തിരുവനന്തപുരം: നിയമസഭയെ എന്തും വിളിച്ചു പറയാവുന്ന സ്ഥലമാക്കി മാറ്റരുതെന്ന് കോൺഗ്രസ് അംഗമായ മാത്യു കുഴൽ നാടനോട് മുഖ്യമന്ത്രി പിണറായി വിജയൻ. ലൈഫ് മിഷൻ പദ്ധതിയിൽ അഴിമതി ആരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ അവതരിപ്പിച്ച അടിയന്തിര പ്രമേയത്തിന്മേലുള്ള മറുപടിയിൽ മാത്യു കുഴൽനാടന് ശക്തമായ ഭാഷയിൽ മുഖ്യമന്ത്രി താക്കീത് നൽകി. സ്വപ്നയും മുഖ്യമന്ത്രിയും കോൺസുലേറ്റ് ജനറലും കൂടിക്കാഴ്ച നടത്തിയെന്ന മാത്യു കുഴൽനാടൻ്റെ ആരോപണം പച്ചക്കള്ളമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആരോപണം തള്ളിയ മുഖ്യമന്ത്രി അത്തരത്തിൽ ഒരു കൂടിക്കാഴ്ചയും നടന്നിട്ടില്ലെന്നും വ്യക്തമാക്കി. സർക്കാരിൻ്റെതായ രീതിയിൽ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ തനിക്ക് സാധിക്കുമെന്നും അതിന് മാത്യു കുഴൽനാടൻ്റെ ഉപദേശം ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
യൂണിടാകും യുഎഇ കോൺസുലേറ്റും തമ്മിലുള്ള ധാരണകളും ചർച്ചകളും ഉയർത്തിക്കാണിച്ച് മുഖ്യമന്ത്രിയെയും അദ്ദേഹത്തിൻ്റെ ഓഫീസിനെയും നിഴലിൽ നിർത്തുന്ന ആരോപണങ്ങളാണ് മാത്യു കുഴൽനാടൻ സഭയിൽ ഉന്നയിച്ചത്. അപകീർത്തികരമായ പ്രസ്താവനകളാണ് ഉന്നയിക്കുന്നതെന്നും സഭാചട്ടങ്ങൾ അത് വിലക്കുന്നുവെന്നും ഓർമ്മിപ്പിച്ച മുഖ്യമന്ത്രി സ്പീക്കർ അത് കേൾക്കുന്നുണ്ടോയെന്നും ചോദിച്ചു. ഒരു ഘട്ടത്തിൽ മാത്യു കുഴൽനാടനെ കണക്കിന് പരിഹസിക്കാനും മുഖ്യമന്ത്രി തയ്യാറായി. ‘ആവശ്യമെങ്കിൽ താങ്കളുടെ ഉപദേശം മേടിച്ചുകൊള്ളാം, ഇപ്പോൾ എനിക്ക് ഉപദേശം ആവശ്യമില്ല’, മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിൻ്റെതായ രീതിയിൽ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ തനിക്ക് സാധിക്കുമെന്നും മുഖ്യമന്ത്രി കുഴൽനാടനെ ഓർമ്മിപ്പിച്ചു.