തിരുവനന്തപുരം: മുട്ടത്തറയിൽ മത്സ്യത്തൊഴിലാളികൾക്കായി നിർമിക്കുന്ന ഭവനസമുച്ചയത്തിൻ്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഫിഷറീസ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. സർക്കാരിൻ്റെ രണ്ടാം വാർഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. ഏത് പ്രതിസന്ധി ഘട്ടത്തിലും മത്സ്യത്തൊഴിലാളികളെ കൈവിടാതെ ചേർത്തുപിടിച്ച് കൈ പിടിച്ചുയർത്തുകയാണ് എൽ ഡി എഫ് സർക്കാർ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാരായ വി ശിവൻകുട്ടി, ആന്റണി രാജു , ജി ആർ അനിൽ, വി അബ്ദുറഹിമാൻ, അഹമ്മദ് ദേവർ കോവിൽ , മേയർ ആര്യ രാജേന്ദ്രൻ , എം എൽ എ മാരായ വി ജോയി, കെ. ആൻസലൻ, തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച് ബിഷപ് റവ. തോമസ് ജെ നെറ്റോ, പാളയം ഇമാം ഡോ.വി പി സുഹൈബ് മൗലവി, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഡി സുരേഷ്കുമാർ തുടങ്ങിയവർ സംബന്ധിച്ചു.
കടലിൻ്റെ മക്കൾക്ക് സുരക്ഷിത കിടപ്പാടമൊരുക്കുന്ന പുനർഗേഹം ബൃഹത് പദ്ധതിയുടെ ഭാഗമായാണ് മുട്ടത്തറയിൽ ക്ഷീരവികസന വകുപ്പിൻ്റെ ഉടമസ്ഥതയിലുള്ള എട്ട് ഏക്കറിൽ 400 ഫ്ലാറ്റ് അടങ്ങിയ ഭവനസമുച്ചയങ്ങൾ നിർമിക്കുന്നത്. പൊതുഉപയോഗ സൗകര്യങ്ങൾ ഉൾപ്പെടെ 635 ചതുരശ്രയടി വിസ്തീർണം ഓരോ യൂണിറ്റിനുമുണ്ടാകും. രണ്ട് കിടപ്പ് മുറിയും ഒരു ഹാളും അടുക്കളയും ശൗചാലയവുമുണ്ടാകും. 81 കോടി രൂപയാണ് ആകെ ചെലവ്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ–- ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിർമാണച്ചുമതല. ഒന്നരവർഷത്തിനുള്ളിൽ പൂർത്തീകരണം ലക്ഷ്യമിടുന്നു. കടലാക്രമണത്താൽ ഭൂമിയും വീടും നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾ ക്യാമ്പുകളിലും മറ്റും കഴിയുന്ന കാഴ്ചയായിരുന്നു 2016ൽ അധികാരമേൽക്കുമ്പോൾ സർക്കാരിന് മുമ്പിൽ ഉണ്ടായിരുന്നത്.
കടലാക്രമണത്തിൽ ഭവനരഹിതരായ മുഴുവൻ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും സുരക്ഷിതമേഖലയിൽ ഭവനമൊരുക്കിയ മുട്ടത്തറയിലെ പ്രതീക്ഷ ഫ്ലാറ്റ് പദ്ധതി പുനരധിവാസത്തിന് മാതൃകയായി. തുടർന്ന് കടലാക്രമണഭീഷണിയിൽ കഴിയുന്ന മുഴുവൻ കുടുംബങ്ങൾക്കും സുരക്ഷിതമേഖലയിൽ ഭവനമൊരുക്കാൻ സംസ്ഥാന സർക്കാർ 2450 കോടി രൂപയുടെ ‘പുനർഗേഹം’ പദ്ധതി ആവിഷ്കരിച്ചു.
പുനർഗേഹം പദ്ധതിപ്രകാരം ഗുണഭോക്താവ് ഭൂമി വാങ്ങി വീട് നിർമിക്കുകയാണെങ്കിൽ 10 ലക്ഷം രൂപ ധനസഹായം ലഭിക്കും. ഭൂമി ഏറ്റെടുത്ത് ഭവനസമുച്ചയങ്ങൾ നിർമ്മിക്കുന്നുമുണ്ട്. ഇതിനകം 390 ഫ്ലാറ്റും 1876 വ്യക്തിഗത ഭവനങ്ങളുമടക്കം 2266 കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ കഴിഞ്ഞു. 1376 ഫ്ലാറ്റുകളുടെയും 1336 വീടുകളുടെയും നിർമ്മാണം പുരോഗമിക്കുന്നു.