തൃശൂർ: വ്യാജവാർത്തകളുടെ ലോകത്ത് ബലിയാടാകുന്നത് സത്യമാണെന്ന സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡിൻ്റെ വാക്കുകൾ പ്രസക്തമാവുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ജനകീയ പ്രതിരോധ യാത്രയുടെ ഭാഗമായി മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. എസ്എഫ്‌ഐ ഒരു മാധ്യമസ്ഥാപനത്തിലേക്ക് കയറിച്ചെല്ലാനുണ്ടായ കാരണത്തെ കുറിച്ച് പറയാൻ നിങ്ങൾക്കെന്താണ് മടി. എന്തിന് സംഭവത്തെ മറച്ചുവക്കുന്നു. അത് പറയാൻ എന്താ ധൈര്യമില്ലാത്തത്. ഇന്നലെയും ഇന്നും അതിനെ കുറിച്ച് ഉത്തരം പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ അധികാരത്തിൽ വന്നതുപോലെ ക്രിസ്ത്യാനികളുടെ പിന്തുണയോടെ കേരളത്തിലും അധികാരം പിടിക്കുമെന്ന് പറയുന്ന പ്രധാനമന്ത്രി നൂറോളം റിട്ടയേർഡ് സിവിൽ സർവീസ് ഉദ്യോഗസ്ഥർ നൽകിയ നിവേദനത്തോട് പ്രതികരിക്കാൻ തയ്യാറാകണം. രാജ്യത്തെങ്ങും വർധിച്ചുവരുന്ന, ക്രിസത്യാനികൾക്കുനേരേയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കാൻ പ്രധാനമന്ത്രിയുടെ ഒറ്റവാക്ക് മതിയെന്നും അതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകുമോ എന്നുമാണ് മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ ചോദിക്കുന്നത്.
പ്രധാനമന്ത്രിയുടെ നിശ്ശബ്ദതയാണ് കൂടുതൽ ആക്രമണങ്ങളിലേക്ക് നയിക്കുന്നത്. മതപരിവർത്തനത്തെ പ്രോത്സഹിപ്പിക്കുന്നുവെന്ന ആരോപണമുയർത്തിയാണ് ക്രിസ്ത്യാനികളെ സംഘപരിവാർ വേട്ടയാടുന്നത്. സൂക്ഷ്മമായി പരിശോധിച്ചാൽ 1951 ലെ സെൻസസ് അനുസരിച്ച് 2.3 ശതമാനമാണ് രാജ്യത്തെ ക്രിസ്ത്യാനികൾ. ഈ ജനസംഖ്യയിൽ എന്ത് വർധനയാണ് 75 വർഷമായിട്ടും ഉണ്ടായിട്ടുള്ളത്.
തീർത്തും തെറ്റായ പ്രചാരണമാണ് ആർഎസ്എസും ബിജെപിയും നടത്തുന്നത്. ദളിത് ക്രിസ്ത്യാനികൾക്ക് സംവരണം നൽകുന്നതിനെ എതിർക്കാൻ ആർഎസ്എസ് തീരുമാനിച്ചതായ വാർത്തയും പുറത്തുവന്നിരിക്കുകയാണ്. ഈ വിഷയത്തെക്കുറിച്ചുള്ള ജസ്റ്റീസ് കെ ജി ബാലകൃഷ്ണൻ കമ്മീഷനെ സമീപിച്ച്, ദളിത് ക്രിസ്ത്യാനികൾക്ക് സംവരണം നൽകരുതെന്ന് ആവശ്യപ്പെടാൻ രണ്ട് ദിവസമായി ചേർന്ന ആർഎസ്എസ് ‘വിശ്വസംവദ് കേന്ദ്ര’ തീരുമാനിച്ചതായി വാർത്തകൾ പുറത്തുവന്നിരിക്കുകയാണ്.
ഹിന്ദുമതത്തിലെ ജാതി വ്യവസ്ഥയുടെ ഭാഗമാണ് ദളിത് വിഭാഗമെന്നും ജാതിവ്യവസ്ഥയില്ലെന്ന് പറയുന്ന ക്രിസ്ത്യാനികൾക്ക് ദളിത് സംവരണം എന്തിനാണെന്നുമാണ് സംഘപരിവാറിൻ്റെ ചോദ്യം. ഈ ചോദ്യമെല്ലാം സംഘപരിവാറിൻ്റെ ഹിന്ദുത്വ അജണ്ട പ്രകാരമുള്ളതാണ്.
മധ്യവേനലവധിക്ക് സ്‌കൂളുകൾ അടയ്ക്കും മുമ്പ് പാഠപുസ്തകങ്ങളും യുണിഫോമും 5 കിലോ അരിയും ഒന്നിച്ചു നൽകാനുള്ള സർക്കാരിൻ്റെ തീരുമാനം പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വിശദീകരിച്ചു. പാഠപുസ്തകങ്ങൾ മുമ്പും നേരത്തേ നൽകാറുണ്ടെങ്കിലും യുണിഫോമും അരിയും വേനലവധിക്ക് മുമ്പ് നൽകുന്നത് ആദ്യമായാണ്. ഇതൊരു പുതിയ കാര്യമാണ്. കുട്ടികളോടും പൊതുവിദ്യാഭ്യാസ മേഖലയോടുമുള്ള കരുതലിൻ്റെ ഭാഗമാണ് ഈ നടപടി. പൊതുവിദ്യാഭ്യാസ മേഖല കൂടുതൽ കരുത്തുറ്റതാക്കുന്ന നടപടികളാണ് പിണറായി വിജയൻ സർക്കാർ സ്വീകരിച്ചുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.