പത്തനംതിട്ട: ജനകീയ പ്രതിരോധ ജാഥ വൻ ജനപിന്തുണയോടെ മുന്നേറുമ്പോ കോൺഗ്രസിൽ കലഹം മൂർച്ഛിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബ്രഹ്മപുരം വിഷയം ഉയർത്തി കോൺഗ്രസിലെ ആഭ്യന്തര കലാപത്തിന് മറയിടാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിൽ എൽഡിഎഫിനെ പരാജയപ്പെടുത്താനാകില്ലെന്ന ചിന്ത കോൺഗ്രസ്-യുഡിഎഫ് നേതാക്കളെ അലട്ടുകയാണ്. കെ സുധാകരൻ്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പിനെ നേരിട്ടാൽ നിലംതൊടില്ല എന്ന ധാരണ കോൺഗ്രസിൽ ശക്തമാണ്. നിയമസഭയിലേക്കോ, ലോകസഭയിലേക്കോ മത്സരിക്കാനില്ലെന്ന മുരളീധരന്റെ പ്രസ്താവന വ്യക്തമാക്കുന്നത് പരാജയഭീതിയാണ്.
കോൺഗ്രസിൽ പിളർപ്പുണ്ടായാൽ ബിജെപിക്ക് ഗുണം ചെയ്യുന്ന തരത്തിലേക്ക് കാര്യം എങ്ങനെ മാറുമെന്നതിന് വേറെ ഗവേഷണം വേണ്ട. ആരു തടഞ്ഞാലും സ്വയം തീരുമാനിച്ചാൽ ബിജെപിയിൽ ചേരുമെന്ന് പരസ്യമായി പറഞ്ഞ നേതാവാണ് സുധാകരൻ. ആർഎസ്എസിനോടുള്ള കൂറ് ന്യായീകരിക്കാൻ രാജ്യത്തെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ പോലും വർഗീയവാദിയുടെ പാളയത്തിൽൽകെട്ടിയിട്ട നേതാവാണ് സുധാകരനെന്നും അദ്ദേഹം പറഞ്ഞു.