തിരുവനന്തപുരം: അതിദരിദ്ര വിഭാഗത്തിൽ പെടുന്ന 64,006 കുടുംബങ്ങൾക്ക് ഇനി സംസ്ഥാന സർക്കാരിൻ്റെ തണൽ. ഈ കുടുംബങ്ങളെ ഏറ്റെടുത്ത് പൂർണമായും സർക്കാർ ചെലവിൽ സംരക്ഷിക്കും. ക്ഷേമ, പരിരക്ഷാ പദ്ധതികൾ സൗജന്യമാക്കും. വികേന്ദ്രീകൃതാസൂത്രണ കോ–-ഓർഡിനേഷൻ സമിതിയാണ് ഈ തീരുമാനമെടുത്തത്. ഈ കുടുംബങ്ങൾക്ക് ആഹാരവും വാസസ്ഥലവും അവകാശരേഖയും ഉറപ്പുവരുത്തും. ജീവിക്കാൻ ഒരു മാർഗവുമില്ലാത്തവരെ ഷെൽട്ടർഹോമുകളിലേക്ക് മാറ്റി സംരക്ഷിക്കും.
ആധാർ, റേഷൻകാർഡുപോലുള്ള അടിസ്ഥാന രേഖകൾ ആദ്യം തയ്യാറാക്കി നൽകും. തൊഴിൽ ചെയ്യാൻ കഴിയുന്നവർക്ക് അനുയോജ്യമായ സംവിധാനമുണ്ടാക്കും. പശു–- ആട് വളർത്തൽ, പെട്ടിക്കട തുടങ്ങിയവ നൽകും. വൃത്തിയുള്ള താമസസൗകര്യം ഉറപ്പുവരുത്തും. അതിദരിദ്രരിൽ 43,850 ഏകാംഗ കുടുംബമാണ്. 9841 എണ്ണത്തിൽ രണ്ടു പേരും 5165 കുടുംബത്തിൽ മൂന്ന് പേർ വീതവുമുണ്ട്. 3021 പട്ടികവർഗ കുടുംബവും 12,763 പട്ടികജാതി കുടുംബവുമുണ്ട്. 2737 തീരദേശ കുടുംബവും അതിദരിദ്രരായുണ്ട്. സർവേ നടത്തി കണ്ടെത്തിയ അതിദരിദ്രരുടെ സംരക്ഷണത്തിന് ഏതെല്ലാം പദ്ധതികളാണ് നടപ്പാക്കേണ്ടതെന്ന് തദ്ദേശ സ്ഥാപനങ്ങൾ മൈക്രോ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്.