പൊൻകുന്നം: കേരളത്തെ അധിക്ഷേപിച്ച അമിത്ഷായ്ക്കും നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി പിണറായി വിജയൻ്റെ മറുപടി. കേരളത്തിൻ്റെ സ്ഥിതി എന്താണെന്ന് എല്ലാവർക്കും അറിയാമെന്നും എന്ത് അപകടമാണ് കേരളത്തിലുള്ളതെന്ന് അമിത് ഷാ വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കോട്ടയം പൊൻകുന്നത്ത് സിപിഎം വാഴൂർ ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി .
തൊട്ടടുത്ത് കേരളമുണ്ട് , സൂക്ഷിക്കണം എന്ന് കർണാടകത്തിൽ പ്രസംഗിച്ച അമിത് ഷായോട് എന്ത് അപകടമാണ് കേരളത്തിലുള്ളതെന്നു വ്യക്തമാക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേരളത്തെക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ല എന്നാണ് അമിത് ഷാ പറഞ്ഞത്. പറയാനുള്ളത് പറയാതെ നിർത്തിയത് എന്തിനാണെന്ന് മുഖ്യമന്ത്രി ചോദിച്ചു.
കർണാടകയിൽ ന്യൂനപക്ഷ വിഭാഗങ്ങൾ വ്യാപക ആക്രമണത്തിന് ഇരയാകുന്നു. കേരളത്തിൽ മതന്യൂനപക്ഷങ്ങൾ സുരക്ഷിതരാണ്. ഇവിടെ ഏത് മതവിശ്വാസിക്കും വിശ്വാസങ്ങളില്ലാത്തവർക്കും സ്വസ്ഥമായി ജീവിക്കാം. ബി ജെ പി ഭരിക്കുന്നിടത്തെല്ലാം വർഗ്ഗീയ സംഘർഷങ്ങളും കലാപങ്ങളും സൃഷ്ടിക്കുന്നു. അത് നടക്കാത്ത ഏക ഇടം കേരളമാണ്. കേരളത്തിലും വർഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാനാണ് അമിത്ഷായുടെയും കൂട്ടരുടെയും മോഹം. അത് ഇവിടെ നടക്കില്ലെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. ഇത് മത നിരപേക്ഷതയുടെ നാടാണ്. വർഗീയതയെ ചെറുത്ത് ജീവൻ കൊടുത്തവർ രൂപപ്പെടുത്തിയ നാടാണ്.
ത്രിപുര തെരഞ്ഞെടുപ്പ് വിഷയത്തിൽ മോദി നടത്തിയ പരാമർശത്തെയും മുഖ്യമന്ത്രി വിമർശിച്ചു. കേരളത്തിൽ ഗുസ്തി പിടിക്കുന്നവർ ത്രിപുരയിൽ ദോസ്തുക്കൾ എന്നായിരുന്നു മോദിയുടെ പരിഹാസം. കോൺഗ്രസ് നടത്തിയ അതിക്രമങ്ങളെയും ത്രിപുരയിലെ പാർട്ടി നേതൃത്വം നേരിട്ട ചരിത്രം ഉണ്ട്. ത്രിപുരയിൽ പാർട്ടിയെ ഇല്ലാതാക്കാൻ കോൺഗ്രസ് പരമാവധി ശ്രമിച്ചിട്ടുണ്ട്. ആ നീക്കത്തെ പാർട്ടി ചെറുത്തുതോൽപ്പിച്ചു. എന്നാൽ ഇന്ന് സംഘപരിവാർ അതിക്രമങ്ങളുടെ വിളനിലമായി ത്രിപുര മാറിയിരിക്കുന്നു. ഇത്തരത്തിൽ വസ്തുതകളെ മറച്ചുപിടിച്ചുകൊണ്ട് മോദിയും അതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിവിധ സംസ്ഥാനങ്ങളിൽ പ്രാദേശികമായി ശക്തിയുള്ള കക്ഷികളുണ്ട്. അവരെ ഏകോപിപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.