തിരുവനന്തപുരം: ഇന്ത്യ – ശ്രീലങ്ക ഏകദിന ക്രിക്കറ്റ് പരമ്പരയുടെ മൂന്നാമത് മത്സരത്തിൽ കാണികൾ കുറഞ്ഞതിൻ്റെ പേരിൽ സംസ്ഥാന സർക്കാരിനെ ആക്രമിക്കാനിറങ്ങിയ മാധ്യമ -പ്രതിപക്ഷ പ്രചാരവേല ചീറ്റി. കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന മത്സരം കാണാൻ ആളെത്താത്തത് കായിക മന്ത്രിയുടെ പ്രതികരണം കൊണ്ടാണെന്നു വരുത്താൻ മാധ്യമങ്ങൾ മത്സരിച്ചു. ഇതേറ്റു പിടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെ മന്ത്രിയെയും സംസ്ഥാന സർക്കാരിനെയും പഴിച്ച് രംഗത്തെത്തി. ഉയർന്ന ടിക്കറ്റ് നിരക്ക് ചുമത്തിയത് സർക്കാരാണെന്ന് ചിത്രീകരിച്ചു. പാവപ്പെട്ടവർ കളി കാണേണ്ടെന്നാകും ക്രിക്കറ്റ് അസോസിയേഷൻ്റെ നിലപാടെന്ന് കായികമന്ത്രി പറഞ്ഞത് വളച്ചൊടിച്ച് മന്ത്രിയെയും സർക്കാരിനെയും ആക്ഷേപിച്ചു.
ശ്രീലങ്കയുമായുള്ള മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്പരയാണ് കാര്യവട്ടത്തു നടന്നത്. നേരത്തേ തന്നെ രണ്ടു കളികളും ഇന്ത്യ ജയിചതോടെ മൂന്നാം മത്സരത്തിന് പ്രസക്തി ഉണ്ടായിരുന്നില്ല. ക്രിക്കറ്റ് പ്രേമികൾക്ക് കാര്യവട്ടത്തെ മത്സരത്തിൽ വലിയ താൽപര്യം കാണിച്ചില്ലെന്നതാണ് യാഥാർഥ്യം. നിലവിൽ ഐസിസി റാങ്കിംഗിൽ ശ്രീലങ്ക എട്ടാമതാണ്. പേരു കേട്ട കളിക്കാരും ശ്രീലങ്കൻ ടീമിൽ ഉണ്ടായിരുന്നില്ല. കാര്യവട്ടത്തെ മത്സരം ശ്രീലങ്കൻ ടീമിൻ്റെ ദൗർബല്യം വീണ്ടും തെളിയിക്കുകയും ചെയ്തു. ട്വന്റി 20 കാണുന്നതു പോലെ ഏകദിന മത്സരങ്ങൾക്ക് ഇപ്പോൾ കാണികൾ വരാറില്ല. കടുത്ത വെയിലും പ്രതികൂലമായി. കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് പറഞ്ഞത് ശബരിമല സീസണും പൊങ്കലും സിബിഎസ്ഇ പരീക്ഷയും കാണികൾ കുറയാൻ ഇടയാക്കിയെന്നാണ്.
ക്രിക്കറ്റ് മത്സരങ്ങളുടെ ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നത് അതാത് സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളാണ്. മത്സരത്തിനാവശ്യമായ സൗകര്യങ്ങളും സംവിധാനവും ഒരുക്കുന്ന ചുമതല മാത്രമാണ് സർക്കാരിനുള്ളത്. ഇന്ത്യൻ ടീമിൻ്റെ മത്സരങ്ങൾ പൂർണമായും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിൻ്റെ നിയന്ത്രണത്തിലാണ് നടക്കുന്നത്. ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നതിൽ സംസ്ഥാന സർക്കാരിന് ഒരു പങ്കുമില്ല. ഉയർന്ന ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ സർക്കാർ ആവശ്യപ്പെട്ടെങ്കിലും അനുകൂല നടപടി ഉണ്ടായില്ല. ഇതേക്കുറിച്ച് പാവപ്പെട്ടവർ കളി കാണേണ്ടെന്നാകും ക്രിക്കറ്റ് അസോസിയേഷൻ്റെ നിലപാടെന്നു സൂചിപ്പിച്ചതിനെയാണ് പട്ടിണിക്കാർ കളി കാണേണ്ടെന്ന് മന്ത്രി പറഞ്ഞതായി പ്രചരിപ്പിച്ചത്.
