ദില്ലി: ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ നാഗ്പൂരിലെത്തിയ കേരളാ താരം പത്ത് വയസുകാരി നിദ ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ആവശ്യപ്പെട്ട് ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ്. എ.എം ആരിഫ് എംപിയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്. ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്നും നാഗ്പൂരിലെത്തിയ നിദ ഇന്നലെയാണ് മരിച്ചത്.
‘കേരളത്തിൻ്റെ മത്സരാർഥികളെ ആട്ടിയോടിക്കാൻ ശ്രമം നടത്തിയെന്നും മരണത്തിൽ അടിയന്തര അന്വേഷണം നടത്തണമെന്നും എ എം ആരിഫ് എംപി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിണ്ടേയ്ക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. താമസവും ഭക്ഷണവും അടക്കമുള്ള അടിസ്ഥാനസൗകര്യങ്ങൾ പോലും നൽകാൻ ഫെഡറേഷൻ തയാറാകാതിരുന്നതിൽ എംപി പ്രതിഷേധിച്ചു.
നിദ ഫാത്തിമയുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. മരണത്തിൽ ദുരൂഹത ഉയർന്ന പശ്ചാത്തലത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടും നിർണായകമാകും. നിദയുടെ പിതാവ് ശിഹാബ് ഇന്നലെ രാത്രി നാഗ്പൂരിൽ എത്തിയിരുന്നു.നടപടികൾ പൂർത്തിയാക്കി ഇന്ന് വൈകിട്ടോടെ നിദയുടെ മൃതദേഹം നാട്ടിൽ എത്തിക്കും.