ന്യൂഡൽഹി: തമിഴ്‌നാട് ഗവർണർ ആർ എൻ രവിയുടെ ഭരണഘടനവിരുദ്ധ നടപടികൾ അംഗീകരിക്കാനാവില്ലെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ. നയപ്രഖ്യാപനത്തിനായി സംസ്ഥാന സർക്കാർ തയ്യാറാക്കിയ പ്രസംഗത്തിൻ്റെ ചില ഭാഗങ്ങൾ ഗവർണർ നിയമസഭയിൽ വായിക്കാതെ വിട്ടുകളഞ്ഞത് അനുചിതമാണ്. തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരിൻ്റെ ശബ്ദമായാണ് ഗവർണർ പ്രവർത്തിക്കേണ്ടതെന്ന ഭരണഘടനാ തത്വം ഗവർണർ രവി നിർലജ്ജം ലംഘിച്ചു. സംസ്ഥാന സർക്കാർ തയ്യാറാക്കുന്ന പ്രസംഗം അതേപടി ഗവർണർ വായിക്കണമെന്നത് ദീർഘകാലമായി തുടരുന്ന കീഴ്വഴക്കമാണ്. ഗവർണർ മുൻകൂട്ടി അംഗീകരിച്ച പ്രസംഗ ഉള്ളടക്കത്തിന്റെ ഭാഗങ്ങളാണ് അദ്ദേഹം വായിക്കാതെ വിട്ടത്.
തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളുടെ അധികാരപരിധിയിൽ വരുന്ന ക്രമസമാധാനപാലന മേഖലയിൽ സർക്കാരിൻ്റെ പ്രവർത്തനം മികച്ചതാണെന്ന് സാക്ഷ്യപ്പെടുത്തുന്നതിൽ അദ്ദേഹത്തിനുള്ള വിരോധം ഈ വിട്ടുകളയൽ വ്യക്തമാക്കുന്നു. തമിഴ്നാട്ടിലെ സാമൂഹിക പരിഷ്‌കരണ മേഖലയിലെ പ്രമുഖരെക്കുറിച്ചുള്ള ഭാഗങ്ങളും ഗവർണർ ഒഴിവാക്കി.
സംസ്ഥാന സർക്കാരുകളുടെ ഭരണഘടനപരമായ പങ്ക് അട്ടിമറിക്കാനും ഫെഡറൽ സംവിധാനം ദുർബലപ്പെടുത്താനും അധികാര കേന്ദ്രീകരണത്തിനും ഗവർണർ സ്ഥാനം ഉപയോഗിച്ച് ബിജെപി സർക്കാർ നടത്തുന്ന ആവർത്തിച്ചുള്ള നീക്കങ്ങളുടെ മാതൃക കൂടിയാണ് ഗവർണർ രവിയുടെ നടപടിയെന്ന് പൊളിറ്റ്ബ്യൂറോ ചൂണ്ടിക്കാട്ടി.