കാസർകോട്: ആർഎസ്എസുമായി ജമാഅത്തെ ഇസ്ലാമി നടത്തിയ ചർച്ച വെൽഫെയർ പാർട്ടിയുടെയോ ജമാഅത്തെ ഇസ്ലാമിയുടെയോ മാത്രം ബുദ്ധിയിൽ ഉദിച്ചതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ചർച്ചയിൽ കോൺഗ്രസ്, ലീഗ്, വെൽഫെയർ പാർട്ടി ത്രയത്തിന് പങ്കുണ്ടോ എന്ന് വ്യക്തമാക്കണമെന്നും മഖ്യമന്ത്രി ആവശ്യപ്പെട്ടു. മഞ്ചേശ്വരം കുമ്പളയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കോൺഗ്രസിലെ ഒരു വിഭാഗം ആർഎസ്എസിനോട് മൃദു നിലപാട് സ്വീകരിക്കുന്നവരാണ്. ലീഗിലെ ഒരു വിഭാഗം ജമാഅത്തെ ഇസ്ലാമിയോടും. വെൽഫെയർ പാർട്ടി കേരളത്തിൽ കോൺഗ്രസിൻ്റെയും ലീഗിൻ്റെയും കൂടെ അണിനിരന്നവരാണ്. ജമാഅത്തെ ഇസ്ലാമി ആർഎസ്എസുമായി ചർച്ച നടത്തിയതിനെ ഒട്ടേറെ മുസ്ലിം സംഘടനകൾ വിമർശിച്ചു. ന്യൂനപക്ഷം പൊതുവേ ആഗ്രഹിക്കുന്ന കാര്യമല്ല ജമാഅത്തെ ഇസ്ലാമി ചെയ്തിട്ടുള്ളത്. എന്ത് കാര്യമാണ് അവർക്ക് തമ്മിൽ സംസാരിക്കാൻ ഉള്ളതെന്ന് ചോദ്യമുയരുന്നു.
ലീഗിൻ്റെ നേതൃത്വത്തിലെ ഒരു വിഭാഗമാണ് വെൽഫെയർ സഖ്യത്തിന് നേതൃത്വം കൊടുത്തത്. ഇത് ലീഗിനകത്ത് പലരും എതിർത്തതാണ്. അത് അവഗണിച്ചാണ് ജമാഅത്തെ ഇസ്ലാമിയെ കൂടി കൂടെ നിർത്തുക എന്നത് നിലപാടായി എടുത്തത്. ആർഎസ്എസുമായുള്ള ചർച്ചയിൽ യുഡിഎഫ് ഏതെങ്കിലും തരത്തിലുള്ള പങ്ക് വഹിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കണം. ദുരൂഹമായ ഒരു കാര്യമാണ് ഉണ്ടായിട്ടുള്ളത്.
വർഗീയതയുടെ ആപത്ത് രൂക്ഷമായ നിലയിൽ വളർന്നുവരികയാണ്. ഇടതുപക്ഷം പൊതുവിലും സിപിഎം പ്രത്യേകിച്ചും ഇതിനെതിരെ ശക്തമായ നിലപാടെടുത്ത് പോരാടുകയാണ്. കഴിഞ്ഞദിവസമാണ് ഹരിയാനയിൽ രണ്ട് പേരെ ചുട്ടുകൊന്ന ക്രൂരത പുറത്തുവന്നത്. മുസ്ലിമാ ണെന്നത് മാത്രമാണ് കൊലയ്ക്ക് കാരണം. ഇത്തരത്തിൽ പ്രവർത്തിക്കുന്ന സംഘ പരിവാറിനോട് എന്ത് ചർച്ചയാണ് നിങ്ങൾക്ക് നടത്താനുള്ളത്.
