കോഴിക്കോട്: കലയെ കാരുണ്യത്തിനുള്ള ഉപാധിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 61-മത് സ്കൂൾ കലോത്സവം കോഴിക്കോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. വിജയിക്കൽ അല്ല പങ്കെടുക്കലാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. കലോത്സവം വൈവിധ്യങ്ങളുടെ പരിച്ഛേദമാണ്. അന്യം നിന്നു പോകുന്ന കലകൾ സംരക്ഷിക്കാൻ മേളയ്ക്ക് കഴിയും. വാണിജ്യവത്കരണത്തിൽ കലകളുടെ പല മൂല്യങ്ങളും ഇല്ലാതായി. ജാതിക്കും മതത്തിനും അതീതമാണ് കല. കുട്ടികൾ മുതിർന്നവർക്ക് മാതൃകയാവണം. സ്നേഹം കൊണ്ട് എല്ലാവരെയും ഒരുമിപ്പിക്കണമെന്നും കലയെ കാരുണ്യത്തിനുള്ള ഉപാധിയാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അഞ്ചുനാൾ നീളുന്ന കലോത്സവത്തിനാണ് ഇന്ന് തുടക്കം കുറിച്ചത്. മുഖ്യവേദിയായാ അതിരാണിപാടത്ത് (വിക്രം മെെതാനം)രാവിലെ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻബാബു പതാക ഉയർത്തി. 50 മിനിറ്റ് നീണ്ട ദൃശ്യവിസ്മയത്തിനും സ്വാഗതഗാനത്തിനും ശേഷം ഉദ്ഘാടനചടങ്ങുകൾ ആരംഭിച്ചു. നടി ആശ ശരത് വിശിഷ്ടാതിഥിയായി.