കൊച്ചി: പട്ടിണി സൂചികയിലും ദാരിദ്ര്യത്തിലും ലോകരാജ്യങ്ങൾക്കിടയിൽ ഏറെ പിറകിൽ നിൽക്കുന്ന രാജ്യത്ത് സാധാരണക്കാർക്ക് വേണ്ടി കേരളം നടപ്പാക്കുന്ന ബദൽ നയങ്ങളെ സാമ്പത്തികമായി ബുദ്ധിമുട്ടിച്ച് ഇല്ലാതാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള എൻജിഒ യൂണിയൻ വജ്രജൂബിലി ആഘോഷങ്ങൾ എറണാകുളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ആഗോളവത്കരണ – നവഉദാരവത്കരണ നയങ്ങൾ നടപ്പാക്കിയ കോൺഗ്രസും ആ നയങ്ങൾ ഇപ്പോൾ ആവേശത്തോടെ നടപ്പാക്കുന്ന ബി ജെ പിയും രാജ്യത്തെ സാധാരണജനങ്ങളെ കാണുന്നില്ല. കേന്ദ്രഭരണത്തിൽ ശതകോടീശ്വരൻമാർ വീണ്ടും ധനികരാകുന്നു. മഹാഭുരിപക്ഷം വരുന്ന സാധാരണ ജനങ്ങളെ പരിഗണിക്കുന്നതേയില്ല. സാധാരണ ജനങ്ങൾ തൊഴിലില്ലായ്മയും പട്ടിണിയും മൂലം കൂടുതൽ ദുരിതത്തിലാകുന്നു. ഇതിനെതിരെ ബദൽ നയങ്ങളുമായി കേരളം മുന്നോട്ടു പോകുമ്പോൾ കേന്ദ്ര സർക്കാർ അതിനെ എതിർക്കുകയാണ്.
രാജ്യത്ത് തൊഴിലില്ലായ്മ അതിരൂക്ഷമാണ്. കേന്ദ്ര സർക്കാരിന് കീഴിൽ പത്ത് ലക്ഷം തസ്തികകൾ ഒഴിഞ്ഞ് കിടക്കുന്നു, അത് നികത്താനോ ജനങ്ങൾക്ക് തൊഴിൽ ലഭ്യമാക്കാനോ കേന്ദ്ര സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ല. തൊഴിൽ ചെയ്യാവുന്ന പ്രായത്തിലുള്ള 90 കോടിയോളം ആളുകൾ ഉള്ള നാട്ടിലാണ് തൊഴിൽ നിഷേധിക്കുന്നത്. സംഘടിത തൊഴിൽ മേഖലയിലും തൊഴിലാളിവിരുദ്ധ ഇടപെടലുകളാണ് നടക്കുന്നത്. മിനിമം കൂലി, സംഘടിക്കുവാനുള്ള അവകാശം ഇതെല്ലാം ഇല്ലാതാക്കാനാണ് കേന്ദ്ര നീക്കം.
സാമൂഹ്യ പ്രതിബദ്ധതയോടെ പല കാര്യങ്ങളും നല്ല നിലയിൽ എൻജിഒ യൂണിയൻ നടപ്പാക്കുന്നുണ്ട്. സാലറി ചലഞ്ചിലടക്കം നല്ല ഇടപെടലാണ് ഉണ്ടായത്. അഴിമതി മുക്തമായ സിവിൽ സർവ്വീസ് എന്ന നിലയിൽ പ്രവർത്തിക്കാൻ എൻജിഒ യൂണിയന് മാത്രമേ കഴിയൂ. വലതുപക്ഷ സർക്കാരുകൾ അധികാരത്തിൽ ഉണ്ടായിരുന്ന കാലത്ത് വലിയ പ്രശ്നങ്ങൾ സർവീസ് മേഖലയ്ക്ക് നേരിടേണ്ടി വന്നു. സർവ്വീസ് മേഖലയിലെ ജീവനക്കാരേയും പൊതു ജനങ്ങളെയും ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾ വിവിധ ഘട്ടങ്ങളിൽ നടന്നിട്ടുണ്ട്.
കേരളത്തിലെ സിവിൽ സർവ്വീസ് മറ്റേതു സംസ്ഥാനത്തേക്കാളും സംതൃപ്തമാണ്. എന്നാൽ ആ സംതൃപ്തി പ്രകടിപ്പിക്കേണ്ടത് ജനങ്ങൾക്ക് നൽകുന്ന സേവനത്തിലൂടെയാണ്. മറ്റ് പല സംസ്ഥാനങ്ങളും ശമ്പളം മരവിപ്പിക്കുകയോ വെട്ടിക്കുറയ്ക്കുകയോ ചെയ്തപ്പോൾ കേരളം ശമ്പളപരിഷ്ക്കരണം നടപ്പാക്കി. സിവിൽ സർവീസിൽ കാര്യശേഷി ഇനിയും ഉയരേണ്ടതുണ്ടെന്നും അതിന് കൂട്ടായ പരിശ്രമം ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.