പാലക്കാട്: പാചകവാതക വില കുത്തനെ വർധിപ്പിച്ച മോദി സർക്കാരിൻ്റെ നടപടി സാധാരണജനങ്ങളുടെ അടുക്കളക്ക് നേരേയുള്ള ബുൾഡോസർ പ്രയോഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. മോദിയുടെ ബുൾഡോസറുകൾ നേരത്തേ ന്യൂനപക്ഷങ്ങൾക്കെതിരെയാണ് നീങ്ങിയതെങ്കിൽ ഇപ്പോൾ എല്ലാ വീടുകളിലേക്കും നീങ്ങുകയാണ്. പാലക്കാട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സബ്കാ സാഥ് സബ്കാ വികാസ്’ എന്ന് പറഞ്ഞ് അധികാരത്തിൽ വന്ന മോദി എല്ലാവരുടെയും വിനാശത്തിനായാണ് പ്രവർത്തിക്കുന്നത്. മോദി അധികാരമേൽക്കുമ്പോൾ 410 രൂപ യായിരുന്നു ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിൻ്റെ വിലയെങ്കിൽ ഇപ്പോൾ അത് 1110 രുപയും കടന്നിരിക്കുന്നു. എട്ട് വർഷം കൊണ്ട് 700 രൂപയിലധികം വർധന. വർഷത്തിൽ 100 രൂപയാണ് പാചകവാതകത്തിന് കൂട്ടിയത്. തുടർച്ചയായി പെട്രോളിനും വിലവർധിപ്പിച്ചു.
ഈ വിലവർധനവിൽ പ്രതിഷേധിക്കാൻ കോൺഗ്രസ് തയ്യാറാകുമോയെന്ന് അദ്ദേഹം ചോദിച്ചു. പെൻഷൻകാരെ സഹായിക്കാൻ രണ്ട് രൂപ സെസ് ചുമത്തിയതിന് ഇവിടെ മുഖ്യമന്ത്രിക്കെതിരെ സമരം ചെയ്യുന്നവർ പ്രധാനമന്ത്രിക്ക് നേരെ സമരം ചെയ്യാൻ തയ്യാറാണോ എന്നും അദ്ദേഹം ചോദിച്ചു.