തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണ കരാർ വ്യവസ്ഥ പ്രകാരം സംസ്ഥാന സർക്കാർ ഘട്ടം ഘട്ടമായി നൽകേണ്ട തുക കൈമാറുന്നത് ഓഹരികമ്പോളത്തിൽ തല കുത്തി വീണ അദാനിയെ സഹായിക്കാനെന്ന മട്ടിൽ വ്യാഖ്യാനിച്ച് മാതൃഭൂമിയും മനോരമയും അടക്കമുള്ള മാധ്യമങ്ങളുടെ വിടുപണി. അദാനിക്കായി കേരളം വായ്പയെടുക്കുന്നു എന്നാണ് മാതൃഭൂമിയും മനോരമയും ചിത്രീകരിച്ചത്. അദാനി ഗ്രൂപ്പിനു നൽകാൻ സംസ്ഥാന സർക്കാർ 850 കോടി രൂപ അടിയന്തരമായി വായ്പയെടുക്കുമെന്ന് മാതൃഭൂമി. അധാനിക്കായി വായ്പ്പയെടുക്കാൻ കേരളം പുലിമുട്ടിനു 400 കോടി രൂപ വയബിലിറ്റി ഗ്യാപ് ഫണ്ടായി 818 കോടിയെന്ന് മനോരമ.
കേന്ദ്ര സർക്കാർ ഒത്താശയിൽ തടിച്ചു കൊഴുത്ത അദാനിയുടെ സാമ്രാജ്യം തകർന്നു വീഴുമ്പോൾ എൽഡിഎഫ് ഗവൺമെന്റ് അദാനിക്ക് സഹായവുമായെത്തുന്നു എന്ന് വരുത്തി തീർക്കാനുള്ള അഭ്യാസത്തിലാണ് മാതൃഭൂമിയും മനോരമയും.
എന്താണ് വസ്തുത:
2015 ആഗസ്ത് 17 ന് യുഡിഎഫ് സർക്കാർ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡുമായി ഒപ്പുവെച്ച കരാർ പ്രകാരം ഘട്ടം ഘട്ടമായി നൽകേണ്ട പണമാണിത്. അദാനി പോർട്സ് ആന്റ് സ്പെഷ്യൽ ഇക്കണോമിക് സോൺ പദ്ധതിക്കായി രൂപീകരിച്ച പ്രത്യേക ഉദ്ദേശ കമ്പനിയാണ് അദാനി വിഴിഞ്ഞം പോർട് പ്രൈവറ്റ് ലിമിറ്റഡ്.
യുഡിഎഫ് സർക്കാർ ഒപ്പിട്ട കരാർപ്രകാരം 1450 കോടിയുടെ ബ്രേക്ക് വാട്ടർ നിർമ്മാണത്തിൻ്റെ മുപ്പത് ശതമാനം പൂർത്തിയായാൽ ആദ്യ ഗഡുസംഖ്യ നൽകണം. ഇതിനായി 400 കോടി രൂപ ഹഡ്കോയിൽനിന്ന് വായ്പ എടുക്കാൻ 2020 ൽ തന്നെ മന്ത്രിസഭ അംഗീകാരം നൽകിയതാണ്. സർക്കാർ ഗ്യാരൻ്റിയിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖനിർമ്മാണ കമ്പനി (വിസിൽ )യാണ് വായ്പ എടുക്കുന്നത്.
പലവിധ കാരണങ്ങളാൽ തുറമുഖനിർമ്മാണം നീണ്ടുപോയതിനാൽ അനാവശ്യമായി പലിശ നൽകുന്നത് ഒഴിവാക്കാൻ തുറമുഖം പ്രവർത്തന ക്ഷമമാകുന്നതിൻ്റെ പരമാവധി സമയം അടുപ്പിച്ചുമാത്രം വായ്പ എടുത്താൽ മതി എന്ന് വിസിൽ തീരുമാനിക്കുകയായിരുന്നു. നിർമ്മാണ കമ്പനിയുമായുള്ള കരാർപ്രകാരം തുറമുഖം കമ്മീഷൻ ചെയ്ത് 15 വർഷം കഴിഞ്ഞാൽ അടിസ്ഥാന വരുമാനത്തിൻ്റെ ഒരു ശതമാനം ഓരോവർഷവും ഓരോ ശതമാനം വീതം വർദ്ധിപ്പിച്ച് 25 വർഷം സംസ്ഥാനത്തിന് നൽകണം. പോർട്ടിൽ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് ഹഡ്കോ വായ്പ തിരിച്ചടക്കാൻ കഴിയുംവിധമാണ് വായ്പ ക്രമീകരിക്കുന്നത്. ഇതുപ്രകാരം ആദ്യ പതിനഞ്ച് വർഷത്തേക്ക് വായ്പ തുകയുടെ പലിശ മാത്രം തിരിച്ചടക്കാനും, പിന്നീട് തവണകളായി വായ്പ തുക തിരിച്ചടക്കാനുമാണ് ഉദ്ദേശം.
വയബിലിറ്റി ഗ്യാപ് ഫണ്ടിൻ്റെ കേന്ദ്ര വിഹിതം ലഭ്യമാക്കാൻ ആവശ്യമായ നടപടിക്രമങ്ങൾ സംസ്ഥാന സർക്കാർ മാസങ്ങൾക്ക് മുമ്പ് ആരംഭിച്ചതാണ്. കേരളത്തിന് വയബിലിറ്റി ഗ്യാപ് ഫണ്ട് ലഭിക്കുന്ന ഏക പദ്ധതിയാണ് വിഴിഞ്ഞം തുറമുഖം. ഇതിൻ്റെ നടപടിക്രമങ്ങൾ പുരോഗമിക്കുകയുമാണ്.
വസ്തുതകൾ തലകീഴായി അവതരിപ്പിക്കുന്ന മാധ്യമ ശൈലിയുടെ തുടർച്ച:
തുറമുഖ മന്ത്രിയുടെ ഓഫീസ്
വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് കരാർ പ്രകാരമുള്ള തുക നൽകുകയാണെന്ന യാഥാർഥ്യം മറച്ചുവെച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കാനാണ് ചില മാധ്യമങ്ങൾ ശ്രമിക്കുന്നതെന്ന് തുറമുഖ മന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിൽ പറഞ്ഞു. തുറമുഖ നിർമ്മാണ കരാർ പ്രകാരമുള്ള സാമ്പത്തിക ക്രയവിക്രയങ്ങൾ അദാനിയെ സഹായിക്കാനെന്ന ധ്വനിയിൽ അവതരിപ്പിക്കുന്നത് കാര്യങ്ങൾ തലകീഴാക്കുന്ന മാധ്യമ ശൈലിയുടെ ഭാഗമാണ്. അദാനിക്ക് സംസ്ഥാന സർക്കാർ എന്തോ വഴിവിട്ട സഹായം നൽകുന്നു എന്ന രൂപത്തിലുള്ള വാർത്തകൾക്ക് പിന്നിൽ നിക്ഷിപ്ത താൽപ്പര്യങ്ങളുണ്ട്. എല്ലാവിധ പ്രതിസന്ധികളും അതിജീവിച്ച് സംസ്ഥാനത്തിൻ്റെ അഭിമാനമായ വിഴിഞ്ഞം തുറമുഖത്ത് സപ്തംബറിൽ ആദ്യ കപ്പൽ എത്തിക്കുമെന്ന പിണറായി സർക്കാറിൻ്റെ ഉറപ്പ് യാഥാർത്ഥ്യമാകുമെന്ന് വാർത്താക്കുറിപ്പിൽ പറഞ്ഞു.