തിരുവനന്തപുരം: വിഴിഞ്ഞത്ത് ആദ്യ കപ്പൽ സെപ്റ്റംബറിൽ എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തുറമുഖ നിർമ്മാണം അതിവേഗത്തിൽ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ട്രാൻസ്ഷിപ്പ്മെന്റ് കണ്ടെയ്നർ തുറമുഖമായി വിഴിഞ്ഞം മാറുമെന്നും അദ്ദേഹം വിശദീകരിച്ചു. നെയ്യാറ്റിൻകര എം.എൽ.എ. കെ. ആൻസലന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
‘സമുദ്രഗതാഗതത്തിലെ 30- 40% ചരക്കുനീക്കം നടക്കുന്ന തിരക്കേറിയ സമുദ്രപാതയിലാണ് വിഴിഞ്ഞം തുറമുഖം. സെപ്റ്റംബറിൽ ആദ്യ കപ്പൽ എത്തിക്കാനാണ് ശ്രമിക്കുന്നത് ലോകത്ത് പ്രധാനനഗരങ്ങളും വ്യവസായ കേന്ദ്രങ്ങളും വളർന്നത് തുറമുഖങ്ങളോട് ചേർന്നാണ്. വിഴിഞ്ഞം തുറമുഖത്തിൻ്റെ ചുറ്റുപാടും വാണിജ്യ വ്യവസായ കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിൻ്റെ ഭാഗമായി സംസ്ഥാനത്തെ പ്രധാനപ്പെട്ട വ്യാവസായിക ഇടനാഴിയായി വിഴിഞ്ഞം മാറും. ഇടനാഴിയുടെ ഇരുവശത്തും താമസിക്കുന്ന ജനങ്ങളെ പങ്കാളികളാക്കി വ്യവസായ പാർക്കുകൾ, ലോജിസ്റ്റിക്സ് സെന്ററുകൾ, ജനവാസകേന്ദ്രങ്ങൾ എന്നിവ വികസിപ്പിക്കുന്നതിന് മുൻകൈ എടുക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്’, മുഖ്യമന്ത്രി പറഞ്ഞു. തുറമുഖത്തുനിന്ന് ചരക്ക് നീക്കം സുഗമമാക്കാൻ 67 കിലോമീറ്റർ ഔട്ടർ റിങ് റോഡ് പദ്ധതിയുടെ ടെൻഡർ നടപടി പൂർത്തിയായെന്നും അദ്ദേഹം സഭയെ അറിയിച്ചു.