ന്യൂഡൽഹി: ഭീമാകോറേഗാവ് കേസിൽ എൻ.ഐ.എ അറസ്റ്റ് ചെയ്ത ഫാ. സ്റ്റാൻ സ്വാമിയെ കുടുക്കിയതാണെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് പുറത്തുവരുന്നത്. അമേരിക്കൻ ഫോറൻസിക് സംഘമായ ആർസണൽ കൺസൽട്ടിംഗ് നടത്തിയ പഠനത്തിലാണ് സ്റ്റാൻ സ്വാമിയെ ബോധപൂർവ്വം ഭീമാകോറേഗാവ് കേസിൽ കുടുക്കിയതാണെന്ന കണ്ടെത്തൽ. സ്റ്റാൻ സ്വാമിയുടെ ലാപ് ടോപ്പിൽ ഒരു ഹാക്കർ വഴി 44 കത്തുകൾ ലോഡ് ചെയ്യുകയായിരുന്നുവെന്നാണ് വെളിപ്പെടുത്തൽ.
ബോസ്റ്റൺ ആസ്ഥാനമായ ആർസണൽ കൺസൾട്ടിങ് ഏജൻസിയുടെ പരിശോധനാ റിപ്പോർട്ട് ‘ദി വാഷിങ്ടൺ പോസ്റ്റ്’ പുറത്തുവിട്ടു. സ്റ്റാൻ സ്വാമിയുടെ അഭിഭാഷകരാണ് ഇലക്ട്രോണിക് തെളിവുകളുടെ നിജസ്ഥിതി പരിശോധിക്കാൻ ഇവരുടെ സഹായം തേടിയത്. ഭീമ കൊറേഗാവ് കേസിൽ എൻഐഎ അറസ്റ്റ് ചെയ്ത സ്റ്റാൻ സ്വാമി കസ്റ്റഡിയിൽ കഴിയവെ രോഗം ബാധിച്ച് കഴിഞ്ഞവർഷം ജൂലൈയിലാണ് മരിച്ചത്.
സ്റ്റാൻ സ്വാമിയുടെ കംപ്യൂട്ടർ 2014 മുതൽ അഞ്ചു വർഷം സൈബർ നുഴഞ്ഞുകയറ്റത്തിന് വിധേയമായെന്ന് റിപ്പോർട്ടിലുണ്ട്. മാവോയിസ്റ്റ് ബന്ധം ‘തെളിയിക്കുന്ന’ 44 രേഖ ലാപ്ടോപ്പിൽനിന്ന് കിട്ടിയെന്നാണ് എൻഐഎ ആരോപിച്ചത്. എന്നാൽ, ഇവ അദ്ദേഹം ഒരിക്കൽപ്പോലും തുറന്നിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
2018ൽ മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവ് ഗ്രാമത്തിൽ ദളിതർ സവർണ്ണ സൈന്യത്തെ പരാജയപ്പെടുത്തിയ ചരിത്രപരമായ പോരാട്ടത്തിന്റെ സ്മരണയ്ക്കായി നിരവധി ദലിതർ 2018ൽ ഒത്തുകൂടിയിരുന്നു. അന്ന് 15 പേർക്കൊപ്പം ചേർന്ന് കലാപം അഴിച്ചുവിടാനുള്ള ഗൂഢാലോചനയുടെ ഭാഗമായി സ്വാമി പ്രവർത്തിച്ചു എന്നാണ് എൻഐഎ അവകാശപ്പെടുന്നത്.