വിനോദ നികുതി ചുമത്തിയതാണ് ടിക്കറ്റ് നിരക്ക് കൂടാൻ കാരണമെന്നും മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നു. ഗ്രീൻ ഫീൽഡിൽ കളി നടക്കുമ്പോൾ കോർപറേഷന് 50 ശതമാനം വരെ വിനോദ നികുതി ചുമത്താം. തിരൂവനന്തപുരം കോർപറേഷൻ ചുമത്തിയത് 24 ശതമാനമാണ്. ഇതേക്കുറിച്ച് അപ്പീൽ വന്നതിൻ്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ഇടപെട്ട് 12 ശതമാനമായി കുറച്ചു. ഇതിനെയാണ് സംസ്ഥാന സർക്കാരിനെ കടന്നാക്രമിക്കാൻ ആയുധമാക്കിയത്. ടിക്കറ്റ് നിരക്ക് തീരുമാനിക്കുന്നത് ക്രിക്കറ്റ് അസോസിയേഷനാണെന കാര്യം മാധ്യമങ്ങളും പ്രതിപക്ഷവും മറച്ചു പിടിച്ചു.
കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ വൻകിട മെട്രൊ നഗരങ്ങളിലെ സ്റ്റേഡിയങ്ങളെക്കാൾ വളരെ ഉയർന്ന നിരക്കാണ് ക്രിക്കറ്റ് അസോസിയേഷൻ നിശ്ചയിക്കുന്നത്. കൊൽക്കത്തയിൽ നടന്ന രണ്ടാം ഏകദിനത്തിന് 650 രൂപയായിരുന്നു കുറഞ്ഞ നിരക്ക്. ട്വന്റി 20 മത്സരത്തിന് മുംബൈയിൽ 700 രൂപയും പൂണെയിൽ 800 രൂപയുമായിരുന്നു. ന്യൂസിലാന്റിനെതിരെ ഹൈദരാബാദിൽ നടക്കാൻ പോകുന്ന ഏകദിനത്തിന് 850 രൂപയാണ് നിരക്ക്. എന്നാൽ കേരളത്തിൽ നിരക്ക് കുറക്കാൻ അസോസിയേഷൻ തയ്യാറാകുന്നില്ല.
അതേസമയം കളിയും കളിക്കാരും കാണികളുമാണ് പ്രധാനമെന്നും അവർക്കൊപ്പമാണ് സർക്കാരെന്നും കായിക മന്ത്രി വി. അബ്ദുറഹിമാൻ വ്യക്തമാക്കി. സർക്കാരിനെതിരായ കള്ള പ്രചാരവേല പൊളിഞ്ഞപ്പോൾ മാധ്യമങ്ങൾ കായിക മന്ത്രിയെ പഴിചാരുകയാണെന്ന് തദ്ദേശ മന്ത്രി എം ബി രാജേഷ് പറഞ്ഞു. സർക്കാർ നിരക്ക് കൂട്ടിയെന്നും താങ്ങാനാവാത്തതിനാൽ കാണികൾ വന്നില്ലെന്നുമാണ് മാധ്യമങ്ങൾ പ്രചരിപ്പിച്ചത്. ഇത് പച്ചക്കള്ളമാണെന്ന് തെളിഞ്ഞു. കള്ളം പ്രചരിപ്പിച്ച മാധ്യമങ്ങൾ തങ്ങൾക്ക് തെറ്റു പറ്റിയെന്ന് സമ്മതിക്കുമോയെന്ന് മന്ത്രി ചോദിച്ചു.