കാസർകോട്: കേന്ദ്രസർക്കാരിൻ്റെ തെറ്റായ നയങ്ങൾക്കും വർഗീയതക്കും എതിരെ നടത്തുന്ന ജനകീയ പ്രതിരോധ ജാഥ സംസ്ഥാന സർക്കാരിന് രക്ഷാ കവചം തീർക്കാനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. കോൺഗ്രസ് പിന്തുടരുന്ന മൃദുഹിന്ദുത്വനയം മൂലം ബിജെപിയുടെ വർഗീയതയെ തുറന്നെതിർക്കാൻ അവർക്കാകുന്നില്ല. കോർപ്പറേറ്റുകളോടുള്ള സമീപനത്തിലും സാമ്പത്തിക നയങ്ങളിലും കോൺഗ്രസും ബിജെപിയും തമ്മിൽ വ്യത്യാസമില്ല.
രാഷ്ട്രീയ പകപോക്കലിന് കേന്ദ്രം അന്വേഷണ ഏജൻസികളെ ദുരുപയോഗിക്കുയാണെന്ന കോൺഗ്രസിൻ്റെ ദേശീയ നയത്തോടൊപ്പമാണോ കേരളത്തിലെ കോൺഗ്രസുകാർ. സോണിയ ഗാന്ധി ഈ അഭിപ്രായം തുറന്നു പറഞ്ഞു. കോൺഗ്രസിൻ്റെ പ്ലീനറി സമ്മേളനം നടക്കുന്ന ഛത്തീസ് ഗണ്ഡിൽ കോൺഗ്രസ് നേതാക്കളുടെ വീട്ടിൽ ഇ ഡി റെയ്ഡ് നടത്തുന്നു. ഇത് പകപോക്കലാണെന്ന് കോൺഗ്രസ് ദേശീയ നേതാക്കൾ പറയുന്നു. അത് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ മനസിലാക്കുന്നില്ല. കെപിസിസിക്ക് ബിജെപി സേവയാണ് പഥ്യം.
സിപിഎം ഇസ്ലാമോഫോബിയ പടർത്തുന്നുവെന്നാണ് ജമാഅത്തെ ഇസ്ലാമി നേതാവിൻ്റെ ആക്ഷേപം. വർഗീയ ശക്തികളായ ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും തമ്മിൽ എന്താണ് ചർച്ച നടത്തിയതെന്ന് വെളിപ്പെടുത്തുകയാണ് വേണ്ടത്. രാജ്യത്ത് കൃസ്ത്യൻ ന്യുനപക്ഷങ്ങളെയും വേട്ടയാടുകയാണ്. അതിനെതിരെ 80 ഓളം സംഘടനകർ ചേർന്ന് ഡൽഹിയിൽ വലിയ പ്രതിഷേധം തീർത്തു. അവർ പറഞ്ഞത് 21 സംസ്ഥാനങ്ങളിൽ അവർ വേട്ടയാടപ്പെടുന്നു എന്നാണ്. ആ സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ കേരളമില്ല എന്നതാണ് നമ്മുടെ സംസ്ഥാനത്തിൻ്റെ മേൻമ അഭിമാനകരമായ കാര്യമാണിത്.
മോഡിയും പിണറായിയും തമ്മിൽ വ്യത്യാസമില്ലെന്ന കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിൻ്റെ പ്രസ്താവന എന്തടിസ്ഥാനത്തിലാണ്. ശരിയായ കാഴ്ചപാടില്ലാത്തതിൻ്റെ പ്രശ്നമാണത്. ജനകീയ ബദൽ നയങ്ങൾ ഉയർത്തിയാണ് സംസ്ഥാനസർക്കാർ ക്ഷേമപ്രവർത്തനങ്ങൾ നടത്തുന്നത്. കൂടുതൽ നിക്ഷേപങ്ങൾ ആകർഷിച്ചും ക്ഷേമപെൻഷനുകൾ നൽകിയുമാണ് സർക്കാർ മുന്നോട്ട് പോകുന്നത്. അത് കാണുമ്പോൾ കോൺഗ്രസിനും ബിജെപിക്കും അസ്വസ്ഥതയുണ്ടാകും ഞങ്ങളത് കാര്യമാക്കുന്നില്ല.
വാഹനത്തിലല്ല, നടന്നാണ് ജാഥ നടത്തേണ്ടതെന്ന കോൺഗ്രസ് വിമർശനം കാര്യമില്ല. സിപിഎം പ്രവർത്തകർ ജനുവരിയിൽ വലിയ രീതിയിൽ ഗൃഹസന്ദർശന പരിപാടികളിലുടെ ഓരോ വീട്ടിലും എത്തി കാര്യങ്ങൾ വിശദമാക്കിയിരുന്നു. അതിന് ശേഷമാണ് ജനകീയ ജാഥ നടത്തുന്നത്. വലിയ ജനപങ്കാളിത്തമാണ് ജാഥയിലുള്ളതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ജാഥാംഗങ്ങളായ സി എസ് സുജാത, എം സ്വരാജ്, കെടി ജലീൽ, ജെയ്ക് സി തോമസ്, മാനേജർ പി കെ ബിജു എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.