തിരുവനന്തപുരം: മുഖ്യമന്ത്രിമാരുടെ സുരക്ഷ അവർ സ്വയം നിശ്ചയിക്കുന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇസ്സഡ് പ്ലസ് സുരക്ഷയുള്ള വ്യക്തിക്ക് അതിൻ്റെ സ്വാഭാവികമായ പ്രോട്ടോകാൾ പ്രകാരം നൽകുന്ന സുരക്ഷ മാത്രമേ കേരളത്തിലെ മുഖ്യമന്ത്രിക്കും ഉള്ളുവെന്ന് നിയമസഭയിൽ ഷാഫി പറമ്പിലിൻ്റെ അടിയന്തിര പ്രമേയത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷം നടത്തുന്ന സമരത്തിന് ജനങ്ങളുടെ പിന്തുണയില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സർക്കാർ നടപടികളിൽ പ്രതിഷേധമുള്ളവർ മുൻകൂട്ടി പ്രഖ്യാപിച്ച് ബഹുജനങ്ങളെ അണിനിരത്തി സമരം നടത്താറുണ്ട്. യുത്ത് കോൺഗ്രസ് സമരത്തിന് ആളെ കിട്ടാതെ ഓടുന്ന വാഹനത്തിനു മുന്നിലേക്ക് എടുത്തു ചാടുന്ന രീതിയാണ് ഇപ്പോൾ കാണുന്നത്. ഇതിനു മുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ലാത്ത അപകട സാഹചര്യം സൃഷ്ടിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നു. അത്തരത്തിൽ അപകടമുണ്ടാകുന്നത് തടയാനുള്ള നടപടിയാണ് പോലീസ് സ്വീകരിച്ചു വരുന്നത്.
വിശിഷ്ടവ്യക്തികൾക്കും, അതിവിശിഷ്ടവ്യക്തികൾക്കും സുരക്ഷ ഒരുക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ പ്രത്യേക മാനദണ്ഡ പ്രകാരമാണ്. സംസ്ഥാനത്ത് സുരക്ഷ ഒരുക്കേണ്ട വിശിഷ്ട വ്യക്തികളുടെ സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ച് തീരുമാനങ്ങൾ കൈക്കൊളളുന്നത് കേന്ദ്രത്തിലെയും സംസ്ഥാനത്തിലെയും ബന്ധപ്പെട്ട അധികാരികൾ ഉൾപ്പെടുന്ന സെക്യൂരിറ്റി റിവ്യൂ കമ്മിറ്റിയുമാണ്.
ആറു മാസം കൂടുമ്പോൾ സെക്യൂരിറ്റിറിവ്യൂ കമ്മിറ്റി യോഗം ചേർന്ന് വിശിഷ്ടവ്യക്തികളുടെ സുരക്ഷ സംബന്ധിച്ച അവലോകനവും പുനപരിശോധനയും നടത്തും. സംസ്ഥാന മുഖ്യമന്ത്രിയ്ക്ക് നിലവിൽ ഏർപ്പെടുത്തിയിട്ടുളളത് ഇസ്സഡ് പ്ലസ് കാറ്റഗറിയിലുളള സുരക്ഷാ ക്രമീകരണങ്ങളാണ്. ഇതേ സുരക്ഷ തന്നെയാണ് സംസ്ഥാന ഗവർണർക്കും, വയനാട് ലോകസഭ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന രാഹുൽഗാന്ധി എം.പിക്കും ഒരുക്കിയിട്ടുളളത്.
യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പോലീസ് അതിക്രമം കാട്ടിയെന്നാരോപിച്ച് കളമശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് യൂത്ത്കോൺഗ്രസ് പ്രവർത്തകർ സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് പോലീസ് തടഞ്ഞപ്പോൾ പോലീസ് ഉദ്യോഗസ്ഥരെ കല്ലും വടിയും ഉപയോഗിച്ച് അക്രമിച്ച് പരിക്കേൽപ്പിക്കുകയും പോലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും യാത്രക്കാർക്കും മറ്റും മാർഗ്ഗതടസ്സം സൃഷ്ടിക്കുകും ചെയ്തു. സ്ഥലത്ത് ക്രമസമാധാനപ്രശ്നമുണ്ടാക്കിയ യൂത്ത്കോൺഗ്രസ് പ്രവർത്തകരെ പിരിച്ചുവിടാൻ മൂന്നുതവണ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. യൂത്ത്കോൺഗ്രസുകാരുടെ അക്രമണത്തിൽ ആറ് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. സംഭവത്തിൽ പരിക്കുപറ്റിയ ആറ് യൂത്ത്കോൺഗ്രസ് പ്രവർത്തകരെയും പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥരെയും കളമശ്ശേരി കിന്റർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.
