കൊച്ചി : മകളുടെ വിവാഹം ക്ഷണിക്കാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മുഖ്യമന്ത്രിയെ സന്ദർശിച്ചതിനെ ദുർവ്യാഖ്യാനം ചെയ്ത് വ്യാജ വാർത്ത സൃഷ്ടിച്ച ദൃശ്യ മാധ്യമങ്ങൾക്ക് പ്രഹരം. ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് എസ് മണികുമാർ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചതു സംബന്ധിച്ചാണ് മാധ്യമങ്ങൾ കള്ളക്കഥയുണ്ടാക്കി ശനിയാഴ്ച പകൽ മുഴുവൻ ആറാടിയത്. മാധ്യമങ്ങൾ കഥ മെനയുകയാന്നെന്ന്
ഹൈക്കോടതി രൂക്ഷ വിമർശനം നടത്തി. യാഥാർഥ്യവുമായി ഒരു ബന്ധവുമില്ലാത്ത വാർത്തകളിൽ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി.
ശനിയാഴ്ച കാലത്ത് എറണാകുളം ഗസ്‌റ്റ് ഹൗസിലായിരുന്നു മുഖ്യമന്ത്രി – ചീഫ് ജസ്റ്റിസ് കൂടിക്കാഴ്‌ച. മകളുടെ വിവാഹം ക്ഷണിക്കാനാണ് ചീഫ് ജസ്‌റ്റിസ് എത്തിയത്.
എന്നാൽ, നിമിഷങ്ങൾക്കകം വിവാദ പരാമർശങ്ങളുമായി ചാനലുകൾ രംഗത്തിറങ്ങി. ജഡ്‌ജിക്കെന്ന പേരിൽ കൈക്കൂലി വാങ്ങിയ അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരിനെതിരായ കേസുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്‌ചയെന്നായിരുന്നു ചില ദൃശ്യമാധ്യമങ്ങളുടെ കഥ. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ളതിനാലാണ് മുഖ്യമന്ത്രിയെ കണ്ടതെന്നും ചില ജഡ്ജിമാരെ ചോദ്യം ചെയ്യാനിടയുണ്ടെന്നും വരെ കഥ പരത്തി. വിവാദ പരാമർശങ്ങളുമായി ചാനലുകൾ വാർത്താ സംപ്രേഷണം തുടർന്നു. കള്ളക്കഥ ശ്രദ്ധയിൽ പെട്ടതോടെ വസ്തുത വ്യക്തമാക്കി ഹൈക്കോടതി പി ആർ ഒ വാർത്താ കുറിപ്പ് ഇറക്കി.
ഇങ്ങിനെയൊരു വാർത്താക്കുറിപ്പ് ഹൈക്കോടതിയുടെ ചരിത്രത്തിൽ അത്യപൂർവമാണ്.