കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സ്കൂൾ ഉച്ചഭക്ഷണത്തിൽ പാമ്പിനെ കണ്ടെത്തി. ബിർഭും ജില്ലയിലാണ് സംഭവം. ജില്ലയിലെ മയൂരേശ്വര് ബ്ലോക്കിലെ പ്രൈമറി സ്കൂളിലെ 30 ഓളം വിദ്യാർത്ഥികൾക്ക് തിങ്കളാഴ്ച വിളമ്പിയ ഉച്ചഭക്ഷണത്തിലാണ് പാമ്പിനെ കണ്ടെത്തിയത്. ഭക്ഷണം കഴിച്ച നിരവധി സ്കൂൾ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തിങ്കളാഴ്ച ഉച്ചയ്ക്ക് സ്കൂളിൽ നൽകിയ ഭക്ഷണം കഴിച്ച കുട്ടികൾ ഛർദ്ദിച്ച് അവശനിലയിലാകുകയായിരുന്നു. പരിശോധനയിൽ ഭക്ഷണം സൂക്ഷിച്ചിരുന്ന പാത്രങ്ങളിലൊന്നിൽ പാമ്പിനെ കണ്ടെത്തി. ഉടൻ തന്നെ കുട്ടികളെ സമീപത്തുള്ള രാംപൂർഘട്ട് മെഡിക്കൽ കോളേജിലെത്തിച്ചു.
എന്നാൽ ഉച്ചഭക്ഷണം കഴിച്ച് കുട്ടികൾക്ക് തുടർച്ചയായി രോഗം വരുന്നതായി നിരവധി ഗ്രാമങ്ങളിൽ നിന്ന് പരാതി ലഭിച്ചിട്ടുണ്ടെന്ന് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ ദിപാഞ്ജൻ ജന മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരാൾ ഒഴികെ എല്ലാ കുട്ടികളും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ഒരാൾ അപകടനില തരണം ചെയ്തുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സ്കൂളിനെതിരെ വൻതോതിലുള്ള പ്രതിഷേധങ്ങളാണ് ഉയരുന്നത്. പ്രധാനാധ്യാപകനെ രക്ഷിതാക്കൾ തടഞ്ഞുവെക്കുകയും അദ്ദേഹത്തിന്റെ ബൈക്ക് അടിച്ചു തകർക്കുകയും ചെയ്തിരുന്നു. അധ്യാപകരുടെയും പാചകക്കാരുടെയും അനാസ്ഥയാണ് സംഭവത്തിന് പിന്നിലെന്ന് രക്ഷിതാക്കൾ ആരോപിച്ചു. ഉത്തരവാദികളായവർക്കെതിരെ നടപടി വേണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു.