കൊച്ചി: ഡോ. സിസ തോമസിന് കേരള സാങ്കേതിക വൈസ് ചാൻസലറുടെ താൽക്കാലിക ചുമതല നൽകിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ നടപടി ചട്ടപ്രകാരമല്ലെന്ന് ഹൈക്കോടതി. സിസാ തോമസിനെ നീക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്നും ഹൈക്കോടതി ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. സംസ്ഥാന സർക്കാരിനോട് ആലോചിക്കാതെയാണ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയന്റ് ഡയറക്ടറായിരുന്ന ഡോ. സിസാ തോമസിനെ സാങ്കേതിക സർവ്വകലാശാല താൽക്കാലിക വിസിയായി ഗവർണ്ണർ നിയമിച്ചത്.
ഗവർണർ നടത്തിയ താൽക്കാലിക നിയമനമായതു കൊണ്ട് ഇടപെടുന്നില്ലെന്ന് പറഞ്ഞ കോടതി സിസ തോമസിന് 6 മാസം പോലും തുടരാൻ അവകാശമില്ലെന്ന് വ്യക്തമാക്കി. സർക്കാറിന് തുടർനടപടികളുമായി മുന്നോട്ട് പോകാമെന്നും കോടതി അറിയിച്ചു .
താൽക്കാലിക നിയമനമാണെങ്കിൽ പോലും സർക്കാരിൻ്റെ ശുപാർശ പാലിച്ചു മാത്രമേ വി സി മാരുടെ നിയമനം സാധ്യമാകു എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. പുതിയ വിസിയെ നിയമിക്കാൻ സർക്കാർ മൂന്ന് പേരുടെ പട്ടിക ഗവർണർക്ക് നൽകണം.യു ജി സി ചട്ടപ്രകാരം ഈ പട്ടികയിൽ നിന്നും പുതിയ വിസി യെ തെരഞ്ഞെടുക്കാം എന്നും കോടതി നിർദ്ദേശിച്ചു. സിസ തോമസിൻ്റെ നിയമനത്തിനെതിരെ സർക്കാരിൻ്റെ അപ്പീൽ പരിഗണിച്ചാണ് ഡിവിഷൻ ബഞ്ചിൻ്റെ ഉത്തരവ്.