ലെപാ റാഡിക്, ലോകം തന്നെ നെഞ്ചിൽ സൂക്ഷിക്കുന്ന പേരാണ് ലെപാ റാഡിക്. രണ്ടാം ലോകമഹായുദ്ധ കാലത്ത് നാസികൾക്കെതിരെ പോരാടിയ യൂഗോസ്ളാവിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയംഗവും സായുധ പോരാളിയുമാണ് ലെപാ റാഡിക്. ഇന്ന് ഈ ധീര പോരാളിയുടെ രക്തസാക്ഷി ദിനമാണ്. ചുരുക്കി പറഞ്ഞാൽ ഒരു 17 വയസുകാരിയുടെ ധീരതയ്ക്ക് മുന്നിൽ ഹിറ്റ്ലറുടെ നാസിപ്പട്ടാളം പകച്ചു നിന്ന ദിനം. 1943 ഫെബ്രുവരിയിൽ പതിനേഴാം വയസ്സിലാണ് ലെപാ വധശിക്ഷക്ക് വിധേയയാക്കപ്പെടുന്നത്.
നാസികൾക്ക് എതിരെ പോരാടി എന്നതായിരുന്നു ലെപാ റാഡികിൻ്റെ പേരിൽ ചാർത്തപ്പെട്ട കുറ്റം. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം സ്വന്തം അമ്മാവനായ വ്ലാഡിറ്റ റാഡിക്കിൻ്റെ സ്വാധീനം മൂലം കമ്മ്യൂണിസ്റ്റ് യൂത്ത് ഓഫ് യുഗോസ്ലാവിയയിലും അതിനു ശേഷം കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് യുഗോസ്ലോവിയലും അംഗമായി. 1941 രണ്ടാം ലോക മഹായുദ്ധ സമയത് സഹോദരിയോടൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ അടച്ചെങ്കിലും മറ്റു പാർട്ടി സഖാക്കളുടെ സഹായത്തോടെ ജയിൽ ചാടി. അന്ന് അവൾക്ക് വെറും 17 വയസ് മാത്രമാണ്.
യുദ്ധമുഖത്തു പടയാളിയായി , യുദ്ധത്തിൽ അപകടം സംഭവിക്കുന്ന യോദ്ധാക്കളെ സുരക്ഷിതരായി താവളത്തിലെത്തിക്കുക എന്നതായിരുന്നു ലേപാ റാഡിക്കിൻ്റെ യുദ്ധ കാലത്തെ ചുമതല. ഒരു ഘട്ടത്തിൽ യുദ്ധ മുഖത്തുവച്ചു ലേപ റാഡിക് നാസി പട്ടാളത്തിൻ്റെ പിടിയിലായി. ദിവസങ്ങളോളം ഉള്ള കൊടും പീഡനത്തിനൊടുവിൽ ലേപ റാഡിക്കിനെ നാസി പട്ടാളം തൂക്കികൊല്ലാൻ തീരുമാനിച്ചു. കഴുമരത്തിലേറ്റി കഴുത്തിൽ തൂക്കുകയർ ഇട്ടപ്പോഴും ഭയം അവളുടെ കണ്ണുകളെ പിടികൂടിയിരുന്നില്ല. വധശിക്ഷയിൽ നിന്ന് ഇളവ് നൽകാം, ഇതിന് കൂടെ നിന്ന സഖാക്കളുടെയും നേതാക്കളുടെയും പേരുവിവരങ്ങൾ നൽകിയാൽ മതിയെന്ന് നാസികൾ അറിയിച്ചപ്പോൾ ആ ദയാദാക്ഷണ്യം തനിക്ക് വേണ്ടെന്ന് മുഖത്ത് നോക്കി പറഞ്ഞ ധീരവനിതയാണ് ലെപാ റാഡിക്.
അവർ വരും എൻ്റെ സഖാക്കൾ. എൻ്റെ മരണത്തിന് പകരം ചോദിക്കാൻ, അപ്പോൾ അവർ നെഞ്ചും വിരിച്ചു നിന്ന് നിങ്ങളോട് അവർ അവരുടെ പേരുകൾ പറയുമെന്നാണ് അന്ന് ലെപാ റാഡിക് നൽകിയ മറുപടി. ഈ വാക്കുകൾ സഖാക്കളും നെഞ്ചിലേറ്റി. പിന്നീട് നാസികളുടെ ഒരു തരിപോലും അവശേഷിപ്പിക്കാതെ അവൾക്കായി പകരം ചോദിക്കുകയും ചെയ്തു. ലോകത്തെ ഓരോ കമ്മ്യൂണിസ്റ്റ് പോരാളികൾക്കും ആവേശമുണ്ടാക്കുന്ന വാക്കുകളാണ് ലെപാ റാഡിക് മരണത്തിനു മുന്നിൽ നിൽക്കുമ്പോഴും പറഞ്ഞത്.
രക്തസാക്ഷിത്വാനന്തരം 1951 ഡിസംബർ 20ന് ഓർഡർ ഓഫ് ദി പീപ്പിൾസ് ഹീറോ എന്ന ബഹുമതിക്ക് അർഹയായി. അച്ചുതണ്ട് ശക്തികളോട് തീർത്ത ശക്തമായ പ്രതിരോധത്തിൻ്റെ ബഹുമതിയായാണ് ഈ പുരസ്കാരം നൽകപ്പെട്ടത്. അന്ന് ഈ പുരസ്കാരം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ലെപാ ആയിരുന്നു. ഈ 17 വയസുകാരി ഇന്നും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തീരാത്ത ആവേശവും അഭിമാനവും കൂടിയാണ്.