തിരുവനന്തപുരം: കേന്ദ്ര സർക്കാരിൻ്റെ ജന ദ്രോഹ നിലപാടുകൾക്കും വർഗീയതക്കുമെതിരെ ഫെബ്രുവരി 20 മുതൽ മാർച്ച് 18 വരെ പ്രചരണ ജാഥ സംഘടിപ്പിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കാസർകോട്ട് നിന്ന് തുടങ്ങി തിരുവനന്തപുരത്ത് അവസാനിക്കുന്നതാണ് ജാഥ. കേന്ദ്ര സർക്കാറിൻ്റെയും ആർഎസിഎസിൻ്റെയും വർഗീയ നിലപാടുകൾക്കെതിരെ ജനമുന്നേറ്റം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. സിഎസ് സുജാത, പി കെ ബിജു, എം സ്വരാജ്, കെ ടി ജലീൽ എന്നിവരാണ് ജാഥ അംഗങ്ങൾ.
പാർട്ടിയിൽ വിഭാഗീയത ഇല്ല. പാർട്ടിയുടെ മുന്നിൽ വരുന്ന എല്ലാ കേസും പരിശോധിച്ച് നടപടിയെടുക്കുമെന്നും തെറ്റായ ഒരു നടപടിക്കും പാർട്ടി കൂട്ടുനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ഭരണത്തിൽ വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവ വർധിച്ചു വരികയാണെന്നും ഹിന്ദുക്കൾ യുദ്ധം തുടരണമെന്ന മോഹൻ ഭാഗവതിൻ്റെ പ്രസ്താവന ഭയപ്പെടുത്തുന്നതാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. പാർട്ടിയുടെ ഗൃഹസന്ദർശന പരിപാടി വലിയ വിജയമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.