കാസർഗോഡ് ജില്ലയിലെ പൊതുജനാരോഗ്യ മേഖലയിലെ ചികിത്സാ സംവിധാനത്തിൽ സുപ്രധാന ചുവടുവെപ്പുമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി കാത്ത് ലാബിൽ ആൻജിയോപ്ലാസ്റ്റി നടത്തി. കാഞ്ഞങ്ങാട് ചാമുണ്ഡിക്കുന്ന് സ്വദേശിയായ 60 വയസുകാരനാണ് ആൻജിയോ പ്ലാസ്റ്റിയിലൂടെ ജീവിതം തിരിച്ചു കിട്ടിയത്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്.
കാസർഗോഡ് ജില്ലയെ സംബന്ധിച്ച് ഇത് വലിയ നേട്ടമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. 8 കോടി രൂപ ചെലവഴിച്ചാണ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ കാത്ത് ലാബ് സജ്ജമാക്കിയത്. നിലവിൽ കാത്ത് ലാബ് സിസിയുവിൽ 7 കിടക്കകളാണ് സജ്ജമാക്കിയിട്ടുള്ളത്. എൻഡോസൾഫാൻ ദുരിതബാധിതരുൾപ്പെടെയുള്ളവരുടെ ചികിത്സയ്ക്ക് കാസർഗോഡ് ആദ്യമായി ന്യൂറോളജിസ്റ്റുകളുടെ തസ്തിക സൃഷ്ടിച്ച് അവരുടെ സേവനം ലഭ്യമാക്കി. ന്യൂറോളജി ചികിത്സയ്ക്കുള്ള പരിശോധനയ്ക്കായി ഇഇജി സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്.