തിരുവനന്തപുരം: രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ വഴിയാധാരമാക്കി പ്രതിപക്ഷ നേതാവായി പിൻവാതിൽ പ്രവേശനം തരപ്പെടുത്തിയ വി ഡി സതീശനെ അപകർഷതാബോധം വേട്ടയാടുന്നു. ഹൈക്കമാൻഡ് കെട്ടിയിറക്കിയതിലുള്ള അപകർഷതാബോധം സതീശൻ്റെ വാക്കിനെയും പ്രവൃത്തിയെയും സാരമായി ബാധിച്ചതായാണ് സമീപകാല പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. കോൺഗ്രസിനകത്തും സതീശനെ ആരും വിലവെക്കുന്നില്ല. ഔദ്യോഗിക സ്ഥാനങ്ങളിൽ ഇരിക്കുന്ന വരെയെല്ലാം അധിക്ഷേപിക്കലാണ് പ്രതിപക്ഷ നേതാവിൻ്റെ ജോലിയെന്ന നിലയിലാണ് ഇപ്പോൾ ജീവിതം.
പ്രതിപക്ഷ നേതാവായി ചെന്നിത്തല തന്നെ തുടരുമെന്ന് ഏറെക്കുറെ ഉറപ്പായ ഘട്ടത്തിലാണ് ഹൈക്കമാൻഡിൻ്റെ മാനേജ്‌മെന്റ് ക്വാട്ടയിൽ സതീശൻ നുഴഞ്ഞുകയറിയത്. ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും ചരടുവലികൾക്കും ശേഷമാണ് സതീശൻ കാര്യം ഒപ്പിച്ചത്. 19 എം എൽഎമാരുടെ പിന്തുണ തനിക്കാണെന്ന് ചെന്നിത്തല ഹൈക്കമാൻഡിനെ ബോധ്യപ്പെടുത്തിയിരുന്നു. അന്ന് 11 പേർ കൂടെയുണ്ടെന്ന് അവകാശപ്പെട്ട സതീശനാണ് കസേര കൈക്കലാക്കിയത്.
മുതിർന്ന നേതാക്കളെ മറി കടന്നാണ് സതീശനെ പ്രതിപക്ഷ നേതാവാക്കിയതെന്ന് മനോരമ ഉൾപ്പെടെ പറഞ്ഞു. കെ സുധാകരനെ കെപിസിസി പ്രസിഡണ്ടായി നിയമിച്ച കാര്യം രാഹുൽ ഗാന്ധി ഫോണിൽ വിളിച്ച് അറിയിച്ച വാർത്ത റിപ്പോർട്ട് ചെയ്തപ്പോഴാണ് സതീശൻ്റെ പിൻവാതിൽ പ്രവേശനം മനോരമ ഓർമ്മിപ്പിച്ചത്.
സതീശൻ വളഞ്ഞ വഴിയിൽ കയറിപ്പറ്റുമെന്ന് രമേശ് ചെന്നിത്തല ഒട്ടുംകരുതിയിരുന്നില്ല. അദ്ദേഹം ഒരു അവസരം കൂടി ഉറപ്പിച്ചിരിക്കുകയായിരുന്നു. ഒരു മുന്നറിയിപ്പുമില്ലാതെ സതീശനെ നിയമിച്ചത് ചെന്നിത്തലയെ അപമാനിക്കുന്നതിന് തുല്യമായി. ആവശ്യപ്പെട്ടാൽ താൻ മാറി നിൽക്കുമായിരുന്നെന്ന് ചെന്നിത്തല ഹൈക്കമാൻഡിനെ അറിയിക്കുകയ്യം ചെയ്തു. മാത്രമല്ല, താൻ അപമാനിതനായെന്ന് അദ്ദേഹം ഹൈക്കമാൻഡിന് കത്തുമയച്ചു.
പ്രതിപക്ഷ നേതാവെന്ന നിലയിൽ സതീശൻ വട്ടപ്പൂജ്യമാണെന്ന് കോൺഗ്രസിലും യുഡിഎഫ് ഘടക കക്ഷികളിലും ശക്തമായ വിമർശമുണ്ട്. ഒരു ഉത്തരവാദിത്വ ബോധവുമില്ലാതെ ഒച്ചപ്പാടുണ്ടാക്കി നടക്കുകയാണ് സതീശനെന്ന് മുതിർന്ന നേതാക്കൾക്ക് അഭിപ്രായമുണ്ട്. പ്രതിപക്ഷത്തെ നയിക്കാനാകാത്ത ചിന്തയിൽ നിന്നാണ് സതീശന്റെ തീർത്തും അപക്വമായ പെരുമാറ്റമെന്നും അവർ പറയുന്നു.