കോഴിക്കോട്: മോദി സർക്കാർ ഔദ്യോഗിക വാർത്താ ശൃംഖല പൂർണമായും ആർഎസ്എസ് വത്കരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പ്രസാർഭാരതിയെ പൂർണമായി കാവിവൽക്കരിക്കാനാണ് നീക്കം. ആർഎസ്എസ് അനുകൂല ഹിന്ദുസ്ഥാൻ സമാചാർ എന്ന വാർത്താ ഏജൻസിയെ വാർത്തകൾക്കായി ആശ്രയിക്കാനാണ് പുതിയ തീരുമാനം. മികച്ച ശൃംഖലയുള്ള പ്രമുഖ വാർത്താ ഏജൻസിയായ പിടിഐയെ ഒഴിവാക്കിയാണ് ദൂരദർശൻ, ആകാശവാണി വാർത്തകൾക്ക് ഹിന്ദുസ്ഥാൻ സമാചാറിനെ ആശ്രയിക്കുന്നത്.
നിശ്ചയിക്കുന്ന പ്രതിഫലത്തിന് നൂറു വാർത്ത ദൂരദർശൻ ഉൾപ്പെടെയുള്ള സംവിധാനത്തിന് നൽകാനാണ് തീരുമാനം. ആർ എസ്എസ് സംവിധാനത്തിൻ്റെ ഭാഗമായിട്ടുള്ള ഒരു ഏജൻസിയിൽ നിന്ന് വാർത്ത സ്വീകരിക്കാൻ തീരുമാനിച്ചതുവഴി കാവിവത്കരണത്തിന് ആശയതലത്തിൽ ഫലപ്രദമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഇത് അപകടകരമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.