മുംബൈ: നാഗ്പൂരിൽ ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനെത്തിയ മലയാളി വിദ്യാർഥിനി മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മന്ത്രി വി ശിവൻകുട്ടി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയ്ക്ക് കത്തയച്ചു. കുട്ടിക്ക് മെച്ചപ്പെട്ട വൈദ്യസഹായം ലഭിച്ചില്ലെന്ന ആരോപണവും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് മന്ത്രി കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ സഹകരണവും കേരള സർക്കാരിൻ്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്നും മന്ത്രി കത്തിൽ അറിയിച്ചു.
നേരത്തെ നിദ ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ആവശ്യപ്പെട്ട് ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് എ.എം ആരിഫ് എംപി നോട്ടീസ് നൽകിയിരുന്നു. ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്നും നാഗ്പൂരിലെത്തിയ നിദ ഇന്നലെയാണ് മരിച്ചത്. ‘കേരളത്തിൻ്റെ മത്സരാർഥികളെ ആട്ടിയോടിക്കാൻ ശ്രമം നടത്തിയെന്നും മരണത്തിൽ അടിയന്തര അന്വേഷണം നടത്തണമെന്നും എ എം ആരിഫ് എംപി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിണ്ടേയ്ക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. താമസവും ഭക്ഷണവും അടക്കമുള്ള അടിസ്ഥാനസൗകര്യങ്ങൾ പോലും നൽകാൻ ഫെഡറേഷൻ തയാറാകാതിരുന്നതിൽ എംപി പ്രതിഷേധിച്ചു.
നിദ ഫാത്തിമയുടെ മരണം; ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി എ.എം ആരിഫ് എംപി