി നീങ്ങുകയാണെന്ന പ്രതീതി സൃഷ്ടിക്കാനാണ് കലാപത്തിന് പരസ്യമായി ആഹ്വാനം ചെയ്യുന്നത്. രാഷ്ട്രീയമായി സിപിഎമ്മിനെയും എൽഡിഎഫിനെയും നേരിടാൻ അവർക്ക് കഴിയുന്നില്ല. അതിൻ്റെ സാക്ഷ്യപത്രം കുടിയാണ് ഈ കലാപ നീക്കം. അപഹാസ്യമായ ഈ നീക്കത്തെ ജനങ്ങൾ തിരിച്ചറിയുകയും അവവജ്ഞതയോടെ തള്ളിക്കളയുകയും ചെയ്യും.
സമനിലവിട്ട രീതിയിലാണ് കെപിസിസി പ്രസിഡന്റ് പെരുമാറുന്നത്. പിണറായി വിജയനെതിരെ സുധാകരൻ നടത്തിയ വ്യക്തി അധിക്ഷേപങ്ങൾ അതിനുള്ള തെളിവാണ്. കേരളീയ സമുഹം ഏറെ ബഹുമാനിക്കുന്ന മുഖ്യമന്ത്രിക്കെതിരെ എന്തുവിളിച്ചുപറയാമെന്ന് ധരിക്കുന്നത് ജീർണിച്ച രാഷ്ട്രീയസംസ്ക്കാരം പേറുന്നതുകൊണ്ടാണ്. മുഖ്യമന്ത്രിക്കെതിരെ സുധാകരൻ ഉപയോഗിച്ച പദപ്രയോഗത്തെ യുഡിഎഫ് നേതാക്കൾ അംഗീകരിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണം.
കേന്ദ്ര വിഹിതം വൻതോതിൽ വെട്ടിക്കുറച്ചിട്ടും തൊഴിലുറപ്പ് പദ്ധതിയിൽ കേരളത്തിൽ തൊഴിൽ ദിനം കൂടിയെന്ന കേന്ദ്ര ഗ്രാമവികസനമന്ത്രാലയത്തിൻ്റെ വെളിപ്പെടുത്തൽ കേരളത്തിൻ്റെ ജനകീയ ബദൽ എന്താണെന്ന് വ്യക്തമാക്കുന്നതാണ്. 822 കോടിരൂപയുടെ കുറവുവന്നപ്പോഴും തൊഴിൽ ദിനങ്ങൾ വെട്ടിക്കുറക്കാനല്ല, മറിച്ച് തൊഴിൽ ദിനങ്ങൾ വർധിപ്പിച്ച് പാവപ്പെട്ട തൊഴിലാളികളെ ചേർത്തുപിടിക്കാനാണ് സംസ്ഥാന സർക്കാർ തയ്യാറായത്.
തൊഴിലുറപ്പ് പദ്ധതിയിൽ രാജ്യത്താകെ തൊഴിൽ ദിനം കുറയുമ്പോഴാണ് കേരളം ഈ നേട്ടം കൈവരിച്ചത്. കേന്ദ്രം അനുവദിച്ച പണം ഫലപ്രദമായിതന്നെ കേരളം ഉപയോഗിച്ചിട്ടുണ്ടെന്ന് അമിത്ഷാ ഇനിയെങ്കിലും മനസ്സിലാക്കണം. കേരളത്തിന് വാരിക്കോരി നൽകുവെന്ന അർഥത്തിലുള്ള കണക്കുകളാണ് തൃശൂരിൽ പ്രസംഗിക്കവെ അമിത് ഷാ അവതരിപ്പിച്ചത്. കേരളത്തിൻ്റെ മികച്ച പ്രകടനം കണക്കിലെടുത്ത് കുടിശ്ശിക ഉടൻ നൽകാനും നടപടിക്രമങ്ങൾ സുതാര്യമാക്കാനും കേന്ദ്രം തയ്യാറാകണം.
ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശും മധ്യപ്രദേശും കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനും ഛത്തീസ്ഗഡും തൊഴിൽ ദിനം കുറച്ചപ്പോഴാണ് സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും കേരളം തൊഴിൽ ദിനം വർധിപ്പിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.