മലപ്പുറം: പ്രതിപക്ഷ മുക്ത ഭാരതം എന്നതാണ് ആർഎസ്എസ് -ബിജെപി അജണ്ടയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തെരഞ്ഞെടുപ്പിൽ ദയനീയ പരാജയം ഏറ്റുവാങ്ങിയാൽ അത്തരം മേഖലകളിൽ എംഎൽഎ മാരെ നൂറ് കോടി കൊടുത്ത് പിടിക്കുകയാണവർ. പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വത്തെ കേന്ദ്ര ഏജൻസിയെ ഉപയോഗിച്ച് കൈപിടിയിൽ ഒതുക്കുക എന്നതിൻ്റെ ഉന്നം പ്രതിപക്ഷ മുക്ത ആർഎസ്എസ് ഭാരതമാണ്-അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആർഎസ്എസ്-ബിജെപി നേതൃത്വത്തിൽ നടക്കുന്ന വർഗീയ ദ്രുവീകരണത്തെ ഫലപ്രദമായി എതിർക്കാൻ കേരളത്തിൽ കോൺഗ്രസിനാകുന്നില്ല. ഇതിൻ്റെ തെളിവാണ് മുതലമട ഗ്രാമ പഞ്ചായത്തിൽ കണ്ടത്. അവിടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസും ബിജെപിയും എൽ ഡി എഫിനെ പരാജയപ്പെടുത്താൻ ഒന്നിച്ചു നിന്നു. ഒട്ടേറെ പഞ്ചായത്തുകളിൽ ഇത്തരം ബന്ധം രൂപപ്പെട്ട് വരുന്നത് കാണാം.
ജമാഅത്തെ ഇസ്ലാമി – ആർഎസ്എസ് ചർച്ചയെ കോൺഗ്രസ് വിമർശിക്കുന്നില്ല എന്നതിൽ നിന്ന് ഇവർ തമ്മിൽ അന്തർധാര തുടരുന്നു എന്ന് തന്നെയാണ് മനസിലാക്കേണ്ടത്. കേരള സാങ്കേതിക സർവകലാശാലയിൽ ഗവർണറുടെ നിലപാട് പ്രതിഷേധാർഹമാണ്.
സർവകലാശാലയുടെ പ്രവർത്തനം ഗവർണർ താറുമാറാക്കുന്നു. ഗവർണർ കാവിവൽക്കരണ അജണ്ട നടപ്പാക്കാൻ ശ്രമിക്കുകയാണ്. കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.