തിരുവനന്തപുരം: ജനുവരി 17 ദേശീയ വിരവിമുക്ത ദിനാചരണത്തിൻ്റെ ഭാഗമായി സംസ്ഥാനത്തെ ഒന്ന് മുതൽ 19 വയസു വരെ പ്രായമുള്ള എല്ലാ കുട്ടികൾക്കും വിരനശീകരണത്തിനുള്ള ആൽബൻഡസോൾ ഗുളിക നൽകുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. കൊക്കപ്പുഴു ഉൾപ്പെടെയുള്ള വിരകളെ നശിപ്പിക്കുവാൻ ആൽബൻഡസോൾ ഗുളിക ഫലപ്രദമാണ്. ആറുമാസത്തിലൊരിക്കൽ വിര നശീകരണത്തിനായി ആൽബൻഡസോൾ കഴിക്കുന്നത് വിളർച്ച തടയുകയും കുട്ടികളുടെ ശാരീരിക വളർച്ച ഉറപ്പാക്കുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.
ഒന്ന് മുതൽ 19 വയസുവരെയുള്ള കുട്ടികൾക്ക് സ്കൂളുകളിലും അങ്കണവാടികളിലും വച്ചാണ് ആൽബൻഡസോൾ ഗുളിക വിതരണം ചെയ്യുന്നത്. ഒരുവയസു മുതൽ 2 വയസു വരെയുള്ള കുട്ടികൾക്ക് അര ഗുളിക (200 മി.ഗ്രാം)യും 2 മുതൽ 3 വയസു വരെയുള്ള കുട്ടികൾക്ക് ഒരു ഗുളിക (400 മി.ഗ്രാം)യും തിളപ്പിച്ചാറ്റിയ വെള്ളത്തിൽ അലിയിച്ച് കൊടുക്കണം. 3 മുതൽ 19 വരെ പ്രായമുള്ള കുട്ടികൾ ഒരു ഗുളിക (400 മി.ഗ്രാം) ഒരു ഗ്ലാസ് തിളപ്പിച്ചാറ്റിയ വെള്ളത്തോടൊപ്പം ചവച്ചരച്ച് കഴിക്കണം. ഉച്ച ഭക്ഷണത്തിനു ശേഷമാണ് ഗുളിക കഴിക്കേണ്ടത്. അസുഖങ്ങൾ ഉള്ളവരും മറ്റ് മരുന്ന് കഴിക്കുന്ന കുട്ടികളും ഗുളിക കഴിക്കേണ്ടതില്ല. കുട്ടികൾ ആൽബൻഡസോൾ ഗുളികകൾ കഴിച്ചു എന്ന് മാതാപിതാക്കളും, അധ്യാപകരും ഉറപ്പാക്കണം. ജനുവരി 17ന് ഗുളിക കഴിക്കാൻ കഴിയാത്തവർ ജനുവരി 24ന് ഗുളിക കഴിക്കണമെന്ന് മന്ത്രി അറിയിച്ചു.