ഇന്ത്യാ മഹാരാജ്യത്തിൻ്റെ 40 ശതമാനം സ്വത്തും ഒരു ശതമാനത്തിൻ്റെ കൈയ്യിലെന്ന് ഒക്സ്ഫാം പഠനറിപ്പോർട്ട്. എന്നാൽ കോടീശ്വരന്മാരായ പത്ത് ശതമാനം അടച്ച ജിഎസ്ടി തുക മൂന്ന് ശതമാനം മാത്രം. നരേന്ദ്രമോദി സർക്കാരിൻ്റെ കോർപറേറ്റ് പ്രീണനത്തിൻ്റെ ആഴം വ്യക്തമാക്കുന്നതാണ് ഒക്സ്ഫാം കണക്കുകൾ.
സർവൈവൽ ഓഫ് ദ റിച്ചസ്റ്റ് എന്ന പേരിൽ ഒക്സ്ഫാം പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇന്ത്യൻ ജനതയ്ക്കിടയിലെ അസമത്വത്തിൻ്റെ കാഠിന്യം വ്യക്തമാക്കുന്ന കണക്കുകൾ. പഠനപ്രകാരം ഇന്ത്യയിലെ ശതകോടീശ്വരന്മാരായ ഒരുശതമാനത്തിൻ്റെ കൈയിലാണ് രാജ്യത്തിൻ്റെ നാൽപത് ശതമാനം സ്വത്തും. എന്നാൽ സാമ്പത്തികാടിത്തട്ടിൽ കഴിയുന്ന, ജനസംഖ്യയുടെ മറുപകുതിക്കായി അവശേഷിക്കുന്നത് മൂന്ന് ശതമാനം സ്വത്ത് മാത്രം. കോവിഡ് പ്രതിസന്ധി ആരംഭിച്ചത് മുതൽ ഇതുവരെയുള്ള കണക്കുകൾ പരിശോധിച്ചാൽ 121 ശതമാനത്തിൻ്റെ വർധനയാണ് ഇന്ത്യയിലെ കോടീശ്വരന്മാരുടെ ആസ്തിയിൽ ഉണ്ടായിട്ടുള്ളത്. ദിനംപ്രതി 3608 കോടിയുടെ വർധനവ്. എന്നാൽ മൂന്നിൽ രണ്ട് ജിഎസ്ടി അടച്ചത് പാവപ്പെട്ട അമ്പത് ശതമാനമാണെന്നതാണ് ഞെട്ടിക്കുന്ന കണക്കുകളുടെ മറുപുറം. പത്ത് ശതമാനം പണക്കാർ അടച്ചതോ മൂന്ന് ശതമാനം ജിഎസ്ടി മാത്രം. സംഘപരിവാർ സർക്കാർ വിരലിലെണ്ണാവുന്ന കോർപറേറ്റുകളുടെ സർക്കാരായി പ്രവർത്തിക്കുന്നുവെന്ന വിമർശനം ശരിവയ്ക്കുകയാണ് ഒക്സ്ഫാം റിപ്പോർട്ട്. ഒക്സ്ഫാമിൻ്റെ വാർഷിക റിപ്പോർട്ടിൽ രാജ്യത്ത് തുടരുന്ന ജാതി, ലിംഗപരമായ അസമത്വവും പ്രതിപാദിക്കുന്നുണ്ട്.
നിലവിൽ ഇന്ത്യൻ അടിസ്ഥാനവർഗജനത നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം നിർദേശിക്കാൻ തക്കതാണ് റിപ്പോർട്ടിലെ കണക്കുകൾ. രാജ്യത്തെ ഏറ്റവും പണക്കാരായ പത്ത് പേർക്ക് മേൽ അഞ്ച് ശതമാനം മാത്രം നികുതി ചുമത്തിയാൽ മുഴുവൻ ഇന്ത്യൻ ബാല്യത്തെയും സ്കൂളിലെത്തിക്കാൻ കഴിയും. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഗൗതം അദാനിക്ക് മാത്രം നൽകിയ ഒരു ലക്ഷത്തി എഴുപത്തിയൊമ്പതിനായിരം കോടി രൂപയുടെ നികുതിയിളവ് 50 ലക്ഷം പ്രൈമറി അധ്യാപകർക്ക് ശമ്പളം നൽകാൻ തികഞ്ഞേനെ. ഇന്ത്യയിലെ കോടീശ്വരന്മാർ ഒറ്റത്തവണയായി രണ്ട് ശതമാനമെങ്കിലും നികുതി അടച്ചിരുന്നെങ്കിൽ ജനതയുടെ പോഷകാഹാരക്കുറവ് പരിഹരിക്കാനാകുമായിരുന്നു എന്നും പഠനം ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രതിസന്ധിക്ക് പരിഹാരമാർഗം എളുപ്പമാണെന്നിരിക്കെ മോദി സർക്കാരിന്റെ താത്പര്യം എന്താണെന്നതാണ് ഇന്ത്യൻ ജനത ഉയർത്തുന്ന ചോദ്യം.