കൊച്ചി: തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. മുൻ കൗൺസിലർ ജി.എസ് സുനിൽ കുമാർ നൽകിയ ഹർജിയാണ് തള്ളിയത്. മേയറുടെ നടപടി സ്വജനപക്ഷപാതമാണെന്നും സത്യപ്രതിജ്ഞാ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി.
വിവാദ കത്തിന്മേലുള്ള ആരോപണം മേയർ ആര്യാ രാജേന്ദ്രൻ നlഷേധിച്ചതായും നിഗൂഢമായ കത്തിൻ്റെ പേരിൽ കൂടുതൽ അന്വേഷണം ആവശ്യമില്ലെന്നുമായിരുന്നു സർക്കാരിൻ്റെ വാദം. കേസിൽ ക്രൈംബ്രാഞ്ച് 10 പേരുടെ മൊഴികളും ശേഖരിച്ചിട്ടുണ്ട്. ആരോപണം തെളിയിക്കത്തക്ക തെളിവുകൾ ഹർജിക്കാരൻ്റെ പക്കലില്ലെന്നും സർക്കാരിനു വേണ്ടി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. തൻ്റെ പേരിലുള്ള കത്ത് വ്യാജമെന്ന് നേരത്തെ മേയർ ആര്യാ രാജേന്ദ്രനും കോടതിയിൽ മറുപടി നൽകിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ സിബിഐ അന്വേഷണം ഇപ്പോൾ ആവശ്യമില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഹർജി തള്ളിയത്.