കോട്ടയം: സഹകരണസംഘങ്ങളിൽ നിന്നും നേരിട്ട് വിവരശേഖരണം നടത്താനുള്ള കേന്ദ്ര സർക്കാരിൻ്റെ തീരുമാനം ഫെഡറൽതത്വങ്ങളുടെ ലംഘനമാണെന്നും എല്ലാ അധികാരങ്ങളും കേന്ദ്രത്തിൽ കേന്ദ്രീകരിക്കുന്നതിൻ്റെ ഭാഗമാണ് ഈ നീക്കമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
സാധാരണ നിലയിൽ കേന്ദ്രത്തിനോ റിസർവ് ബാങ്കിനോ ആവശ്യമായ വിവരങ്ങൾ സംസ്ഥാന സഹകരണസംഘം രജിസ്ട്രാർ വഴിയാണ് ശേഖരിച്ചിരുന്നത്. അത് ഒഴിവാക്കിയാണ് കേന്ദ്ര ഏജൻസികൾ നേരിട്ട് സഹകരണസംഘങ്ങളിൽ നിന്നും അവരുടെ പ്രവർത്തനം സംബന്ധിച്ച വിവരങ്ങൾ നൽകാൻ നിർബന്ധിക്കുന്നത്. കേന്ദ്ര സഹകരണ മന്ത്രാലയം സ്ഥാപിക്കുന്ന ഡേറ്റാ സെന്ററിലേക്ക് വേണ്ടിയാണ് ഈ വിവര ശേഖരണം. ആഭ്യന്തരമന്ത്രി അമിത് ഷാ നേതൃത്വം നൽകുന്ന കേന്ദ്ര സഹകരണമന്ത്രാലയത്തിൻ്റെ നിർദ്ദേശപ്രകാരമാണ് കേന്ദ്ര– സംസ്ഥാന ബന്ധത്തിൽ വിള്ളൽവീഴ്ത്തികൊണ്ടുള്ള ഈ വഴിവിട്ട നീക്കമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേരള സംസ്ഥാനത്തിൻ്റെ സർവതോന്മുഖമായ പുരോഗതിയിൽ സഹകരണ മേഖല സുപ്രധാനമായ കാര്യമായ പങ്കാണ് വഹിക്കുന്നത്. സംസ്ഥാനത്തെ 90 ശതമാനം ജനങ്ങളും സഹകരണമേഖലയുമായി ബന്ധമുള്ളവരാണ്. സഹകരണ മേഖലയെ തകർത്ത് കേരളത്തിൻ്റെ പുരോഗതി തന്നെ തടയുക എന്ന ഗൂഢലക്ഷ്യത്തിൻ്റെ ഭാഗമാണ് കേന്ദ്രനീക്കം. എല്ലാ സംസ്ഥാനങ്ങളും യോജിച്ചുകൊണ്ട് ഇതിനെതിരെ നിയമപരമായും രാഷ്ട്രീയമായുള്ള പോരാട്ടം ശക്തമാക്കണം.
കേന്ദ്ര സർക്കാർ കഴിഞ്ഞ വർഷം കൊണ്ടുന്ന സഹകരണസംഘങ്ങൾ സംബന്ധിച്ച ഭേദഗതി നിയമം അനുസരിച്ച് ഒരു സഹകരണബാങ്കിനെ ആവശ്യമെങ്കിൽ ഇന്ത്യയിലെ ഏതുബാങ്കുമായും ലയിപ്പിക്കാൻ റിസർവ് ബാങ്കിന് അധികാരമുണ്ടാകും. ഈ ലയനത്തെക്കുറിച്ച് സഹകരണബാങ്കുമായി ആലോചിക്കണമെന്നുപോലും വ്യവസ്ഥയില്ല. ഭരണസമിതിയെ പിരിച്ചുവിടാനും കഴിയും. സഹകരണ മേഖലയുടെ നിയന്ത്രണം നേടാനുള്ള കേന്ദ്ര നീക്കത്തിൻ്റെ തുടർച്ചയായി മാത്രമേ പുതിയ വിവരശേഖരണ നടപടിയെയും കാണാൻ കഴിയൂ.
വൻ കുംഭകോണം നടത്തിയ അദാനിയെ രക്ഷിക്കാൻ മോദിയും അമിത്ഷായും വിമാനയാത്രക്കാരെ പിഴിയാൻ എടുത്ത തീരുമാനം പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു. അദാനിയുടെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരം ഉൾപ്പെടെയുള്ള എട്ട് വിമാനത്താവളങ്ങളിൽ യൂസർ ഫീ പതിന്മടങ്ങായി വർധിപ്പിച്ചാണ് തകർന്നടിയുന്ന അദാനികമ്പനിയെ രക്ഷിക്കാൻ മോദി– ഷാ കൂട്ടുകെട്ട് ശ്രമിക്കുന്നത്.
ഇതോടെ അദാനിയുടെ നിയന്ത്രണത്തിലുള്ള വിമാനത്താവളങ്ങളിൽ നിന്നും യാത്ര ചെയ്യുന്നവർ 192 രൂപക്ക് പകരം ഏപ്രിൽ ഒന്നുമുതൽ 1025 രൂപ യൂസർ ഫീയായി നൽകേണ്ടിവരും. അതായത് ടിക്കറ്റ് നിരക്കിൽ 1000 രൂപയുടെ വർധന ഉണ്ടാകും. അദാനിയെ രക്ഷിക്കാൻ യാത്രക്കാരെ കൊള്ളയടിക്കുന്ന ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം.
കൊടും ചൂടിൽ നിന്നും ജനങ്ങൾക്ക് ആശ്വാസമേകാൻ വഴിയോരങ്ങളിലും പ്രധാന കേന്ദ്രങ്ങളിലും തണ്ണീർ പന്തൽ ഒരുക്കാനും കുടിവെള്ള ക്ഷാമം പരിഹരിക്കാനും കൈകൊണ്ട തീരുമാനം എൽഡിഎഫ് സർക്കാർ എന്നും ജനങ്ങൾക്ക് ഒപ്പമാണെന്ന സന്ദേശമാണ് നൽകുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. എത് പ്രതിസന്ധി ഘട്ടത്തിലും ജനങ്ങളെ ചേർത്തുപിടിക്കുകയെന്ന സർക്കാർ നയത്തിന്റെ ഭാഗം തന്നെയാണ് ഈ തീരുമാനവും.
ശനിയാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ദുരന്തനിവാരണ അതോറിറ്റി യോഗമാണ് വഴിയോരങ്ങളിൽ തണ്ണീർപന്തലുകൾ സ്ഥാപിച്ച് കുടിവെള്ളവും സംഭാരവും ഒ.ആർ.എസും മറ്റും ലഭ്യമാക്കാൻ തീരുമാനിച്ചത്. ഇതിനായി ദുരന്ത നിവാരണ നിധിയിൽ നിന്നും തദ്ദേശസ്ഥാപനങ്ങൾക്ക് പണം അനുവദിക്കാനും തീരുമാനമായി.
പ്രളയവും നിപ്പയും കോവിഡും ജനങ്ങളെ വലച്ച ഘട്ടത്തിലും ജനങ്ങൾക്കൊപ്പം നിൽക്കാനും അവർക്ക് പരമാവധി സഹായങ്ങൾ നൽകാനും സർക്കാർ തയ്യാറായിരുന്നു. ആ നയത്തിൻ്റെ തുടർച്ചയായാണ് ഇപ്പോഴത്തെ തീരുമാനവുമെന്ന് അദ്ദേഹം പറഞ്ഞു.