ജനകീയ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ കേന്ദ്രം വർഗ്ഗീയത ആളിക്കത്തിക്കുകയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തെ സഹായിക്കുന്ന നിലപാടല്ല കേന്ദ്രത്തിനുള്ളത്. കേന്ദ്രം കാണിക്കുന്ന അവഗണനയ്ക്കെതിരെ പ്രതിപക്ഷം മിണ്ടുന്നില്ല. കേരളത്തിലെ പ്രതിപക്ഷം അവകാശപ്പെടുന്നത് മതനിരപേക്ഷമെന്നാണ്. എന്തുകൊണ്ട് കേന്ദ സർക്കാർ നിലപാടുകളെക്കുറിച്ച് യുഡിഎഫ് പ്രതികരിക്കുന്നില്ല?
കേന്ദ്രം ഭരിക്കുന്ന ബി ജെ പി യുടെ വാദം കോൺഗ്രസ് ഏറ്റെടുക്കുന്നത് എന്തിനാണെന്ന് മുഖ്യമന്ത്രി ചോദിച്ചു.
കേന്ദ്രം പൂട്ടിയ പൊതുമേഖല സ്ഥാപനങ്ങൾ കേരളം ഏറ്റെടുത്ത് പ്രവർത്തിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മികവാർന്ന നിലയിൽ പ്രവർത്തിക്കുന്ന പി എസ് സി ക്ക് എതിരെ ഹീനമായ പ്രചാരണം നടക്കുന്നു. കേരളത്തിന് പ്രതിപക്ഷം സർവ്വത്ര ദൂഷ്യം ചാർത്തുന്നു. കേരളം രാജ്യത്തേക്കാൾ സാമ്പത്തിക വളർച്ച നേടി. പക്ഷെ കേരളം കടക്കെണിയിൽ എന്ന് ആക്ഷേപിക്കുന്നു. കേരളം വ്യവസായ സൗഹൃദം അല്ല എന്ന കൊണ്ടു പിടിച്ച പ്രചാരണം നടത്തുന്നു. എന്നാൽ സംസ്ഥാനത്തെ സംരംഭകർക്ക് ഈ അഭിപ്രായമില്ല.
സംരഭക വർഷത്തിൽ ഒരു ലക്ഷം സംരഭം എന്ന പദ്ധതി നടപ്പാക്കി. 1.30 ലക്ഷം സംരംഭങ്ങളിൽ ഈ പദ്ധതി എത്തി എന്നതാണ് വസ്തുത. പക്ഷെ ഇത് കള്ളക്കണക്കാണെന്ന പ്രചാരണം നടത്തുന്നു. വലതു പക്ഷ മാധ്യമങ്ങൾ തെറ്റായ പ്രചാരണം അഴിച്ചു വിടുകയാണ്.
ഇന്നത്തെ കാലത്ത് ഏറ്റവും പ്രാധാന്യമർഹിക്കുന്നതാണ് വർഗീയതക്കെതിരായ സമരം. രാജ്യത്ത് വർഗീയതയുടെ ആപത്ത് വളർന്നുവരുന്നു. അതിനെ സമൂഹമാകെ ഗാരവത്തോടെ കാണേണ്ടതുണ്ട്. വർഗീയതയ്ക്കെതിരെ ഉറച്ച നിലപാടെടുത്ത് സിപിഎമ്മും ഇടതുപക്ഷവും പോരാടുന്നു. സമൂഹമാകെ ഈ പോരാട്ടത്തിലേക്ക് ഉയരേണ്ടതായിട്ടുണ്ട്. ആ സന്ദേശം ജനങ്ങളിലെത്തിക്കുകയാണ് ജനകീയ പ്രതിരോധജാഥയുടെ ഉദ്ദേശ്യം. കേന്ദ്രസർക്കാർ തുടരുന്ന നയങ്ങൾ വിവിധ തലങ്ങളിൽ രാജ്യത്തിനും ജനത്തിനും സംസ്ഥാനങ്ങൾക്കും ഫെഡറൽ തത്വങ്ങൾക്കും മതനിരപേക്ഷതയ്ക്കും ഭരണഘടനയ്ക്കും പാർലമെന്ററി ജനാധിപത്യത്തിനും എതിരാണ്. ഇന്ത്യയെ മതരാഷ്ട്രമാക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.