തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ പേരിൽ വ്യാജ വീഡിയോ ഉണ്ടാക്കി പണം തട്ടാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ. മുഖ്യമന്ത്രിയുടെ ഔദ്യോഗിക പത്രസമ്മേളനം എന്ന പേരിൽ 51 സെക്കൻഡ് ദൈർഘ്യമുള്ള വ്യാജ വീഡിയോയാണ് ഇയാൾ എഡിറ്റ് ചെയ്തത്. ആറന്മുള എരുമക്കാട് തലക്കാട്ടുമലയിൽ സ്വദേശി സിബിൻ ജോൺസനെയാണ്(35) തിരുവനന്തപുരം സൈബർ പോലീസ് അറസ്റ്റ് ചെയ്തത്.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക പത്രസമ്മേളനം എന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വീഡിയോ എഡിറ്റ് ചെയ്യുകയും, തുടർന്ന് ഒരു മാധ്യമസ്ഥാപനത്തിൻ്റെ വാട്ടർമാർക്ക് ചേർത്ത് മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് പണം അഭ്യർത്ഥിച്ച് വീഡിയോ പ്രചരിപ്പിച്ചെന്നും പോലീസ് എഫ്ഐആറിൽ പറയുന്നു. ആറന്മുള പോലീസിൻ്റെ സഹായത്തോടെയാണ് സൈബർ പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.
മുഖ്യമന്ത്രിയെയും സംസ്ഥാന സർക്കാരിനെയും അപകീർത്തിപ്പെടുത്തുന്ന വീഡിയോ സാമൂഹ്യമാധ്യമത്തിൽ പ്രചരിപ്പിച്ചതിനെ തുടർന്ന് ഫെബ്രുവരി 22 ന് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.