ന്യൂഡൽഹി: റിപ്പബ്ലിക് ദിന പരേഡിൽ കേരളവും കേരളത്തിൻ്റെ സ്ത്രീശക്തിയും ഹൃദയം കവർന്നു. സ്ത്രീ ശാക്തികരണത്തിൻ്റെ ഫോക് പാരമ്പര്യം പ്രമേയമാക്കി അവതരിപ്പിച്ച ഫ്ലോട്ടിനെ നിറഞ്ഞ കയ്യടികളോടെയാണ് രാഷ്ട്രപതിയും വിശിഷ്ഠ വ്യക്തികളും അനുമോദിച്ചത്. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന 24 സ്ത്രീകളാണ് കേരള ഫ്ലോട്ടിൽ അണിനിരന്നത്.
96-ാം വയസ്സിൽ സംസ്ഥാന സാക്ഷരതാ മിഷൻ്റെ അക്ഷരലക്ഷം പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കാർത്ത്യായനിയമ്മയുടെ പ്രതിമ കേരളത്തിൻ്റെ ടാബ്ലോയെ കൂടുതൽ ഹൃദ്യമാക്കി. ഒപ്പം ദേശീയ പതാകയും കയ്യിലേന്തി നിൽക്കുന്ന നഞ്ചിയമ്മയുടെ പ്രതിമയും ബേപ്പൂർ ഉരുവിന്റെ മാതൃകയിലെത്തിയ ടാബ്ലോയിൽ നിറഞ്ഞുനിന്നു.
പെൺകരുത്തും താളവും ചന്തവും നിറഞ്ഞുനിന്ന വനിതകളുടെ ശിങ്കാരിമേളവും, ഗോത്രനൃത്തവും, കളരിപ്പയറ്റും വേറിട്ട അനുഭവമായി. കണ്ണൂർ ജില്ലയിലെ മാങ്ങാട്ടിടം, പാപ്പിനിശ്ശേരി എന്നിവിടങ്ങളിൽ നിന്നുള്ള കുടുംബശ്രീ അംഗങ്ങളാണ് ശിങ്കാരിമേളം അവതരിപ്പിച്ചത്.
കളരിപ്പയറ്റുമായി കളം നിറഞ്ഞത് തിരുവനന്തപുരം സ്വദേശികളായ അമ്മയും മകളുമാണ്. ഇരുളാ വിഭാഗത്തിൽ നിന്നുള്ള എട്ട് സ്ത്രീകൾ ഗോത്ര പാരമ്പര്യം ഉയർത്തി ചുവട് വച്ച് രാജ്യത്തിൻ്റെ ശ്രദ്ധ നേടി. ആദ്യമായാണ് ഗോത്ര നൃത്തം കേരള ടാബ്ലോയുടെ ഭാഗമാകുന്നത്. പോരാട്ടത്തിൻ്റെയും കൃഷിയുടെയും കലയുടെയും വിദ്യാഭ്യാസത്തിൻ്റെയും പാതയിലൂടെ സ്ത്രീ ശാക്തീകരണം എന്ന ആശയം നടപ്പിലാക്കാൻ സാധിക്കുമെന്ന വലിയ സന്ദേശമാണ് കേരളം രാജ്യത്തിന് നൽകിയത്.
അട്ടപ്പാടി കേന്ദ്രമാക്കി നഞ്ചിയമ്മയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഗോത്രകലാമണ്ഡലത്തിൽനിന്നുള്ള എട്ട് കലാകാരികളാണ് ടാബ്ലോയ്ക്ക് നൃത്തം പകരുന്നത്. വിവിധ ഊരുകളിൽനിന്നുള്ള ബി ശോഭ, യു കെ ശകുന്തള, ബി റാണി, കെ പുഷ്പ, സരോജിനി, എൽ രേഖ, വിജയ, എൽ ഗൗരി എന്നിവരാണ് ഗോത്രനൃത്തം അവതരിപ്പിക്കുന്നത്. ഇരുള നൃത്തത്തിൻ്റെ കൊറിയോഗ്രഫി നിർവഹിച്ചത് എസ് പഴനിസ്വാമിയാണ്. തനത് വേഷവിധാനത്തിലാണ് നൃത്താവതരണം. ബേപ്പൂർ റാണി എന്ന് പേരിട്ട് ഉരുമാതൃകയിൽ തയ്യാറാക്കിയ ടാബ്ലോയുടെ ഇരുവശത്തുമായാണ് നൃത്തം അവതരിപ്പിക്കുന്നത്. ടാബ്ലോയിൽ ഗോത്രനൃത്തത്തിനൊപ്പം ശിങ്കാരിമേളവും കളരിപ്പയറ്റും അവതരിപ്പിക്കും.
സ്ത്രീകൾ മാത്രമുള്ള ടാബ്ലോയുടെ ആശയം തയ്യാറാക്കിയതും പ്രതിരോധമന്ത്രാലയത്തിൽ അവതരിപ്പിച്ചതും നോഡൽ ഓഫീസർ സിനി കെ തോമസാണ്. ഡിസൈനർ റോയ് ജോസഫിൻ്റെ നേതൃത്വത്തിൽ ബിഭൂതി ഇവന്റ്സ് ആൻഡ് അസോസിയേറ്റ്സ് പ്രൈവറ്റ് ലിമിറ്റഡാണ് ഫ്ലോട്ടൊരുക്കുന്നത്. പാലക്കാട് സ്വദേശി ജിതിനാണ് സൗണ്ട് എൻജിനിയർ. കണ്ണൂർ സ്വദേശി കലാമണ്ഡലം അഭിഷേകാണ് കർത്തവ്യപഥിന് യോജിച്ച വിധം ശിങ്കാരിമേളം ചിട്ടപ്പെടുത്തിയത്.