കോതമംഗലം: സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിന് പെട്രോളിനും ഡീസലിനും രണ്ട് രൂപ സെസ് ചുമത്തിയ നടപടിക്കെതിരെ കോൺഗ്രസ് പ്രഖ്യാപിച്ച സമരം പരാജയപ്പെട്ടുവെന്ന് വ്യക്തമാക്കുന്നതാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിലെ പരാമർശങ്ങളെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
ജനങ്ങൾ പൂർണമായും സമരത്തെ തള്ളിക്കളഞ്ഞുവെന്നാണ് സുധാകരൻ്റെ വിലാപം. അതിനാൽ മാധ്യമങ്ങൾ എങ്കിലും ഈ സമരം ഏറ്റെടുക്കണമെന്നാണ് ആവശ്യം. തങ്ങൾ സമരം നടത്തിയിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ തലയുയർത്തി കേരളത്തിൽ നടക്കുകയാണെന്നും ഇത് അനുവദിക്കാതിരിക്കാൻ മാധ്യമങ്ങൾ പ്രതിപക്ഷവുമായി സഹകരിക്കണമെന്നു മാണ് സുധാകരൻ്റെ തിട്ടൂരം. എൽഡിഎഫ് സർക്കാരിനെതിരെ ജനങ്ങളെ ഇളക്കി വിടാൻ മാധ്യമങ്ങൾ സഹായിക്കണമെന്ന അഭ്യർഥനയാണ് സുധാകരൻ നടത്തിയത്.
ഒരു പ്രമുഖ വാർത്താ ചാനലിൻ്റെ വ്യാജവാർത്താ നിർമാണത്തെ നിയമസഭക്കകത്തും പുറത്തും പിന്തുണച്ചിട്ടും മാധ്യമങ്ങൾ തങ്ങളുടെ സമരത്തെ ക്രൂരമായി അവഗണിക്കുയാണെന്ന പരാതിയാണ് സുധാകരൻ്റെ വാക്കുകളിൽ നിറയുന്നത്. സമരം പരാജയപ്പെട്ടതിന് മാധ്യമങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ദുർബലരായ ജനവിഭാഗങ്ങളെ സംരക്ഷിക്കാനും അവരുടെ ജീവിതം മുന്നോട്ടുകൊണ്ടുപോകാനും സർക്കാർ നൽകുന്ന സാമൂഹ്യസുരക്ഷാ പെൻഷൻ നൽകാനായി ചുമത്തിയ സെസ് നൽകാൻ തയ്യാറാണെന്ന് ജനങ്ങൾ തുീരുമാനിച്ചതിലുള്ള പ്രതിഷേധവും സുധാകരൻ്റെ വാക്കുകളിൽ നിഴലിച്ച് കാണാം. ഈ യാഥാർഥ്യം മനസ്സിലാക്കി ഇനിയെങ്കിലും ഈ സമരം പിൻവലിക്കാനാണ് കെപിസിസി തയ്യാറാകേണ്ടത്.
കേരളത്തിൻ്റെ മതനിരപേക്ഷ ജനാധിപത്യ പാരമ്പര്യത്തെ തകർത്ത് കോൺഗ്രസ് പ്രസ്ഥാനത്തെ ആർഎസ്‌എസിൻ്റെ തൊഴുത്തിൽകെട്ടാൻ ശ്രമിക്കുന്ന സുധാകരനെ കോൺഗ്രസുകാർ പോലും വിശ്വാസത്തിലെടുക്കുന്നില്ലെന്ന് സമരത്തിൻ്റെ പരാജയം വ്യക്തമാക്കുന്നു. ആർഎസ്‌എസുമായുള്ള ബാന്ധവത്തെ ന്യായീകരിക്കാൻ നെഹ്‌റുവിനെപൊലും കാവിക്കൊടിപിടിപ്പിക്കാനാണ് സുധാകരൻ ശ്രമിച്ചത്. ഈ മലിനമായ രാഷ്ട്രീയത്തെ കേരളീയർ തള്ളുകയാണെന്നും സമരത്തിൻ്റെ പരാജയം വ്യക്തമാക്കുന്നു.
എൽഡിഎഫ് സർക്കാർ വനിതകൾക്ക് നൽകുന്ന വനിതാദിന സമ്മാനമാണ് വനിതാസംരഭകർക്ക് KSIDC നൽകുന്ന ‘വി മിഷൻ കേരള വായ്‌പ’ പരിധി 25 ലക്ഷം രൂപയിൽ നിന്ന് 50 ലക്ഷം രൂപയായി വർധിപ്പിക്കാനുള്ള തീരുമാനം.വനിതാ സഹകരണ സംഘങ്ങൾക്ക് 5 ലക്ഷം രൂപ വരെ, തിരച്ചടക്കേണ്ടതല്ലാത്ത ഗ്രാന്റ് നൽകുന്ന പദ്ധതിയും സ്വാഗതാർഹമാണ്. സംരംഭകരിൽ 31 ശതമാനവും സ്‌ത്രീകളാണെങ്കിലും അത് 50 ശതമാനമായി ഉയർത്തുക എന്ന സർക്കാരിൻ്റെ ലക്ഷ്യം നേടാൻ പുതിയ പ്രഖ്യാപനങ്ങൾ സഹായിക്കും.
പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക് തലത്തിലുളള അദാലത്തുകൾ നടത്താനുള്ള സർക്കാരിൻ്റെ തീരുമാനം സംസ്ഥാന ഭരണം ജനങ്ങളിലേക്ക് എന്ന ആശയമാണ് പ്രവർത്തികമാകുന്നത്. നിത്യജീവിതത്തിൽ ജനങ്ങൾ ഭരണവുമായി ബന്ധപ്പെട്ട് നേരിടുന്ന വിവിധങ്ങളായ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സെക്രട്ടറിയറ്റിലോ കലക്‌ട്രേറ്റിലോ പോകാതെ പരിഹരിക്കാൻ ജനങ്ങൾക്ക് ലഭിക്കുന്ന അവസരമാണിത്. പരാമാവധി ഇത് ഉപയോഗപ്പെടുത്താൻ ജനങ്ങൾ തയ്യാറാകണം.
കേരളത്തിൻ്റെ മനസാക്ഷിയെ പിടിച്ചുലച്ച മുത്തങ്ങ സമരത്തിൽ പങ്കെടുത്ത മുഴുവൻ ഭൂരഹിതർക്കും ഭൂമി നൽകി എൽഡിഎഫ് സർക്കാർ, ആദിവാസിജനങ്ങൾക്കൊപ്പമാണെന്ന് ഒരിക്കൽകൂടി തെളിയിച്ചു. പിണറായി സർക്കാരിൻ്റെ മൂന്നാം നൂറുദിന പരിപാടിയുടെ ഭാഗമായി കഴിഞ്ഞ ദിവസം ഭൂമി ലഭിക്കാത്ത 37 പേർക്ക് കൂടി ഭൂമി നൽകിയാണ് സർക്കാർ വാഗ്‌ദാനം നിറവേറ്റിയത്.
ഇതോടെ മുത്തങ്ങ സമരത്തിൽ പങ്കെടുത്ത ഭൂരഹിതരായ 283 പേർക്കും സർക്കാർ ഭൂമി നൽകി. കേവലം 23 കുടുംബങ്ങൾക്ക് മാത്രമാണ് മുൻ യുഡിഎഫ് സർക്കാർ ഭൂമി നൽകിയിരുന്നത്. ബാക്കി 260 പേർക്കും പിണറായി സർക്കാാരാണ് ഭൂമി നൽകിയത്. പതിച്ചുനൽകിയ ഭൂമി കൃഷിയോഗ്യമാക്കാനും അവിടെ വീട് നിർമിക്കാനും സർക്കാർ സഹായമുണ്ടുമെന്ന് പ്രതീക്ഷിക്കുന്നു.
ഭൂമിക്ക് വേണ്ടി സമരം നടത്തിയവർക്കെതിരെ വെടി ഉതിർക്കുകയും കൊല്ലുകയും ചെയ്‌ത ഐ കെ ആന്റണിയുടെ നേതൃത്വത്തിലുള്ള സർക്കാരായിരുന്നു. 2003 ഫെബ്രുവരി 19 ന് നടന്ന വെടിവെപ്പിൽ ജോഗിയെന്ന ആദിവാസികൊല്ലപ്പെട്ടിരുന്നു. ഗർഭിണികളെയും കുട്ടികളെയും ഉൾപ്പെടെ ആദിവാസികളെ കുട്ടത്തോടെ ജയിലിലടച്ചു. 2006 ൽ അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാരാണ് ജോഗിയുടെ മകൾ സീതക്ക് റവന്യൂവകുപ്പിൽ ജോലി നൽകിയത്. കുടംബത്തിന് 10 ലക്ഷം രൂപ സഹായവും അനുവദിച്ചു. സമരത്തിന് നേതൃത്വം നൽകിയ സികെ ജാനവിൻ്റെ അമ്മ വെള്ളച്ചിക്കും ഭൂമി അനുവദിക്കുകയുണ്ടായി.
മുത്തങ്ങ വിഷയത്തിൽ എൽഡിഎഫ് സർക്കാരിൻെയും സിപിഎമ്മിനെയും നിരന്തരം വിമർശിക്കുന്ന സ്വത്വവാദ രാഷ്ട്രീയക്കാർ ഇപ്പോൾ എവിടെയാണുള്ളത്? – എം വി ഗോവിന്ദൻ ചോദിച്ചു.