കൊച്ചി: കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും 43 സ്കൂൾ കെട്ടിടങ്ങൾ കൂടി പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യാൻ പോവുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മുഖ്യമന്ത്രി പ്രഖ്യാപിച്ച നൂറുദിന കർമപരിപാടിയുടെ ഭാഗമായി ഈ കെട്ടിടങ്ങൾ ഉടൻ ഉദ്ഘാടനം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചത് സർക്കാരിൻ്റെ നിശ്ചയദാഢ്യമാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു
51 കോടി രൂപ ചെലവിട്ടാണ് ഈ 43 സ്കൂൾ കെട്ടിടങ്ങൾ നിർമിച്ചിട്ടുള്ളത്. കിഫ്ബിയും പ്ലാൻഫണ്ടും മറ്റും ഉപയോഗിച്ചാണ് ഇത്രയും കെട്ടിടങ്ങൾ നിർമിച്ചിട്ടുള്ളത്. എറണാകുളം ജില്ലയിൽ ഉൾപ്പെടെ 11 സ്കൂളിന് കൂടി പുതിയ കെട്ടിടം നിർമിക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. 29 കോടിരൂപയാണ് ഇതിന് അ്നുവദിച്ചിട്ടുള്ളത്.
മധ്യവേനലവധിക്ക് സ്കൂളുകൾ അടയ്ക്കും മുമ്പ് പാഠപുസ്തകങ്ങളും യൂണിഫോമും 5 കിലോ അരിയും ഒന്നിച്ചു നൽകാനുള്ള സർക്കാരിൻ്റെ തീരുമാനം കഴിഞ്ഞ ദിവസമാണല്ലോ പ്രഖ്യാപിച്ചത്. പൊതുവിദ്യാഭ്യാസ മേഖല കൂടുതൽ കരുത്തുറ്റതാക്കുന്ന നടപടികളാണ് പിണറായി വിജയൻ സർക്കാർ സ്വീകരിച്ചുവരുന്നത്. ഒന്നാം പിണറായി സർക്കാരിൻ്റെയും രണ്ടാം പിണറായി സർക്കാരിൻ്റെയും കാലത്ത് പൊതുവിദ്യാഭ്യാലയത്തിലേക്ക് വലിയ ഒഴുക്കാണ് ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ വർഷവും ഒരുലക്ഷത്തിലധികം വിദ്യാർഥികൾ പൊതുവിദ്യാഭാസമേഖലയിൽ അധികമായി എത്തി. ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് 141 സ്ക്കൂളുകളാണ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയത്. 4752 സ്കൂളുകളിൽ ഐടി സംവിധാനം ഏർപ്പെടുത്തി.14,000 സ്ക്കൂളുകളിൽ ബ്രോഡ്ബ്രാന്റ് ഇന്റർനെറ്റ് സൗകര്യം ഏർപ്പെടുത്തി.
അരലക്ഷത്തോളം ക്ലാസ് മുറികൾ(45000)ഹൈടെക്കായി മാറ്റി. 11272 പ്രൈമറി സ്ക്കൂളുകളിൽ പ്രൈമറി ഹൈടെക്ക് ലാബ് പദ്ധതി നടപ്പിലാക്കി. ഒന്നു മുതൽ 12 ാം ക്ലാസ്സുവരെയുള്ള 1.19 ലക്ഷം ലാപ്ടോപ്പുകളും 70000 ത്തോളം പ്രോജക്ടറുകളും നൽകുകയുണ്ടായി.
വനിതാ ദിനാചരണത്തോടനുബന്ധിച്ച് ഡിജിറ്റൽ പാഠശാല പദ്ധതി തുടങ്ങാനുള്ള തീരുമാനം സ്വാഗതാർഹമാണ്. വ്യാപകമായികൊണ്ടിരിക്കുന്ന വിവിധ ഡിജിററൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ വനിതകളെ പ്രാപ്തരാക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതി കാലഘട്ടത്തിൻ്റെ ആവശ്യമാണ്. സ്മാർട്ട് ഫോൺ, സോഷ്യൽമീഡിയ, നെറ്റ് ബാങ്കിങ്ങ്, ഓൺലൈൻ പേയ്മെന്റ് സേവനങ്ങൾ, എടിഎം, സൈബർ സെക്യുരിറ്റി എന്നിവയിൽ ബോധവൽക്കരണം ആവശ്യം വേണ്ട നടപടിയാണ്.
റവന്യൂസേവനങ്ങളും ഡിജിറ്റൽ പ്ലാറ്റ്ഫോമിലുടെ നൽകാനുള്ള റവന്യൂ ഇ സാക്ഷരതാ പദ്ധതിക്കും സർക്കാർ തുടക്കം കുറിക്കുകയാണ്. ഡിജിറ്റൽ ഭൂമി സർവേക്ക് തുടക്കം കുറിച്ചുകഴിഞ്ഞു. ഈ സാഹചര്യത്തിൽ കേരളസാക്ഷരതാ മിഷനും ഇത്തരത്തിലുള്ള പാഠ്യപദ്ധതി ഏറ്റെടുക്കുന്നത് പൊതു ജനങ്ങൾക്ക് ഏറെ ഗുണകരമാകും. കേരളം നൂറുശതമാനം സാക്ഷരതനേടിയെങ്കിലും ഡിജിറ്റൽ സാക്ഷരത നേടിയെന്ന് പറയാനാകില്ല. അതിനാൽ മുഴുവൻ കേരളീയരെയും ഡിജിറ്റൽ സാക്ഷരരാക്കാൻ സർക്കാർ നൂതനമായ പദ്ധതി ആവിഷ്ക്കരിക്കുന്നത് ഏറെ പ്രയോജനപ്രദമാകുമെന്നും ഗോവിന്ദൻ വ്യക്തമാക്കി.