മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ ശ്രമിച്ച 19 വയസ്സുകാരിയെ പിടികൂടിയത് പോലീസ്. ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണവുമായി കാസർകോട് സ്വദേശിനി ഷഹലയാണ് പിടിയിലായത്. ദുബായിൽ നിന്നെത്തിയ ഷഹല ഉൾവസ്ത്രത്തിൽ തുന്നിച്ചേർത്ത് 1,884 ഗ്രാം സ്വർണം കടത്താൻ ശ്രമിക്കവെയാണ് ഇവർ പിടിയിലായത്. കസ്റ്റംസ് പരിശോധന പൂർത്തിയാക്കി പുറത്തിറങ്ങിയപ്പോൾ പോലീസ് പിടികൂടുകയായിരുന്നു.
ഇത് 87-ാമത്തെ തവണയാണ് വിമാനത്താവളത്തിനകത്ത് കസ്റ്റംസിനെ വെട്ടിച്ച് സ്വർണം പുറത്ത് കടത്താൻ ശ്രമിക്കുന്നതിനിടെ പോലീസ് പിടികൂടുന്നത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങുന്ന യാത്രക്കാരെയാണ് പോലീസ് സംഘം പ്രധാനമായും നിരീക്ഷിക്കുന്നത്. നേരത്തെ ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലോ എന്തെങ്കിലും സംശയം തോന്നിയാലോ ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യും. അടുത്തിടെ സ്വർണക്കടത്തിന് കൂട്ടുനിന്ന കസ്റ്റംസ് ഉദ്യോഗസ്ഥനെ പിടികൂടിയതും പോലീസിൻ്റെ നേട്ടമായിരുന്നു. രണ്ട് യാത്രക്കാർ വിദേശത്തുനിന്ന് കടത്തിക്കൊണ്ടുവന്ന സ്വർണം കൈമാറുന്നതിനിടെയാണ് കസ്റ്റംസ് സൂപ്രണ്ടിനെ പോലീസ് പിടികൂടിയത്.
വിമാനത്താവളത്തിനകത്ത് കസ്റ്റംസിനെ വെട്ടിച്ച് സ്വർണം പുറത്ത് എത്തിച്ചാലും കരിപ്പൂരിൽ പോലീസിൻ്റെ നിരീക്ഷണവലയമുണ്ടാകും. കഴിഞ്ഞ ജനുവരിയിൽ മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് പോലീസിൻ്റെ ഹെൽപ് ഡെസ്‌ക് ആരംഭിച്ചിരുന്നു.
ഞായറാഴ്ച രാത്രി ദുബായിൽനിന്നുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഷഹല കരിപ്പൂരിലെത്തിയത്. യുവതി സ്വർണം കടത്തുന്നതായി മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് നേരത്തെ രഹസ്യവിവരം ലഭിച്ചിരുന്നു. ഇതനുസരിച്ച് കസ്റ്റംസ് പരിശോധന കഴിഞ്ഞ് രാത്രി 11 മണിയോടെ വിമാനത്താവളത്തിന് പുറത്തിറങ്ങിയ യുവതിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മണിക്കൂറുകളോളം ചോദ്യംചെയ്തിട്ടും തൻ്റെ കൈയിൽ സ്വർണമില്ലെന്നായിരുന്നു ഷഹല ആദ്യം പറഞ്ഞിരുന്നത്. ഇതോടെ പോലീസ് വിശദമായ പരിശോധന നടത്തുകയായിരുന്നു. യുവതിയുടെ ലഗേജുകളായിരുന്നു ആദ്യം പരിശോധിച്ചത്. എന്നാൽ ലഗേജുകളിൽനിന്ന് സ്വർണം കണ്ടെത്താനായില്ല. തുടർന്ന് ദേഹപരിശോധന നടത്തിയതോടെയാണ് ഉൾവസ്ത്രത്തിനുള്ളിൽ അതിവിദഗ്ധമായി തുന്നിച്ചേർത്തനിലയിൽ 1.8 കിലോ സ്വർണം മിശ്രിത രൂപത്തിലാക്കി ഒളിപ്പിച്ചത് കണ്ടെത്തിയത്. മൂന്ന് പാക്കറ്റുകളിലായാണ് ഷഹല ഉൾവസ്ത്രത്തിനുള്ളിൽ സ്വർണമിശ്രിതം ഒളിപ്പിച്ചിരുന്നത്.