12 പേരെ സംഭവസ്ഥലത്തുവച്ച് അറസ്റ്റുചെയ്തു. അവർക്കെതിരെ കളമശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോലീസിനെ അക്രമിച്ചവരെ അറസ്റ്റുചെയ്ത് സ്റ്റേഷനിലെത്തിച്ച സമയത്ത് ഷാഫി പറമ്പിൽ എം എൽ എയും ഡി സി സി പ്രസിഡന്റും മറ്റ് യൂത്ത്കോൺഗ്രസ് പ്രവർത്തകരും എറണാകുളം പോലീസ് സ്റ്റേഷനിൽ തള്ളിക്കയറാനും പോലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്താനും ശ്രമിച്ചു. ഇവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. കളമശ്ശേരിയിൽ പോലീസിന്റെ കണ്ണുവെട്ടിച്ച് ഒളിച്ചിരുന്ന് വാഹനവ്യൂഹത്തിൻ്റെ മുന്നിലേക്ക് എടുത്തുചാടാൻ ശ്രമിച്ച ഒരു യുവതിയുൾപ്പെടെ നാല് യൂത്ത്കോൺഗ്രസ്സുകാരെ പോലീസ് അറസ്റ്റു ചെയ്തു. വാഹനത്തിനു മുന്നിൽ ചാടി ഇവർക്ക് ആപത്ത് വരാതിരിക്കാനുള്ള ഇടപെടലാണ് പോലീസ് നടത്തിയത്.
പ്രത്യേക സാഹചര്യങ്ങളിൽ ചില സമരമുറകൾ അരങ്ങേറുമ്പോൾ അതിൽ അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള ശ്രദ്ധയും പോലീസ് സ്വീകരിക്കുന്നുണ്ട്. വാഹനവ്യൂഹത്തിനു മുന്നിൽ മൂന്നോ നാലോ പേർ എടുത്തുചാടാൻ തയ്യാറാകുമ്പോൾ അവർ ഒരു പക്ഷേ അതിൻ്റെ പ്രത്യാഘാതങ്ങൾ ആലോചിക്കുന്നില്ല. പക്ഷേ അവരെ അതിനായി തയ്യാറാക്കുന്നവർക്ക് അതിൻ്റെ പ്രത്യാഘാതങ്ങൾ നന്നായി അറിയാം. അവർ ഉദ്ദേശിച്ച കാര്യം നടക്കാതെ പോകുമ്പോൾ വരുന്ന മോഹഭംഗമാണ് പിന്നിലുള്ള വർത്തമാനങ്ങളിൽ നിന്നും കാണാൻ കഴിയുന്നത്. മുഖ്യമന്ത്രിക്കുള്ള വാഹനവ്യൂഹം ഏർപ്പാടാക്കുന്നത് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമല്ല എന്നതാണ് ചുരുക്കം. രാഷ്ട്രീയനിലപാട് വെച്ച് എന്തിനെയും എതിർക്കുന്ന നിലപാട് മാറ്റണം. നാടിൻ്റെ നന്മയ്ക്ക് ഒന്നിച്ച് നിൽക്കാനാകണം. നാട് മുന്നോട്ടു പോകാനുള്ള സാമ്പത്തിക ഭദ്രത ഉണ്ടാക്കാൻ ചില്ലറ വരുമാനം വർധിപ്പിക്കേണ്ടതായി വന്നു എന്നതാണ് ഇതിനിടയാക്കിയതെന്ന് മനസ്സിലാക്കണം.
ബജറ്റിൽ പെട്രോളിയം ഉത്പന്നങ്ങൾക്ക് രണ്ടു രൂപ സെസ്സ് ഈടാക്കി എന്നാണ് പ്രധാനമായും യുഡിഎഫും ബിജെപിയും സമര കാരണമായി പറയുന്നത്. എന്താണ് ഇതിലേക്ക് നയിച്ചത്? കേന്ദ്രസർക്കാർ 13 തവണ പെട്രോളിയം ഉത്പന്നങ്ങളുടെ നികുതിയും സെസ്സും വർദ്ധിപ്പിച്ചു. സെസ്സ് വർദ്ധിപ്പിച്ചത് സംസ്ഥാനങ്ങൾക്കുള്ള പങ്ക് ലഭിക്കാത്ത തരത്തിലാണ്. ഇതിനെതിരെ സംസ്ഥാനത്ത് ഒരു തരത്തിലുള്ള പ്രതിഷേധവും ഈ പ്രതിപക്ഷം നടത്തിയിട്ടില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കി ദൈനംദിന പ്രവർത്തനങ്ങളെയും വികസന പദ്ധതികളെയും സാമൂഹ്യസുരക്ഷാ പെൻഷൻ ഉൾപ്പെടെയുള്ള ക്ഷേമ പദ്ധതികളെയും തകർക്കാനുള്ള നീക്കമാണ് കേന്ദ്രസർക്കാർ നടത്തുന്നത്.
ജിഎസ്ടി നിലവിൽ വന്നതോടെ സംസ്ഥാനത്തിന് വിഭവസമാഹരണത്തിനുള്ള സാധ്യത തുലോം പരിമിതമാണ്. കടമെടുക്കാനുള്ള സംസ്ഥാനത്തിൻ്റെ അവകാശവും കേന്ദ്രസർക്കാർ വെട്ടിച്ചുരുക്കുന്ന സാഹചര്യമുണ്ടായി. ഇക്കാര്യങ്ങളാണ് നിലവിൽ വിഭവസമാഹരണത്തിന് വഴി കണ്ടെത്താൻ സംസ്ഥാന സർക്കാർ നിർബന്ധിതമായത്. ഇക്കാര്യം സംസ്ഥാനത്തെ ജനങ്ങൾക്ക് ബോധ്യമുള്ളതുമാണ്. അതിനാലാണ് ജനങ്ങൾ സർക്കാരിനോടൊപ്പം നിൽക്കുന്നതും പ്രതിപക്ഷ കോലാഹലങ്ങൾ ജനപിന്തുണയില്ലാതെ ഒറ്റപ്പെട്ടുപോകുന്നതുമെന്ന് പറഞ്ഞു.